

ഇന്ത്യ അണ്ടർ-19 ടീമിന്‍റെ മധ്യനിരയിലെ വിശ്വസ്തൻ യശ്ബർധൻ ചൗഹാൻ.
രാജ്‌കോട്ട്: ഓസ്ട്രേലിയ അണ്ടർ-19 ടീമിനെതിരായ ഏകദിന പരമ്പര ഇന്ത്യ അണ്ടർ-19 തൂത്തുവാരി. രണ്ടാം മത്സരത്തിൽ 102 റൺസിന്‍റെ കൂറ്റൻ വിജയമാണ് ഇന്ത്യ നേടിയത്. 20 ഓവറായി ചുരുക്കിയ ആദ്യ മത്സരത്തിൽ ഏഴ് റൺസിനായിരുന്നു ആതിഥേയരുടെ വിജയം. ആദ്യ മത്സരത്തിൽ അർധ സെഞ്ചുറിയും രണ്ട് വിക്കറ്റും നേടിയ യശ്‌ബർധൻ ചൗഹാൻ രണ്ടാം മത്സരത്തിൽ സെഞ്ചുറിയും രണ്ട് വിക്കറ്റ് നേടി വീണ്ടും പ്ലെയർ ഒഫ് ദ മാച്ച് ആയി തെരഞ്ഞെടുക്കപ്പെട്ടു. ഇരു ടീമുകളും തമ്മിലുള്ള യൂത്ത് ടെസ്റ്റ് ചൊവ്വാഴ്ച ആരംഭിക്കും.
രണ്ടാം ഏകദിന മത്സരത്തിൽ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 341 റൺസ് എന്ന കൂറ്റൻ സ്കോർ ഉയർത്തി. ഓസ്ട്രേലിയയുടെ മറുപടി 41.1 ഓവറിൽ 239 റൺസിൽ അവസാനിക്കുകയായിരുന്നു.
ക്യാപ്റ്റൻ ലക്ഷ്യ റായ്ചന്ദാനി (29 പന്തിൽ 11) നിരാശപ്പെടുത്തിയെങ്കിലും വീരേന്ദർ സെവാഗിന്‍റെ മകൻ ആര്യവീർ സെവാഗ് (48 പന്തിൽ 47) സ്കോറിന് ഗതിവേഗം നൽകി. മൂന്നാം നമ്പറിൽ ഇറങ്ങിയ വി.കെ. വിനീതും (92 പന്തിൽ 87) നാലാം നമ്പറിൽ കളിച്ച യശ്ബർധനും (100 പന്തിൽ 122) ഒരുമിച്ച 132 റൺസിന്‍റെ കൂട്ടുകെട്ടാണ് ടീമിന് വമ്പൻ സ്കോർ ഉറപ്പാക്കിയത്.
തുടർന്നെത്തിയ കുശാഗ്ര ഓജ 20 പന്തിൽ 34 റൺസെടുത്തു. രാഹുൽ ദ്രാവിഡിന്‍റെ മകൻ അൻവയ് ദ്രാവിഡ് (8 പന്തിൽ 9) നിരാശപ്പെടുത്തി. ആദ്യ മത്സരത്തിൽ അൻവയ് 18 പന്തിൽ 38 റൺസ് അടിച്ചിരുന്നു.
മറുപടി ബാറ്റിങ്ങിൽ ഓസ്ട്രേലിയക്ക് ഓപ്പണർമാരായ ഹെയ്ഡൻ ബാർബുലോവിച് (11), നീൽ പട്ടേൽ (1) എന്നിവരെ വേഗത്തിൽ നഷ്ടമായി. തുടർന്ന് മാത്യു ലൗ (42), ക്യാപ്റ്റൻ ജാക്ക് സോസ്നെക് (81), ബ്ലേക്ക് കാറ്റിൽ (44), സെഡ് ഹോളിക് (33) എന്നിവർ പൊരുതി നോക്കിയെങ്കിലും പര്യാപ്തമായില്ല.
ഇന്ത്യക്കു വേണ്ടി മീഡിയം പേസർ ചിഗുരുപതി വെങ്കട മൂന്ന് വിക്കറ്റ് വീഴ്ത്തി. കാവ്യ പരേശ് പട്ടേലിനും യശ്ബർധനും ചൗഹാനും രണ്ട് വിക്കറ്റ് വീതം നേടിയപ്പോൾ, മോഹിത് ഉൾവ, മനാൽ ചൗഹാൻ, യശ്‌വീർ ഗൗഡ് എന്നിവർക്ക് ഓരോ വിക്കറ്റ്.