

മത്സരത്തിൽ നിന്ന്
ബുലവായോ: ബംഗ്ലാദേശിനെതിരായ അണ്ടർ 19 ലോകകപ്പ് മത്സരത്തിൽ ഇന്ത‍്യക്ക് ജയം. 18 റൺസിനാണ് ഇന്ത‍്യ വിജയിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത‍്യ ഓപ്പണിങ് ബാറ്റർ വൈഭവ് സൂര‍്യവംശി (72) അഭിജ്ഞാൻ കുണ്ഡു (80) എന്നിവരുടെ അർധസെഞ്ചുറിയുടെ ബലത്തിൽ 238 റൺസ് അടിച്ചെടുത്തിരുന്നു.
ബംഗ്ലാദേശിനു വേണ്ടി അൽ ഫഹദ് അഞ്ചും ഇഖ്ബാൽ ഹൊസൈൻ, അസീസുൾ ഹുസൈൻ എന്നിവർ രണ്ടും ഷെയ്ക്ക് പർവെസ് ജിബോൻ ഒരു വിക്കറ്റും വീഴ്ത്തി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ് 28.3 ഓവറിൽ 146 റൺസിന് കൂടാരം കയറി.
നാലു വിക്കറ്റ് വീഴ്ത്തിയ വിഹാൻ മൽഹോത്രയാണ് ബംഗ്ലാദേശിനെ പിടിച്ചുകെട്ടിയത്. ക‍്യാപ്റ്റൻ അസീസുൾ ഹക്കീമാണ് (51) ബംഗ്ലാദേശിന്‍റെ ടോപ് സ്കോറർ. അസീസുളിനു പുറമെ റിഫാത് ബെഗ് (37), കലാം സിദ്ദിഖി (15), റിസാൻ ഹൊസൻ (15) എന്നിവർ മാത്രമാണ് രണ്ടക്കം കടന്നത്. മറ്റു താരങ്ങൾ നിരാശപ്പെടുത്തി.
ടോസ് നഷ്ടമായി ബാറ്റിങ്ങിന് ക്ഷണിക്കപ്പെട്ട ഇന്ത്യയ്ക്കായി അഭിജ്ഞാൻ കുണ്ഡു, വൈഭവ് സൂര്യവംശി എന്നിവർ മാത്രമേ മിന്നിയുള്ളൂ. മഴയെ തുടര്‍ന്ന് 49 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ ഇന്ത്യയുടെ തുടക്കം നിറംകെട്ടതായി. ക്യാപ്റ്റന്‍ ആയുഷ് മാത്രെ (6), വേദാന്ത് ത്രിവേദി (0) എന്നിവര്‍ അധികം കളിച്ചില്ല. അല്‍ ഫഹദിന്‍റെ പന്തിൽ ഇരുവരും പുറത്തായി. പിന്നെ വിഹാൻ മല്‍ഹോത്രയ്‌ക്കൊപ്പം സൂര്യവംശി 41 റണ്‍സ് കൂട്ടിച്ചേര്‍ത്തു. പത്താം ഓവറില്‍ മല്‍ഹോത്രയും (7) മടങ്ങി. എന്നാൽ അഭിജ്ഞാൻ കുണ്ഡു - സൂര്യവംശി ജോടി വാരിയ 62 റണ്‍സ് ഇന്ത്യയെ വൻ തകർച്ചയിൽ നിന്ന് രക്ഷിച്ചു.
27-ാം ഓവറില്‍ സൂര്യവംശി ഇഖ്ബാല്‍ ഹൊസൈന്‍റെ പന്തിൽ കൂടാരം കയറി. ആറ് ഫോറും മൂന്ന് സിക്‌സും പറത്തിയായിരുന്നു സൂര്യവംശിയുടെ തിരിച്ചുപോക്ക്.
ഹര്‍വന്‍ഷ് പങ്കാലിയ (2), കനിഷ്‌ക് ചൗഹാന്‍ (28) എന്നിവർ നിറംമങ്ങിയതോടെ ഇന്ത്യ പതറി. ഇന്ത്യ 39 ഓവറില്‍ ആറിന് 162 എന്ന സ്കോറിൽ നിൽക്കെ മഴയെത്തി. മത്സരം പുനരാരംഭിച്ച ശേഷം ഇന്ത്യയ്ക്ക് അധികം മുന്നോട്ടുപോകാനായില്ല. ആര്‍.എസ്. ആംബ്രിഷ് (5) ഖിലന്‍ പട്ടേൽ (8) ദീപേഷ് ദേവേന്ദ്രൻ (11) എന്നിവർ നിരാശപ്പെടുത്തി.