സന്നാഹ മത്സരം ഇന്ത്യക്ക് അവസാന പരീക്ഷണ അവസരം

ട്വന്‍റി20 ലോകകപ്പിനു മുന്നോടിയായുള്ള ഒരേയൊരു സന്നാഹ മത്സരത്തിൽ ഇന്ത്യ ബംഗ്ലാദേശിനെ നേരിടും
സന്നാഹ മത്സരം ഇന്ത്യക്ക് അവസാന പരീക്ഷണ അവസരം

ന്യൂയോർക്ക്: ട്വന്‍റി20 ലോകകപ്പിനു മുന്നോടിയായുള്ള ഒരേയൊരു സന്നാഹ മത്സരത്തിന് ഇന്ത്യ ശനിയാഴ്ച ന്യൂയോർക്കിലെ ഗ്രൗണ്ടിലിറങ്ങുന്നു. ബംഗ്ലാദേശാണ് എതിരാളികൾ. വിവിധ പരീക്ഷണങ്ങൾക്ക് കിട്ടുന്ന ചുരുങ്ങിയ സമയമാണ് ഇന്ത്യക്ക് ഈ മത്സരം.

പരിചിതമല്ലാത്ത സാഹചര്യമാണ് പ്രധാനമായും അടുത്തറിയാനുള്ളത്. യുഎസിലെ പിച്ചുകൾ തീർത്തും അപരിചിതമാണെന്നിരിക്കെ, വെസ്റ്റിൻഡീസിലെ പിച്ചുകളും പരമ്പരാഗത സ്വഭാവം പുലർത്തുന്നതായിരിക്കില്ല. ബംഗ്ലാദേശിനെതിരായ മത്സരം മാത്രമാണ് പ്ലെയിങ് ഇലവൻ തീരുമാനിക്കാനുള്ള അവസരമായി പരിശീലകൻ രാഹുൽ ദ്രാവിഡിനും ക്യാപ്റ്റൻ രോഹിത് ശർമയ്ക്കും മുന്നിലുള്ളത്.

സന്നാഹ മത്സരത്തിനു ശേഷം അയർലൻഡിനെ നേരിടുന്ന ഇന്ത്യ അതിനു ശേഷം പാക്കിസ്ഥാനെയും അവസാന ഗ്രൂപ്പ് മത്സരത്തിൽ യുഎസ്എയെയും നേരിടും.

ഓപ്പണിങ് സഖ്യം

ഇന്ത്യക്ക് തീരുമാനമെടുക്കാനുള്ള പ്രധാന ഘടകങ്ങളിലൊന്ന് ഓപ്പണിങ് സഖ്യം തന്നെയാണ്. രോഹിതിനൊപ്പം യശസ്വി ജയ്സ്വാളോ വിരാട് കോലിയോ എന്നു നിശ്ചയിക്കേണ്ടതുണ്ട്. ഇനിയഥവാ രോഹിത് മധ്യനിരയിലേക്കിറങ്ങാനുള്ള സാധ്യത പോലും തള്ളിക്കളയാനാവില്ല.

വിക്കറ്റ് കീപ്പർ

വിക്കറ്റ് കീപ്പർ ആരെന്നതാണ് രണ്ടാമത്തെ ചോദ്യം. ഋഷഭ് പന്തും സഞ്ജു സാംസണും തമ്മിലാണ് മത്സരം. രണ്ടു പേരും ഒരുമിച്ച് പ്ലെയിങ് ഇലവനിൽ വന്നാലും അദ്ഭുതമില്ല. പ്രത്യേകിച്ച്, രോഹിത് - കോലി ഓപ്പണിങ് സഖ്യമാണ് ഉദ്ദേശിക്കുന്നതെങ്കിൽ മൂന്നാം നമ്പറിൽ സഞ്ജുവിനെയും ലോവർ മിഡിൽ ഓർഡറിൽ ഋഷഭിനെയും കളിപ്പിക്കും.

ബൗളിങ് ലൈനപ്പ്

പേസ് ബൗളർമാരായി ജസ്പ്രീത് ബുംറയും മുഹമ്മദ് സിറാജും അർഷ്‌ദീപ് സിങ്ങുമാണ് ടീമിലുള്ളത്. ഹാർദിക് പാണ്ഡ്യ പ്ലെയിങ് ഇലവനിലുണ്ടെങ്കിൽ അർഷ്‌ദീപോ സിറാജോ പുറത്താകും. സ്പിന്നർമാരുടെ കാര്യത്തിലാണ് കൂടുതൽ ആശയക്കുഴപ്പം. രവീന്ദ്ര ജഡേജ കളിക്കുമ്പോൾ അക്ഷർ പട്ടേലിനു സാധ്യതയില്ല. കുൽദീപ് യാദവ് ഉണ്ടെങ്കിൽ യുസ്വേന്ദ്ര ചഹലിനും സാധ്യത കുറവാണ്. എന്നാൽ, പിച്ചിന്‍റെയും സാഹചര്യങ്ങളുടെയും അടിസ്ഥാനത്തിൽ മൂന്നു സ്പിന്നർമാരെ കളിപ്പിക്കുന്നതും പരിഗണിക്കാവുന്നതാണ്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com