ബൗളർമാരുടെ വിളയാട്ടം; ഓസ്ട്രേലിയ 181നു പുറത്ത്, ഇന്ത്യൻ ബാറ്റിങ് വീണ്ടും തകരുന്നു

പരുക്കേറ്റ ജസ്പ്രീത് ബുംറയെ സ്കാനിങ്ങിനായി ആശുപത്രിയിലേക്കു മാറ്റിയെന്ന് സൂചന, ഇന്ത്യക്ക് ആശങ്ക.
Rishabh Pant plays an outrageous shot against Australia
ഋഷഭ് പന്തിന്‍റെ ബാറ്റിങ്
Updated on

സിഡ്നി: ഓസ്ട്രേലിയക്കെതിരായ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റിൽ പേസ് ബൗളർമാരുടെ കരുത്തിൽ ഇന്ത്യയുടെ തിരിച്ചുവരവ്. ആദ്യ ദിവസം 185 റൺസിനു പുറത്തായ ഇന്ത്യ, രണ്ടാം ദിവസം ഓസ്ട്രേലിയയെ 181 റൺസിന് പുറത്താക്കി നാല് റൺസിന്‍റെ ഒന്നാം ഇന്നിങ്സ് ലീഡ് സ്വന്തമാക്കി.

എന്നാൽ, രണ്ടാം ഇന്നിങ്സിന് ഇറങ്ങിയ ഇന്ത്യൻ ബാറ്റിങ് നിര ഒരിക്കൽക്കൂടി നിരാശപ്പെടുത്തുന്ന കാഴ്ചയായിരുന്നു പിന്നീട്. 129 റൺസെടുക്കുന്നതിനിടെ ഇന്ത്യക്ക് ആറ് വിക്കറ്റ് നഷ്ടമായി. രണ്ടാം ദിവസം കളി അവസാനിപ്പിക്കുമ്പോൾ ആറ് വിക്കറ്റിന് 141 എന്ന നിലയിലാണ് ഇന്ത്യ. രവീന്ദ്ര ജഡേജയും (8) വാഷിങ്ടൺ സുന്ദറും (6) ക്രീസിൽ.

പരമ്പരയിൽ ഒമ്പതാം തവണയും വിരാട് കോലി (6) സ്ലിപ്പിൽ ക്യാച്ച് നൽകി പുറത്തായി. ഇതിനിടെ ശുഭ പ്രതീക്ഷയായത് ഋഷഭ് പന്തിന്‍റെ വെടിക്കെട്ട് അർധ സെഞ്ചുറി മാത്രം. വെറും 33 പന്ത് നേരിട്ട ഋഷഭ്, ആറ് ഫോറും നാല് സിക്സും സഹിതം 61 റൺസെടുത്ത് പുറത്തായി. 29 പന്തിൽ അമ്പത് കടന്ന ഋഷഭ്, ഇന്ത്യക്കാരന്‍റെ വേഗമേറിയ രണ്ടാമത്തെ അർധ സെഞ്ചുറിയും സ്വന്തം പേരിൽ കുറിച്ചു. ശ്രീലങ്കക്കെതിരേ 28 പന്തിൽ അർധ സെഞ്ചുറി നേടിയ ഋഷഭ് തന്നെയാണ് ഒന്നാമതും.

22 റൺസെടുത്ത യശസ്വി ജയ്സ്വാളിന്‍റേതാണ് ഇന്ത്യൻ ഇന്നിങ്സിലെ രണ്ടാമത്തെ ഉയർന്ന സ്കോർ. ഓസ്ട്രേലിയക്കു വേണ്ടി ആദ്യ ഇന്നിങ്സിൽ നാല് വിക്കറ്റ് വീഴ്ത്തിയ സ്കോട്ട് ബോലാൻഡ് രണ്ടാം ഇന്നിങ്സിലും നാല് വിക്കറ്റ് നേടിക്കഴിഞ്ഞു.

അതേസമയം, ക്യാപ്റ്റനും പരമ്പരയിലെ ഏറ്റവും മികച്ച ബൗളറുമായ ജസ്പ്രീത് ബുംറയ്ക്കു പരുക്കേറ്റത് ഇന്ത്യക്ക് ആശങ്ക പകരുന്നു. പരമ്പരയിൽ ഇതുവരെ 152 ഓവറിലേറെ എറിഞ്ഞു കഴിഞ്ഞ ബുംറയുടെ പരുക്കു ഗുരുതരമെന്നാണ് സൂചന. അദ്ദേഹത്തെ സ്കാനിങ്ങിനായി ആശുപത്രിയിലേക്കു കൊണ്ടുപോയിരിക്കുകയാണ്. മൂന്നാം സെഷനിൽ ഓരോവർ മാത്രം എറിഞ്ഞ ബുംറ മത്സരത്തിൽ ഇതുവരെ രണ്ട് വിക്കറ്റാണ് നേടിയത്.

Virat Kohli and Mohammed Siraj celebrate an Australian wicket
വിരാട് കോലിയും മുഹമ്മദ് സിറാജും വിക്കറ്റ് ആഘോഷത്തിൽ.

പരമ്പരയിൽ ആദ്യമായി പേസ് ബൗളിങ് യൂണിറ്റ് ഒന്നടങ്കം ഫോമിലായ മത്സരത്തിൽ, മുഹമ്മദ് സിറാജും പ്രസിദ്ധ് കൃഷ്ണയും മൂന്ന് വിക്കറ്റ് വീതം നേടി. പരമ്പരയിൽ പ്രസിദ്ധിന് ഇത് ആദ്യ മത്സരമാണ്. ബുംറയ്ക്കു പുറമേ നിതീഷ് കുമാർ റെഡ്ഡിയും രണ്ട് വിക്കറ്റ് വീഴ്ത്തി.

57 റൺസെടുത്ത അരങ്ങേറ്റക്കാരൻ ബ്യൂ വെബ്സ്റ്ററാണ് ഓസ്ട്രേലിയയുടെ ടോപ് സ്കോറർ. വെബ്സ്റ്ററെ കൂടാതെ ഓപ്പണർ സാം കോൺസ്റ്റാസ് (23), സ്റ്റീവൻ സ്മിത്ത് (33), വിക്കറ്റ് കീപ്പർ അലക്സ് കാരി (21), ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് (10) എന്നിവർക്കു മാത്രമാണ് രണ്ടക്ക സ്കോറുകൾ നേടാൻ സാധിച്ചത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com