അവസാന ഗ്രൂപ്പ് മത്സരത്തിന് ഇന്ത്യ

രോഹിത് ശർമയുടെ ഓപ്പണിങ് പങ്കാളി എന്ന നിലയിൽ വിരാട് കോലി കഴിഞ്ഞ മൂന്നു മത്സരങ്ങളിലും നിരാശപ്പെടുത്തിയ സാഹചര്യത്തിൽ ഇന്ത്യ യശസ്വി ജയ്സ്വാളിനെ പരീക്ഷിക്കാൻ സാധ്യത ഏറെയാണ്
India vs Canada T20 World Cup match preview
അവസാന ഗ്രൂപ്പ് മത്സരത്തിന് ഇന്ത്യ

ലൗഡർഹിൽ: ട്വന്‍റി20 ലോകകപ്പിൽ തങ്ങളുടെ അവസാന മത്സരത്തിന് ഇന്ത്യ ശനിയാഴ്ച ഇറങ്ങുന്നു. ടൂർണമെന്‍റിൽനിന്നു പുറത്തായിക്കഴിഞ്ഞ ക്യാനഡയാണ് എതിരാളികൾ. അയർലൻഡിനും പാക്കിസ്ഥാനും യുഎസ്എയ്ക്കുമെതിരേ നേടിയ തുടർ വിജയങ്ങളുമായി ഇന്ത്യ സൂപ്പർ 8 ഘട്ടത്തിലേക്ക് യോഗ്യത നേടിക്കഴിഞ്ഞു. ഗ്രൂപ്പ് എയിൽ ഒന്നാം സ്ഥാനം ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞ സാഹചര്യത്തിൽ ഇന്ത്യ ഈ മത്സരത്തിൽ ബെഞ്ച് സ്ട്രെങ്ത് പരീക്ഷിക്കാൻ സാധ്യത ഏറെയാണ്. ഓപ്പണർ യശസ്വി ജയ്സ്വാൾ, വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസൺ, സ്പിന്നർമാരായ കുൽദീപ് യാദവ്, യുസ്വേന്ദ്ര ചഹൽ എന്നിവർക്ക് ടൂർണമെന്‍റിൽ ഇതുവരെ അവസരം കിട്ടിയിട്ടില്ല.

രോഹിത് ശർമയുടെ ഓപ്പണിങ് പങ്കാളി എന്ന നിലയിൽ വിരാട് കോലി കഴിഞ്ഞ മൂന്നു മത്സരങ്ങളിലും നിരാശപ്പെടുത്തിയ സാഹചര്യത്തിൽ ഇന്ത്യ യശസ്വി ജയ്സ്വാളിനെ പരീക്ഷിക്കാൻ സാധ്യത ഏറെയാണ്. ഋഷഭ് പന്തിനെയും സൂര്യകുമാർ യാദവിനെയും പോലെ ഇന്നവേറ്റീവ് ഷോട്ടുകൾ കളിക്കുന്നവർക്ക് തിളങ്ങാൻ സാധിക്കുന്നു എന്നതു കണക്കിലെടുക്കുമ്പോൾ, ഇതേ ശൈലി പിന്തുടരുന്ന ജയ്സ്വാളിന് അവസരം നൽകുക എന്നത് അനിവാര്യമായിരിക്കും.

ടൂർണമെന്‍റിൽ ഇന്ത്യ ഇതുവരെ പരാജയം അറിഞ്ഞിട്ടില്ലെങ്കിൽപ്പോലും പരീക്ഷണങ്ങൾ പലതും വലിയ പരാജയങ്ങളായിരുന്നു. കൂടുതൽ പ്രധാന മത്സരങ്ങൾ വരാനിരിക്കുന്ന സാഹചര്യത്തിൽ അതിനു മുൻപ് പ്ലെയിങ് ഇലവനിൽ അവസാന പരീക്ഷണങ്ങൾ നടത്താനുള്ള അവസരമാണ് ക്യാനഡയ്ക്കെതിരേ കിട്ടുന്നത്.

ശിവം ദുബെ യുഎസ്എയ്ക്കെതിരേ സൂര്യകുമാറുമൊത്ത് മികച്ച കൂട്ടുകെട്ട് ഉയർത്തിയെങ്കിലും തുടക്കത്തിൽ സ്കോർ ബോർഡ് ചലിപ്പിക്കാൻ ഏറെ കഷ്ടപ്പെട്ടു. ടീമിലെ റോൾ എന്താണെന്നു പോലും അറിയാത്ത അവസ്ഥയിലാണ് രവീന്ദ്ര ജഡേജ. അക്ഷർ പട്ടേൽ ബാറ്റുകൊണ്ടും പന്തുകൊണ്ടും മികച്ച പ്രകടനങ്ങൾ കാഴ്ചവയ്ക്കുമ്പോൾ ജഡേജയുടെ സ്ഥാനം തന്നെ ചോദ്യപ്പെടുന്ന സ്ഥിതിയുണ്ട്. യുഎസ്എയ്ക്കെതിരേ ജഡേജ ഒരോവർ പോലും എറിഞ്ഞിരുന്നില്ല.

ഹാർദിക് പാണ്ഡ്യയും ശിവം ദുബെയും അടക്കം ടീമിലെ എല്ലാ മീഡിയം പേസർമാർക്കും ഇതിനകം അവസരം ലഭിച്ചുകഴിഞ്ഞു. മത്സരവേദി വെസ്റ്റിൻഡീസിലേക്കു മാറുമ്പോൾ, അവിടത്തെ പിച്ചുകളുടെ സ്വഭാവം അനുസരിച്ച്, കുൽദീപ് യാദവിനെപ്പോലെ ഒരു സ്പെഷ്യലിസ്റ്റ് സ്പിന്നറുടെ സാന്നിധ്യം അനിവാര്യമായേക്കും. ഹാർദിക് പാണ്ഡ്യ മികച്ച ബൗളിങ് ഫോമിലാണെന്നതു കണക്കിലെടുക്കുമ്പോൾ, ഒരു സ്പെഷ്യലിസ്റ്റ് പേസ് ബൗളർക്കു പകരം മൂന്നാം സ്പിന്നറായി കുൽദീപ‌് ടീമിലെത്താൻ സാധ്യതയുണ്ട്. ഇങ്ങനെയൊരു ബൗളിങ് ലൈനപ്പ് പരീക്ഷിക്കാനും പറ്റിയ അവസരമാണ് ക്യാനഡയ്ക്കെതിരായ മത്സരം.

അപ്പോഴും സാധ്യത കുറഞ്ഞു നിൽക്കുന്നത് സഞ്ജു സാംസണിന്‍റെ കാര്യത്തിലാണ്. ജയ്സ്വാൾ ഓപ്പണറായാൽ വിരാട് കോലി മൂന്നാം നമ്പറിലേക്കിറങ്ങും. ഇതോടെ ദുബെ പുറത്താകും, അല്ലെങ്കിൽ ഒരു പേസ് ബൗളർക്കു വിശ്രമം അനുവദിക്കും. ഏതെങ്കിലും മുൻനിര ബാറ്റർമാർക്കോ, അല്ലെങ്കിൽ ഋഷഭ് പന്തിനോ വിശ്രമം അനുവദിക്കപ്പെട്ടാലാണ് സഞ്ജു സാംസണ് ക്യാനഡയ്ക്കെതിരേ അവസരം ലഭിക്കുക. അല്ലെങ്കിൽ ഒരു സ്പെഷ്യലിസ്റ്റ് ബൗളറെ മാറ്റി ബാറ്റിങ് നിര ശക്തിപ്പെടുത്താൻ സഞ്ജുവിനെ ഇറക്കുന്ന തരത്തിൽ ടീമിന്‍റെ സന്തുലനം മാറ്റിയെഴുതാൻ ടീം മാനേജ്‌മെന്‍റ് തീരുമാനിക്കണം.

Trending

No stories found.

Latest News

No stories found.