കെ.എൽ. രാഹുലിനും ഋഷഭ് പന്തിനും സെഞ്ചുറി; ഇംഗ്ലണ്ടിന് 371 റൺസ് വിജയലക്ഷ്യം

ഒരു ടെസ്റ്റിൽ രണ്ടു സെഞ്ചുറി നേടുന്ന ഏഴാമത്തെ മാത്രം ഇന്ത്യക്കാരനായി ഋഷഭ് പന്ത്
India vs England 1st Cricket Test Day 4

ഋഷഭ് പന്ത് ബാറ്റിങ്ങിനിടെ.

Updated on

ലീഡ്സ്: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് നേരിയ മുൻതൂക്കം. ഓപ്പണർ കെ.എൽ. രാഹുലും വിക്കറ്റ് കീപ്പർ ഋഷഭ് പന്തും നേടിയ സെഞ്ചുറികളാണ് സന്ദർശകരെ മോശമല്ലാത്ത നിലയിലെത്തിച്ചത്. ആദ്യ ഇന്നിങ്സിലും സെഞ്ചുറി നേടിയിരുന്ന പന്ത്, രണ്ടിന്നിങ്സിലും സെഞ്ചുറി നേടുന്ന ഏഴാമത്തെ മാത്രം ഇന്ത്യക്കാരനായി മാറി.

വിജയ് ഹസാരെ, സുനിൽ ഗവാസ്കർ (മൂന്നു വട്ടം), രാഹുൽ ദ്രാവിഡ് (രണ്ടു വട്ടം), വിരാട് കോലി, അജിങ്ക്യ രഹാനെ, രോഹിത് ശർമ എന്നിവരാണ് ഋഷഭ് പന്തിനു മുൻപ് ഈ അപൂർവ നേട്ടം സ്വന്തമാക്കിയിട്ടുള്ള ഇന്ത്യക്കാർ. ഇംഗ്ലണ്ടിൽ ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ബാറ്ററാണ് ഋഷഭ് പന്ത്.

India vs England 1st Cricket Test Day 4

സെഞ്ചുറി നേടിയ കെ.എൽ. രാഹുൽ.

രാവിലെ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 90 എന്ന നിലയിൽ രണ്ടാം ഇന്നിങ്സ് പുനരാരംഭിച്ച ഇന്ത്യ 364 റൺസിന് ഓൾ‌ഔട്ടായി. 371 റൺസ് വിജയലക്ഷ്യം തേടിയിറങ്ങിയ ഇംഗ്ലണ്ട് നാലാം ദിവസം കളി അവസാനിപ്പിക്കുമ്പോൾ വിക്കറ്റ് നഷ്ടമില്ലാതെ 21 റൺസെടുത്തിട്ടുണ്ട്. സാക്ക് ക്രോളിയും (12) ബെൻ ഡക്കറ്റും (9) ക്രീസിൽ.

ഇന്ത്യക്ക് ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിന്‍റെ (8) വിക്കറ്റാണ് ആദ്യം നഷ്ടമായത്. തുടർന്ന് ഒരുമിച്ച രാഹുലും പന്തും ചേർന്ന് ആദ്യ സെഷനിൽ കരുതലോടെ കളിച്ചു. രണ്ടാം സെഷനിൽ സ്കോറിങ് നിരക്ക് ഉയർത്തി‍യ ഇരുവരും ഇംഗ്ലിഷ് ബൗളർമാരെ നിസഹായരാക്കുന്ന പ്രകടനമാണ് പുറത്തെടുത്തത്.

കെ.എൽ. രാഹുലാണ് ആദ്യം സെഞ്ചുറി തികച്ചത്. കരിയറിലെ ഒമ്പതാം ടെസ്റ്റ് സെഞ്ചുറിയും വിദേശ മണ്ണിലെ എട്ടാം സെഞ്ചുറിയുമായിരുന്നു രാഹുലിനിത്. ഋഷഭ് പന്ത് കരിയറിലെ എട്ടാം സെഞ്ചുറിയാണ് നേടിയത്. ഇതിൽ നാലും ഇംഗ്ലണ്ടിൽ നേടിയതാണ്.

140 പന്തിൽ 15 ഫോറും മൂന്നു സിക്സും സഹിതം 118 റൺസെടുത്ത ഋഷഭ് പന്ത് പുറത്താകുമ്പോൾ ഇന്ത്യൻ സ്കോർ 287 റൺസിൽ എത്തിയിരുന്നു. എന്നാൽ, 333 റൺസിൽ വച്ച് രാഹുൽ (247 പന്തിൽ 137) പുറത്തായതോടെ കൂട്ടത്തകർച്ച.

ഒരിക്കൽക്കൂടി നിരാശപ്പെടുത്തിയ കരുൺ നായർ 54 പന്തിൽ 20 റൺസെടുത്ത് പുറത്തായി. പിന്നെ വന്നവരിൽ രവീന്ദ്ര ജഡേജയ്ക്കു (25 നോട്ടൗട്ട്) മാത്രമാണ് പിടിച്ചുനിൽക്കാൻ സാധിച്ചത്. ഇംഗ്ലണ്ടിനു വേണ്ടി ബ്രൈഡൻ കാർസും ജോഷ് ടങ്ങും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.

നാലാം ദിവസത്തിന്‍റെ അവസാന സെഷനോടെ ബാറ്റിങ് ദുഷ്കരമായിത്തുടങ്ങിയ പിച്ചിൽ അവസാന ദിവസം ബൗളർമാർ അച്ചടക്കം പാലിച്ചാൽ ഇന്ത്യക്ക് പരാജയം ഒഴിവാക്കാം.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com