

പുറത്തായ ശേഷം ഗ‍്യാലറിയിലേക്ക് മടങ്ങുന്ന കോലി
പെർത്ത്: ഇന്ത‍്യക്കെതിരായ ഒന്നാം ഏകദിനത്തിൽ ഓസ്ട്രേലിയയ്ക്ക് 137 റൺസ് വിജയലക്ഷ‍്യം. മഴ മൂലം 26 ഓവറായി വെട്ടിചുരുക്കിയ മത്സരത്തിൽ 9 വിക്കറ്റ് നഷ്ടത്തിൽ 136 റൺസ് നേടാനെ ഇന്ത‍്യക്ക് സാധിച്ചുള്ളൂ. 38 റൺസ് നേടിയ വിക്കറ്റ് കീപ്പർ ബാറ്റർ കെ.എൽ. രാഹുലാണ് ടീമിന്‍റെ ടോപ് സ്കോറർ.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത‍്യക്ക് മോശം തുടക്കമായിരുന്നു ലഭിച്ചത്. ടീം സ്കോർ 13 റൺസിൽ നിൽക്കെ ഓപ്പണിങ് ബാറ്റർ രോഹിത് ശർമയെ നഷ്ടമായി. ജോഷ് ഹേസൽവുഡിനായിരുന്നു വിക്കറ്റ്.
പിന്നാലെയെത്തിയ വിരാട് കോലി 7 പന്തുകൾ നേരിട്ട ശേഷം കവറിലൂടെ ബൗണ്ടറി അടിക്കാനുള്ള ശ്രമം കൂപ്പർ കോണോലി കൈകളിൽ ഒതുക്കുകയായിരുന്നു. ഇതോടെ ഓസീസ് ഒരുക്കിയ ഓഫ് സൈഡ് കെണിയിൽ വീണ്ടും കോലി കുടുങ്ങി. 7 മാസങ്ങളുടെ ഇടവേളകൾ കഴിഞ്ഞ് കളിക്കുന്ന ആദ‍്യ മത്സരത്തിൽ തന്നെ നിരാശയാണ് ഇരു താരങ്ങളും ആരാധകർക്ക് സമ്മാനിച്ചത്.
ശ്രേയസ് അയ്യർ (11), ക‍്യാപ്റ്റൻ ശുഭ്മൻ ഗിൽ, (10) വാഷിങ്ടൺ സുന്ദർ (10) എന്നിവർക്കും കാര‍്യമായ പ്രകടനങ്ങൾ കാഴ്ചവയ്ക്കാനായില്ല. രാഹുലിനു പുറമെ അക്ഷർ പട്ടേലിനു മാത്രമാണ് ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കാനായത്. 38 പന്തിൽ 3 ബൗണ്ടറി ഉൾപ്പടെ താരം 31 റൺസ് നേടി.
ഓസ്ട്രേലിയക്കു വേണ്ടി ജോഷ് ഹേസൽവുഡ്, മാത‍്യു കുഹ്നെമാൻ, മിച്ചൽ ഓവൻ എന്നിവർ രണ്ടും മിച്ചൽ സ്റ്റാർക്ക്, നഥാൻ എല്ലിസ് എന്നിവർ ഒരു വിക്കറ്റ് വീതവും വീഴ്ത്തി.