പാക്കിസ്ഥാനെ കറക്കി വീഴ്ത്തി ഇന്ത്യൻ കൗമാരപ്പട അണ്ടർ-19 ലോകകപ്പ് സെമിയിൽ

സൂപ്പർ സിക്സിൽ പാകിസ്ഥാന്‍റെ പതനം; തന്ത്രപരമായ നീക്കങ്ങളിലൂടെ ഇന്ത്യ ഗ്രൂപ്പ് ചാമ്പ്യന്മാർ. സെമി ഫൈനലിൽ അഫ്ഗാനിസ്ഥാനെ നേരിടും.
India U-19 vs Pakistan U-19 World Cup

ക്യാപ്റ്റൻ ആയുഷ് മാത്രെയുടെ മൂന്ന് വിക്കറ്റ് പ്രകടനവും നിർണായകമായ ബൗളിങ് ചേഞ്ചുകളുമാണ് മത്സരത്തിന്‍റെ ഗതി തിരിച്ചത്.

Updated on
Summary

അണ്ടർ-19 ഏകദിന ക്രിക്കറ്റ് ലോകകപ്പ് സെമി ഫൈനലിൽ ഇന്ത്യ അഫ്ഗാനിസ്ഥാനെ നേരിടും. ബുലവായോയിലെ ബുദ്ധിമുട്ടേറിയ പിച്ചിൽ പാക്കിസ്ഥാനെതിരേ നേടിയ തന്ത്രപരമായ വിജയം ഇന്ത്യയെ ഗ്രൂപ്പ് ചാംപ്യൻമാരാക്കി. വൈഭവ് സൂര്യവംശിയും ആയുഷ് മാത്രെയും അടക്കമുള്ള സൂപ്പർ താരങ്ങൾ നിരാശപ്പെടുത്തിയിട്ടും പോരാടി നേടിയ വിജയമാണ് ഇന്ത്യയുടേത്. സ്പിൻ ബൗളിങ്ങിനെ തുണയ്ക്കുന്ന പിച്ചിൽ ഇന്ത്യൻ നായകൻ ആയുഷ് മാത്രെയുടെ ബൗളിങ്ങും ബൗളിങ് ചേഞ്ചുകളും കളിയുടെ ഗതി മാറ്റി.

ബുലവായോ (സിംബാബ്‌വെ): അണ്ടർ-19 ലോകകപ്പിലെ ആവേശകരമായ സൂപ്പർ സിക്സ് പോരാട്ടത്തിൽ പാക്കിസ്ഥാനെ തകർത്ത് ഇന്ത്യ സെമി ഫൈനലിൽ പ്രവേശിച്ചു. വിജയലക്ഷ്യമായ 253 റൺസ് 33.3 ഓവറിൽ മറികടന്നാൽ മാത്രമേ പാക്കിസ്ഥാന് സെമി യോഗ്യത നേടാനാകുമായിരുന്നുള്ളൂ.

എന്നാൽ, ഇന്ത്യൻ സ്പിന്നർമാരുടെ തന്ത്രപരമായ ബൗളിംഗിന് മുന്നിൽ പാക്കിസ്ഥാൻ പതറിപ്പോയി. 46.2 ഓവറിൽ 194 റൺസിന് അവർ ഓൾഔട്ടായതോടെ ഇന്ത്യക്ക് 58 റൺസിന്‍റെ വിജയം. ഇതോടെ പാക്കിസ്ഥാനെക്കാൾ രണ്ട് പോയിന്‍റ് ലീഡും മികച്ച റൺ റേറ്റുമായി ഇന്ത്യ ആധികാരികമായി തന്നെ സെമിയിലെത്തുകയായിരുന്നു. അഫ്ഗാനിസ്ഥാനാണ് അവിടെ എതിരാളികൾ.

ടോസ് നേടി ഫീൽഡിങ് തെരഞ്ഞെടുത്ത പാക്കിസ്ഥാൻ തുടക്കത്തിൽ ഇന്ത്യയെ സമ്മർദ്ദത്തിലാക്കിയിരുന്നു. ഒരു ഘട്ടത്തിൽ 47 റൺസിന് 3 വിക്കറ്റ് എന്ന നിലയിലായിരുന്ന ഇന്ത്യയെ വേദാന്ത് ത്രിവേദിയുടെ (68) അർധ സെഞ്ചുറിയാണ് കരകയറ്റിയത്.

20 പന്തിൽ 32 റൺസെടുത്ത വൈഭവ് സൂര്യവംശിയുടെ വിക്കറ്റാണ് ആദ്യം വീണത്. പിന്നാലെ ക്യാപ്റ്റൻ ആയുഷ് മാത്രെയും (0) മലയാളി ഓപ്പണർ ആറോൺ ജോർജും (16) മടങ്ങി. ഈ ഘട്ടത്തിലാണ് ചെറിയ കൂട്ടുകെട്ടുകളിലൂടെ വേദാന്ത് ഇന്ത്യൻ ഇന്നിങ്സിനു നങ്കൂരമിട്ടത്. 98 പന്തിൽ രണ്ടു ഫോറും ഒരു സിക്സും മാത്രം ഉൾപ്പെട്ട ക്ഷമാപൂർണമായ ഇന്നിങ്സായിരുന്നു അത്.

വാലറ്റത്ത് കനിഷ്ക് ചൗഹാനും (35), ഖിലാൻ പട്ടേലും (21) നടത്തിയ പോരാട്ടം ഇന്ത്യയെ 250 കടത്തുകയും ചെയ്തു. മറുപടി ബാറ്റിങ്ങിൽ പാക്കിസ്ഥാൻ ഭേദപ്പെട്ട തുടക്കം കുറിച്ചു. മൂന്നാം നമ്പറിൽ ഉസ്മാൻ ഖാൻ (66) അർധ സെഞ്ചുറിയും നേടി. പക്ഷേ, നായകൻ ഫർഹാൻ യൂസഫ് (38) പുറത്തായതോടെ തകർച്ച തുടങ്ങി.

അവസാന 8 വിക്കറ്റുകൾ വെറും 43 റൺസിനിടെയാണ് പാക്കിസ്ഥാന് നഷ്ടമായത്. സ്പിന്നർമാരായ ഖിലൻ പട്ടേലും ആയുഷ് മാത്രെയും മൂന്ന് വിക്കറ്റ് വീതം നേടി. 35 റൺസെടുത്തത് കൂടാതെ ഒരു വിക്കറ്റും നേടിയ കനിഷ്ക് ചൗഹാൻ പ്ലെയർ ഒഫ് ദ മാച്ച് ആയി തെരഞ്ഞെടുക്കപ്പെട്ടു.

logo
Metro Vaartha
www.metrovaartha.com