ഒന്നാം ടെസ്റ്റ്: ഗില്ലിനും ജയ്സ്വാളിനും സെഞ്ചുറി

ടോസ് നേടിയ ഇംഗ്ലണ്ട് ഇന്ത്യയെ ബാറ്റിങ്ങിനയച്ചു. കരുൺ നായർ ടീമിൽ തിരിച്ചെത്തി. സായ് സുദർശൻ അരങ്ങേറ്റത്തിൽ പൂജ്യത്തിനു പുറത്ത്.
India vs England 1st Cricket Test Day 1

ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മൻ ഗിൽ

Updated on

ലീഡ്സ്: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് ഗംഭീര തുടക്കം. ആദ്യ ദിവസം കളി അവസാനിപ്പിക്കുമ്പോൾ 3 വിക്കറ്റ് നഷ്ടത്തിൽ 359 റൺസെന്ന അതിശക്തമായ നിലയിലാണ് സന്ദർശകർ. ക്യാപ്റ്റൻ ശുഭ്മൻ ഗില്ലും (127*) വൈസ് ക്യാപ്റ്റൻ ഋഷഭ് പന്തും (65*) പുറത്താകാതെ നിൽക്കുന്നു.

നേരത്തെ, ഓപ്പണർ യശസ്വി ജയ്സ്വാളിന്‍റെ സെഞ്ചുറിയാണ് ഇന്ത്യക്ക് മികച്ച തുടക്കം നൽകിയത്. പിന്നാലെ ക്യാപ്റ്റൻസി അരങ്ങേറ്റത്തിൽ തന്നെ ഗില്ലും സെഞ്ചുറി നേടുകയായിരുന്നു. വിദേശ മണ്ണിലെ ആദ്യ മൂന്നക്ക സ്കോർ കൂടിയാണ് ഗില്ലിന് ഇത്, കരിയറിലെ ആറാം ടെസ്റ്റ് സെഞ്ചുറിയും.

കെ.എൽ. രാഹുലുമൊത്ത് ഒന്നാം വിക്കറ്റിൽ 91 റൺസ് കൂട്ടിച്ചേർത്ത ജയ്സ്വാൾ ഉറച്ച തുടക്കമാണ് ഇന്ത്യക്കു നൽകിയത്. 42 റൺസെടുത്ത രാഹുലിനെ ബ്രൈഡൻ കാർസിന്‍റെ പന്തിൽ ജോ റൂട്ട് ക്യാച്ചെടുത്ത് പുറത്താക്കുകയായിരുന്നു. 78 പന്തിൽ എട്ട് ഫോർ ഉൾപ്പെട്ടതായിരുന്നു രാഹുലിന്‍റെ ഇന്നിങ്സ്. തുടർന്നെത്തിയ അരങ്ങേറ്റക്കാരൻ ബി. സായ് സുദർശൻ നാല് പന്ത് നേരിട്ട് പൂജ്യത്തിനു പുറത്തായി. ബെൻ സ്റ്റോക്സിന്‍റെ പന്തിൽ വിക്കറ്റ് കീപ്പർ ജാമി സ്മിത്തിനു ക്യാച്ച്.

India vs England 1st Cricket Test Day 1

ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റിൽ പന്ത് ലീവ് ചെയ്യുന്ന ഇന്ത്യൻ ഓപ്പണർ യശസ്വി ജയ്സ്വാൾ

ഇങ്ങനെ രണ്ട് വിക്കറ്റുകളാണ് ആദ്യ സെഷനിൽ ഇന്ത്യക്കു നഷ്ടമായത്. രണ്ടാം സെഷനിലാണ് ജയ്സ്വാൾ അർധ സെഞ്ചുറി തികയ്ക്കുന്നത്. നേരിട്ട 96ാം പന്തിലാണ് ഇരുപത്തിമൂന്നുകാരൻ 50 പൂർത്തിയാക്കിയത്. ഇതിനകം എട്ട് ബൗണ്ടറികളും നേടിയിരുന്നു. ഇതേ സെഷനിൽ തന്നെ, നേരിട്ട 144ാം പന്തിൽ ജയ്സ്വാൾ ടെസ്റ്റ് കരിയറിലെ അഞ്ചാം സെഞ്ചുറിയും തികച്ചു. 16 ഫോറും ഒരു സിക്സും നേടിയ ജയ്സ്വാൾ, ആകെ 159 പന്തിൽ 101 റൺസെടുത്തു പുറത്തായി. ബെൻ സ്റ്റോക്സിന് വിക്കറ്റ്.

ഗില്ലുമൊത്ത് ജയ്സ്വാൾ മൂന്നാം വിക്കറ്റിൽ സെഞ്ചുറി കൂട്ടുകെട്ടും ഉയർത്തി. ഏകദിന ശൈലിയിൽ ബാറ്റ് വീശിയ ഗിൽ വെറും 56 പന്തിൽ അർധ ശതകം പിന്നിട്ടു. എന്നാൽ, ജയ്സ്വാൾ വീണ ശേഷം കൂടുതൽ കരുതലോടെ കളിച്ച ഗിൽ, 138 പന്തിലാണ് മൂന്നക്കം തികച്ചത്. ജയ്സ്വാളിനു ശേഷം വന്ന ഋഷഭ് പന്തും അർധ സെഞ്ചുറി പിന്നിട്ടതോടെ ആദ്യ ദിനം സ്വന്തമാക്കി മാറ്റുകയായിരുന്നു ഇന്ത്യൻ ബാറ്റർമാർ. പതിവിലേറെ കരുതലോടെ കളിച്ച ഋഷഭ് പന്ത് ഇതുവരെ 102 പന്ത് നേരിട്ട് ആറ് ഫോറും രണ്ടു സിക്സുമാണ് നേടിയത്.

നേരത്തെ ടോസ് നേടിയ ഇംഗ്ലണ്ട് ക്യാപ്റ്റൻ സ്റ്റോക്സ് സന്ദർശകരെ ബാറ്റിങ്ങിനു ക്ഷണിക്കുകയായിരുന്നു. പിച്ച് തുടക്കത്തിൽ പേസ് ബൗളർമാരെയും പിന്നീട് ബാറ്റർമാരെയും തുണയ്ക്കുമെന്ന നിഗമനത്തിന്‍റെ അടിസ്ഥാനത്തിലാണിത്.

മലയാളി താരം കരുൺ നായർ എട്ടു വർഷത്തിനു ശേഷം ഇന്ത്യൻ പ്ലെയിങ് ഇലവനിൽ തിരിച്ചെത്തിയിട്ടുണ്ട്. പേസ് ബൗളിങ് ഓൾറൗണ്ടറായി ശാർദൂൽ ഠാക്കൂറിനെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ എന്നിവരാണ് മറ്റു പേസ് ബൗളർമാർ.

India vs England 1st Cricket Test Day 1

ഇംഗ്ലണ്ട് ക്യാപ്റ്റൻ ബെൻ സ്റ്റോക്സും ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മൻ ഗില്ലും

നിതീഷ് കുമാർ റെഡ്ഡി ടീമിലില്ല. ടീമിലെ ഒരേയൊരു സ്പിന്നറായി ഓൾറൗണ്ടർ രവീന്ദ്ര ജഡേജയെ പരിഗണിച്ചപ്പോൾ, കുൽദീപ് യാദവും പുറത്തായി.

ടീം ഇങ്ങനെ:

  1. യശസ്വി ജയ്സ്വാൾ

  2. കെ.എൽ. രാഹുൽ

  3. സായ് സുദർശൻ

  4. ശുഭ്മൻ ഗിൽ (ക്യാപ്റ്റൻ)

  5. ഋഷഭ് പന്ത് (വിക്കറ്റ് കീപ്പർ)

  6. കരുൺ നായർ

  7. രവീന്ദ്ര ജഡേജ

  8. ശാർദൂൽ ഠാക്കൂർ

  9. ജസ്പ്രീത് ബുംറ

  10. മുഹമ്മദ് സിറാജ്

  11. പ്രസിദ്ധ് കൃഷ്ണ

ഇംഗ്ലണ്ട് മത്സരത്തലേന്നു തന്നെ പ്ലെയിങ് ഇലവൻ പുറത്തുവിട്ടിരുന്നു:

  1. സാക്ക് ക്രോളി

  2. ബെൻ ഡക്കറ്റ്

  3. ഒലി പോപ്പ്

  4. ജോ റൂട്ട്

  5. ഹാരി ബ്രൂക്ക്

  6. ബെൻ സ്റ്റോക്സ് (ക്യാപ്റ്റൻ)

  7. ജാമി സ്മിത്ത് (വിക്കറ്റ് കീപ്പർ)

  8. ക്രിസ് വോക്സ്

  9. ബ്രൈഡൻ കാർസ്

  10. ജോഷ് ടങ്

  11. ഷോയിബ് ബഷീർ

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com