അഭിഷേകിന്‍റെ ബാറ്റിങ് വെടിക്കെട്ട്; ഇന്ത്യക്ക് ഈസി വിൻ

ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 20 ഓവറിൽ 132 റൺസിന് ഓൾഔട്ട്. ഇന്ത്യ 12.5 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം നേടി. ഇന്ത്യൻ ടി20 വിക്കറ്റ് വേട്ടക്കാരിൽ അർഷ്ദീപ് മുന്നിൽ
Abhishek Sharma
അഭിഷേക് ശർമ
Updated on

കൊൽക്കത്ത: ഇംഗ്ലണ്ടിനെതിരായ ട്വന്‍റി20 ക്രിക്കറ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് അനായാസ വിജയം. ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് ബൗളിങ്ങാണ് തെരഞ്ഞെടുത്തത്. ഇംഗ്ലണ്ട് ഇരുപതാം ഓവറിലെ അവസാന പന്തിൽ 132 റൺസിന് ഓൾഔട്ടായി. ഇന്ത്യ 43 പന്തും ഏഴ് വിക്കറ്റും ശേഷിക്കെ ലക്ഷ്യം നേടുകയും ചെയ്തു. ഇതോടെ അഞ്ച് മത്സരങ്ങൾ ഉൾപ്പെട്ട പരമ്പരയിൽ ഇന്ത്യ 1-0 എന്ന നിലയിൽ മുന്നിലെത്തി.

34 പന്തിൽ 79 റൺസെടുത്ത ഓപ്പണർ അഭിഷേക് ശർമയാണ് ഇംഗ്ലണ്ട് ബൗളർമാർക്ക് ഒന്നു പൊരുതാൻ പോലും അവസരം നൽകാതെ ഇന്ത്യയെ അതിവേഗം വിജയതീരത്തെത്തിച്ചത്.

സഞ്ജു സാംസണൊപ്പം (20 പന്തിൽ 26) അഭിഷേക് 41 റൺസിന്‍റെ ഓപ്പണിങ് സഖ്യത്തിൽ പങ്കാളിയായി. ജോഫ്ര ആർച്ചർ ഒരേ ഓവറിൽ സഞ്ജുവിനെയും സൂര്യകുമാറിനെയും (0) തിരിച്ചയച്ച ശേഷം അഭിഷേക്, തിലക് വർമയും (16 പന്തിൽ പുറത്താകാതെ 19) ഒരുമിച്ചുള്ള കൂട്ടുകെട്ടിൽ 84 റൺസ് കൂടി കൂട്ടിച്ചേർത്തു.

അഞ്ച് ഫോറും എട്ട് സിക്സും ഉൾപ്പെട്ട അഭിഷേകിന്‍റെ ഇന്നിങ്സ് അവസാനിക്കുന്നത്, ടീമിനു ജയിക്കാൻ എട്ട് റൺസ് മാത്രം ശേഷിക്കുമ്പോഴാണ്. പിന്നീട് വന്ന ഹാർദിക് പാണ്ഡ്യ (3 നോട്ടൗട്ട്) കൂടുതൽ നഷ്ടമില്ലാതെ തിലക് വർമയ്ക്കൊപ്പം ജയമുറപ്പിച്ചു.

21 പന്തിൽ അഭിഷേക് അർധ സെഞ്ചുറി തികച്ചതോടെ, ഇംഗ്ലണ്ടിനെതിരേ ഇന്ത്യൻ താരത്തിന്‍റെ രണ്ടാമത്തെ വേഗമേറിയ ടി20 അർധ സെഞ്ചുറിയായും ഇതു മാറി. 12 പന്തിൽ അമ്പതടിച്ച യുവരാജ് സിങ്ങാണ് മുന്നിൽ.

നേരത്തെ, സ്കോർ ബോർഡിൽ റണ്ണൊന്നും വീഴും മുൻപേ ഫിൽ സോൾട്ടിനെ സഞ്ജു സാംസണിന്‍റെ ഗ്ലൗസിലെത്തിച്ചുകൊണ്ട് അർഷ്ദീപ് സിങ്ങാണ് ഇന്ത്യൻ വിക്കറ്റ് വേട്ടയ്ക്ക് തുടക്കം കുറിച്ചത്. സോൾട്ടിന്‍റെ സഹ ഓപ്പണർ ബെൻ ഡക്കറ്റിനെയും (4) അർഷ്ദീപ് സിങ് തന്നെ മടക്കി അയച്ചു.

ഇതോടെ അർഷ്ദീപ് ടി20 ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടുന്ന ഇന്ത്യൻ ബൗളറായി മാറി. 96 വിക്കറ്റുള്ള യുസ്വേന്ദ്ര ചഹലിനെക്കാൾ ഒരു വിക്കറ്റ് കൂടുതലാണ് അർഷ്ദീപിന് ഇപ്പോൾ.

Varun Chakravarthy and Surya Kumar Yadav
വരുൺ ചക്രവർത്തിയും സൂര്യകുമാർ യാദവും

എന്നാൽ, മൂന്നാം നമ്പറിലിറങ്ങി ഒരറ്റത്ത് ഉറച്ചുനിന്ന ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോസ് ബട്ലർ അവർക്ക് പ്രതീക്ഷ പകർന്നു. അർഷ്ദീപുമായി ന്യൂബോൾ പങ്കുവച്ച ഹാർദിക് പാണ്ഡ്യയുടെ രണ്ടാം ഓവറിൽ നാലു ബൗണ്ടറി നേടിക്കൊണ്ട് ബട്ലർ അപകടഭീഷണി മുഴക്കുകയും ചെയ്തു.

വരുൺ ചക്രവർത്തി പന്തെറിയാനെത്തിയതോടെ കളി വീണ്ടും ഇന്ത്യ പിടിച്ചു. ഒരേ ഓവറിൽ ഹാരി ബ്രൂക്കിനെയും (17) ലിയാം ലിവിങ്സ്റ്റണെയും (0) വരുൺ ക്ലീൻ ബൗൾ ചെയ്തതോടെ ഇംഗ്ലണ്ടിന്‍റെ റൺ റേറ്റ് കുത്തനെ കുറഞ്ഞു.

44 പന്ത് നേരിട്ട ബട്ലർ എട്ട് ഫോറും രണ്ട് സിക്സും സഹിതം 68 റൺസെടുത്തെങ്കിലും മറുവശത്ത് പിന്തുണ നൽകാൻ ആരുമുണ്ടായില്ല.

അർഷ്ദീപ് 17 റൺസിന് രണ്ട് വിക്കറ്റ് നേടിയപ്പോൾ വരുൺ 23 റൺസിന് മൂന്ന് വിക്കറ്റ് വീഴ്ത്തി. അക്ഷർ പട്ടേൽ 22 റൺസിനും ഹാർദിക് പാണ്ഡ്യ 42 റൺസിനും രണ്ട് വിക്കറ്റ് വീതം നേടി. രവി ബിഷ്ണോയ് നാലോവറിൽ 22 റൺസ് മാത്രമേ വഴങ്ങിയുള്ളെങ്കിലും വിക്കറ്റൊന്നും കിട്ടിയില്ല.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com