

ഗോൾ നേടിയ എസ്റ്റാവോയെ സഹതാരങ്ങൾ അഭിനന്ദിക്കുന്നു
കോൽക്കത്ത: സൗഹൃദ ഫുട്ബോൾ മത്സരത്തിൽ ഇന്ത്യയ്ക്കെതിരേ ഏകപക്ഷീയമായ നാല് ഗോളുകൾക്ക് വിജയിച്ച് ബ്രസീൽ. സാമുവൽ ലിനോ, എസ്റ്റാവോ വില്ലിയൻ, പെഡ്രോ എന്നിവരാണ് ബ്രസീലിനായി വല കുലുക്കിയത്. കോൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ ശനിയാഴ്ച രാത്രിയായിരുന്നു മത്സരം.
കളിയുടെ തുടക്കത്തിൽ തന്നെ ബ്രസീൽ പട നിരന്തരമായി മുന്നേറ്റം തുടങ്ങി. 28ാം മിനിട്ടിൽ എസ്റ്റാവോയിലൂടെയാണ് ആദ്യ ഗോൾ പിറന്നത്. ബോക്സിനുള്ളിൽ നിന്നുള്ള ഷോട്ടാണ് വല കുലുക്കിയത്.
പിന്നീട് 42ാം മിനിട്ടിലാണ് രണ്ടാം ഗോൾ പിറന്നത്. ഇന്ത്യയുടെ പ്രതിരോധ നിരയെ കബളിപ്പിച്ച് ബോളുമായി എത്തിയ പെഡ്രോ ഗോൾകീപ്പറെ കാഴ്ചക്കാരനാക്കി ലക്ഷ്യം കണ്ടു.
ബ്രസീലിനായി ഇരട്ട ഗോളുകളാണ് സാമുവൽ ലിനോ നേടിയത്. 58ാം മിനിട്ടിലാണ് സാമുവൽ ലിനോ ബ്രസീലിന് മൂന്നാമത്തെ ഗോൾ സമ്മാനിച്ചത്. ഇഞ്ചുറി ടൈമിൽ നാലാമത്തെ ഗോളും സാമുവൽ ലിനോ ബ്രസീലിന്‍റെ അക്കൗണ്ടിൽ എഴുതിചേർത്തു. ഇതോടെ മത്സരത്തിൽ ഇന്ത്യയ്ക്ക് പരാജയം സമ്മതിക്കേണ്ടി വന്നു.
മത്സരത്തിൽ ലഭിച്ച ഒരു കോർണർ കിക്കിലൂടെ ബ്രസീലിന്‍റെ ഗോൾ വല കുലുക്കാനുള്ള അവസരം ഇന്ത്യയ്ക്ക് ലഭിച്ചിരുന്നു. എന്നാൽ ആ സുവർണാവസരം മുതലെടുക്കാൻ ഇന്ത്യയ്ക്ക് സാധിച്ചില്ലെന്നത് നിരാശയായി മാറി.