ഹാർദിക് ഷോ: ബംഗ്ലാദേശിനെതിരേ ഇന്ത്യക്ക് ജയം

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 196 റൺസെടുത്തു. ബംഗ്ലാദേശ് 8 വിക്കറ്റ് നഷ്ടത്തിൽ 146 റൺസ് മാത്രം നേടി.
പല തുള്ളി പെരുവെളം: ഇന്ത്യ 180/6
ഹാർദിക് പാണ്ഡ്യയുടെ ഷോട്ട്.

ആന്‍റിഗ്വ: ട്വന്‍റി20 ലോകകപ്പിന്‍റെ സൂപ്പർ 8 ഘട്ടത്തിലെ രണ്ടാം മത്സരത്തിൽ ഇന്ത്യ ബംഗ്ലാദേശിനെതിരേ ഇന്ത്യക്ക് 50 റൺസ് വിജയം. നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 196 റൺസാണ് ഇന്ത്യ നേടിയത്. ബംഗ്ലാദേശിന്‍റെ മറുപടി 8 വിക്കറ്റ് നഷ്ടത്തിൽ 146 എന്ന നിലയിൽ ഒതുങ്ങി. കഴിഞ്ഞ രണ്ടു മത്സരങ്ങളിൽ ബാറ്റിങ് നിരയുടെ നെടുന്തൂണായ സൂര്യകുമാർ യാദവ് ഇക്കുറി പരാജയമായി. എന്നാൽ, മറ്റു മുൻനിര ബാറ്റർമാരെല്ലാം മോശമല്ലാത്ത സ്കോറുകൾ നേടിയതോടെ, ഇന്ത്യ മികച്ച സ്കോറിലെത്തുകയായിരുന്നു.

27 പന്തിൽ നാല് ഫോറും മൂന്നു സിക്സും സഹിതം 50 റൺസെടുത്ത ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ പുറത്താകാതെ നിന്നു. പിന്നാലെ ബംഗ്ലാദേശിന്‍റെ ആദ്യ വിക്കറ്റും വീഴ്ത്തിയ ഹാർദിക് തന്നെയാണ് പ്ലെയർ ഓഫ് ദ മാച്ച്.

നേരത്തെ, ടോസ് നേടിയ ബംഗ്ലാദേശ് ക്യാപ്റ്റൻ നജ്മുൾ ഹുസൈൻ ഷാന്‍റോ ബൗളിങ്ങാണ് തെരഞ്ഞെടുത്തത്. ടോസ് കിട്ടിയാൽ ബാറ്റ് ചെയ്യാൻ തന്നെയായിരുന്നു തീരുമാനമെന്ന് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ പറഞ്ഞു. സൂപ്പർ എയ്റ്റിലെ ആദ്യ മത്സരത്തിൽ അഫ്ഗാനിസ്ഥാനെ പരാജയപ്പെടുത്തിയ ടീമിൽ മാറ്റമില്ലാതെയാണ് ഇന്ത്യ ഇറങ്ങിയത്.

രോഹിത് ശർമയും വിരാട് കോലിയും ചേർന്ന് ടൂർണമെന്‍റിൽ ഇന്ത്യയുടെ ഏറ്റവും മികച്ച കൂട്ടുകെട്ടുയർത്തി. 3.4 നാലോവറിൽ ടീം സ്കോർ 39 റൺസെടുത്തപ്പോഴാണ് രോഹിത് ശർമ (11 പന്തിൽ 23) പുറത്തായത്. തുടർന്നെത്തിയ ഋഷഭ് പന്ത് പതിവ് വിട്ട് കരുതലോടെ തുടങ്ങിയപ്പോൾ വിരാട് കോലി സ്കോർ ഉയർത്തി. 28 പന്തിൽ 37 റൺസെടുത്ത കോലി ഒരു ഫോറും മൂന്നു സിക്സും നേടി.

കോലിക്കു പിന്നാലെ എത്തിയ സൂര്യ, നേരിട്ട ആദ്യ പന്തിൽ തന്നെ സിക്സർ പറത്തിയെങ്കിലും രണ്ടാം പന്തിൽ പുറത്തായി. അപ്പോഴേക്കും ടോപ് ഗിയറിലേക്കു മാറിക്കഴിഞ്ഞിരുന്ന ഋഷഭ് 24 പന്തിൽ 36 റൺസുമായി മടങ്ങി; നാലു ഫോറും രണ്ടു സിക്സും ഉൾപ്പെട്ട ഇന്നിങ്സ്.

തുടർന്ന് ശിവം ദുബെയും ഹാർദിക് പാണ്ഡ്യയും ചേർന്ന് സ്കോർ ഉയർത്തി. 24 പന്തിൽ മൂന്നു സിക്സ് ഉൾപ്പെടെ 34 റൺസാണ് ദുബെ നേടിയത്. അർധ സെഞ്ചുറി കൂട്ടുകെട്ടിനു ശേഷം ദുബെ മടങ്ങിയതോടെ ഇന്നിങ്സിന്‍റെ ഉത്തരവാദിത്വം സ്വന്തം ചുമലിലേറ്റിയ പാണ്ഡ്യ, അക്ഷർ പട്ടേലിനെ (5 പന്തിൽ 3) സാക്ഷി നിർത്തി ഇന്നിങ്സിനെ മുന്നോട്ടു നയിക്കുകയായിരുന്നു. ഇരുപതാം ഓവറിലെ അവസാന പന്തിൽ തേഡ് മാനിലൂടെ ബൗണ്ടറി നേടിയാണ് പാണ്ഡ്യ അർധ സെഞ്ചുറി തികച്ചത്.

പ്ലെയിങ് ഇലവൻ:

ഇന്ത്യ: രോഹിത് ശർമ, വിരാട് കോലി, ഋഷഭ് പന്ത്, സൂര്യകുമാർ യാദവ്, ശിവം ദുബെ, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്ഷർ പട്ടേൽ, കുൽദീപ് യാദവ്, ജസ്പ്രീത് ബുംറ, അർഷ്‌ദീപ് സിങ്.

ബംഗ്ലാദേശ്: തൻസിദ് ഹസൻ, ലിറ്റൺ ദാസ്, തൗഹിദ് ഹൃദോയ്, ഷക്കീബ് അൽ ഹസൻ, മെഹ്മൂദുള്ള, ജാക്കർ അലി, റിഷാദ് ഹുസൈൻ, മെഹ്ദി ഹസൻ, തൻസിം ഹസൻ സക്കീബ്, മുസ്താഫിസുർ റഹ്മാൻ.

മറുപടി ബാറ്റിങ്ങിൽ ബംഗ്ലാദേശിന് ഒരു ഘട്ടത്തിലും വിജയവഴിയിലെത്താൻ സാധിച്ചില്ല. 19 റൺസിന് മൂന്ന് വിക്കറ്റ് വീഴ്ത്തിയ കുൽദീപ് യാദവാണ് ഇന്ത്യൻ ബൗളർമാരിൽ മികച്ചു നിന്നത്. ജസ്പ്രീത് ബുംറയും അർഷ്ദീപ് സിങ്ങും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. നാലോവറിൽ പതിമൂന്ന് റൺസ് മാത്രമാണ് ബുംറ വഴങ്ങിയത്.

Trending

No stories found.

Latest News

No stories found.