

വാഷിങ്ടൺ സുന്ദർ
ഹൊബാർട്ട്: ഓസ്ട്രേലിയക്കെതിരായ മൂന്നാം ടി20 മത്സരത്തിൽ ഇന്ത‍്യക്ക് ജയം. നിശ്ചിത 20 ഓവറിൽ ഓസ്ട്രേലിയ ഉയർത്തിയ 187 റൺസ് വിജയലക്ഷ‍്യം ഇന്ത‍്യ 18.3 ഓവറിൽ 5 വിക്കറ്റ് ശേഷിക്കെ മറികടന്നു. 23 പന്തിൽ നിന്ന് 49 റൺസ് നേടിയ വാഷിങ്ടൺ സുന്ദറാണ് ഇന്ത‍്യയുടെ ടോപ് സ്കോറർ. സുന്ദറിനു പുറമെ തിലക് വർമ (29), സൂര‍്യകുമാർ യാദവ് (24), അഭിഷേക് ശർമ (25) എന്നിവർ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ഓസ്ട്രേലിയയ്ക്കു വേണ്ടി നേഥാൻ എല്ലിസ് മൂന്നും മാർക്കസ് സ്റ്റോയിനിസ്, സേവ‍്യർ ബാർട്ട്‌ലെറ്റ് എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.
വിജയലക്ഷ‍്യം മറികടകാൻ ബാറ്റേന്തിയ ഇന്ത‍്യക്ക് അഭിഷേക് ശർമ മികച്ച തുടക്കം സമ്മാനിച്ചെങ്കിലും നിലനിർത്താൻ താരത്തിനായില്ല. ടീം സ്കോർ 33റൺസിൽ നിൽക്കെ നേഥാൻ എല്ലിസ് അഭിഷേകിനെ പുറത്താക്കി. പിന്നീട് ശുഭ്മൻ ഗില്ലും സൂര‍്യകുമാർ യാദവും ചേർന്ന് ടീമിനെ 50 കടത്തിയെങ്കിലും ഇരുവരും ഉടനെ പുറത്തായതോടെ ടീം പ്രതിരോധത്തിലായി. പിന്നാലെ അക്ഷർ പട്ടേലും തിലക് വർമയും ചേർന്ന് നാലാം വിക്കറ്റിൽ റൺനില ഉയർത്തിയെങ്കിലും എല്ലിസ് അക്ഷറിനെ പുറത്താക്കികൊണ്ട് കൂട്ടുകെട്ട് തകർത്തു.
13 ഓവർ പൂർത്തിയാവുമ്പോൾ 4 വിക്കറ്റ് നഷ്ടത്തിൽ 126 റൺസെന്ന നിലയിലായിരുന്നു ഇന്ത‍്യ. എന്നാൽ വാഷിങ്ടൺ സുന്ദർ ഓസീസിനു തിരിച്ചടി നൽകിയതോടെയാണ് ടീം സ്കോർ ഉയർന്നതും ഇന്ത‍്യ വിജയത്തിലെത്തിയതും.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയ ടിം ഡേവിഡിന്‍റെ കരുത്തിലാണ് 186 റൺസ് അടിച്ചെടുത്തത്. 38 പന്തിൽ നിന്നും 8 ബൗണ്ടറിയും 5 സിക്സും ഉൾപ്പടെ 74 റൺസായിരുന്നു താരം അടിച്ചെടുത്തത്.
ടിം ഡേവിഡ് തന്നെയാണ് ടീമിന്‍റെ ടോപ് സ്കോറർ. ടിം ഡേവിഡിനു പുറമെ മാർക്കസ് സ്റ്റോയിനിസ് (64), മാത‍്യു ഷോർട്ട് (26) എന്നിവർക്ക് മാത്രമാണ് മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിച്ചത്. ക‍്യാപ്റ്റൻ മിച്ചൽ മാർഷ് അടക്കമുള്ള താരങ്ങൾ നിരാശപ്പെടുത്തി. ഇന്ത‍്യക്കു വേണ്ടി അർഷ്ദീപ് സിങ് മൂന്നും വരുൺ ചക്രവർത്തി രണ്ടും ശിവം ദുബെ ഒരു വിക്കറ്റും വീഴ്ത്തി.