രണ്ട് മലയാളി താരങ്ങളുമായി ഇന്ത്യൻ വനിതകൾ ബംഗ്ലാദേശിൽ

ഇന്ത്യയും ബംഗ്ലാദേശും അഞ്ച് ട്വന്‍റി20 മത്സരങ്ങളിൽ ഏറ്റുമുട്ടും. ആദ്യ മത്സരം ഞായറാഴ്ച. പരമ്പരയ്ക്ക് ആതിഥ്യം വഹിക്കുന്നത് ബംഗ്ലാദേശ്.
Sajana Sajeevan, S Asha
Sajana Sajeevan, S Asha

സിൽഹെറ്റ്: ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ട്വന്‍റി20 ക്രിക്കറ്റ് പരമ്പരയ്ക്ക് ഞായറാഴ്ച തുടക്കം കുറിക്കുന്നു. ചരിത്രത്തിൽ ആദ്യമായി രണ്ടു മലയാളി താരങ്ങൾ ഒരുമിച്ച് ഇടം നേടിയ ടീം എന്ന പ്രത്യേകതയുമായാണ് ഇന്ത്യൻ സംഘം ബംഗ്ലാദേശിലെത്തിയിരിക്കുന്നത്. വനിതകളുടെ ഐപിഎല്ലിലെ മികച്ച പ്രകടനങ്ങളുടെ അടിസ്ഥാനത്തിൽ ഹാർഡ് ഹിറ്റിങ് ബാറ്റർ സജന സജീവനും ലെഗ് സ്പിന്നർ എസ്. ആശയുമാണ് ടീമിൽ ഉൾപ്പെട്ടത്. അതേസമയം, ഓഫ് സ്പിൻ ഓൾറൗണ്ടർ മിന്നു മണിക്ക് ടീമിൽ ഇടം നഷ്ടപ്പെട്ടു.

കഴിഞ്ഞ വർഷം നടത്തിയ ബംഗ്ലാദേശ് പര്യടനം ഇന്ത്യക്ക് അത്ര സുഖകരമായിരുന്നില്ല. അതേസമയം, അന്നു നേടിയ ആത്മവിശ്വാസം ബംഗ്ലാദേശ് വനിതകളെ കൂടുതൽ കരുത്തരുമാക്കുന്നു. അഞ്ച് മത്സരങ്ങളാണ് ടി20 പരമ്പരയിലുള്ളത്. കഴിഞ്ഞ വർഷത്തെ പര്യടനത്തിൽ ഇന്ത്യ 2-1 എന്ന നിലയിലാണ് ടി20 പരമ്പര സ്വന്തമാക്കിയത്. എന്നാൽ, ഏകദിന പരമ്പര 1-1 സമനിലയിൽ അവസാനിക്കുകയായിരുന്നു. അതിനു ശേഷം ഓസ്ട്രേലിയക്കെതിരേ സ്വന്തം നാട്ടിൽ കളിച്ച ഏകദിന - ടി20 പരമ്പരകളിൽ ബംഗ്ലാദേശ് 3-0 പരാജയങ്ങളാണ് ഏറ്റുവാങ്ങിയത്.

ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയ്ക്കു ശേഷം ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ മോശം അംപയറിങ്ങിനെതിരേ പരസ്യ പ്രതികരണം നടത്തി വിലക്ക് ഏറ്റുവാങ്ങിയിരുന്നു. അന്ന് ആദ്യ മത്സരം ബംഗ്ലാദേശ് ജയിച്ചപ്പോൾ രണ്ടാം മത്സരം ഇന്ത്യ ജയിക്കുകയും മൂന്നാം മത്സരം ടൈയിൽ അവസാനിക്കുകയുമായിരുന്നു. പരമ്പര സമനിലയിലാക്കാൻ ബംഗ്ലാദേശിനെ സഹായിച്ച അമ്പയർമാരെ കൂടി ഫോട്ടോ സെഷനിൽ ഉൾപ്പെടുത്തണമെന്ന് ഹർമൻപ്രീത് പരിഹസിച്ചിരുന്നു.

ലോകകപ്പ് ടൂർണമെന്‍റ് വരാനിരിക്കെ ഫുൾ സ്ട്രെങ്ത് ടീമിനെ തന്നെയാണ് ബംഗ്ലാദേശിനെതിരേ ഇന്ത്യ അണിനിരത്തുന്നത്.

ടീം ഇന്ത്യ: ഹർമൻപ്രീത് കൗർ (ക്യാപ്റ്റൻ), സ്മൃതി മന്ഥന (വൈസ് ക്യാപ്റ്റൻ), ഷഫാലി വർമ, ഡി. ഹേമലത, സജന സജീവൻ, റിച്ച ഘോഷ് (വിക്കറ്റ് കീപ്പർ), യസ്തിക ഭാട്ടിയ (വിക്കറ്റ് കീപ്പർ), രാധ യാദവ്, ദീപ്തി ശർമ, പൂജ വസ്ത്രാകർ, അമൻജോത് കൗർ, ശ്രേയാങ്ക പാട്ടീൽ, സൈക്ക ഇഷാക്, എസ്. ആശ, രേണുക സിങ് ഠാക്കൂർ, ടിറ്റാസ് സാധു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com