ഹാർട്ട്‌ലി മാജിക്കിൽ ഇന്ത്യ വീണു; ആദ്യ ടെസ്റ്റിൽ ഇംഗ്ലണ്ടിനു ജയം

ജോ ഹാർട്ട്‌ലിക്ക് ടെസ്റ്റ് അരങ്ങേറ്റത്തിൽ ഏഴ് വിക്കറ്റ്. ഒലി പോപ്പിന്‍റെ 196 റൺസും നിർണായകമായി. ആതിഥേയരുടെ തോൽവി 28 റൺസിന്.
Joe Harttley
Joe Harttley

ഹൈദരാബാദ്: ബാസ്‌ബോൾ എന്ന ഒറ്റ തന്ത്രത്തിൽ കെട്ടിപ്പടുത്തതല്ല തങ്ങളുടെ ടെസ്റ്റ് ക്രിക്കറ്റ് ടീം എന്ന് ഉറക്കെ പ്രഖ്യാപിച്ചുകൊണ്ട് ഇംഗ്ലണ്ട് ഇന്ത്യക്കെതിരേ ആദ്യ ടെസ്റ്റിൽ 28 റൺസിന്‍റെ ആവേശകരമായ വിജയം കുറിച്ചു. രണ്ടാം ഇന്നിങ്സിൽ 196 റൺസിന്‍റെ ഐതിഹാസിക ഇന്നിങ്സ് കെട്ടിപ്പടുത്ത ഒലി പോപ്പും, ഇന്ത്യയുടെ ഏഴ് രണ്ടാമിന്നിങ്സ് വിക്കറ്റുകൾ പിഴുതെറിഞ്ഞ അരങ്ങേറ്റക്കാരൻ സ്പിന്നർ ജോ ഹാർട്ട്‌ലിയും ചേർന്നാണ് അസാധ്യമെന്നു കരുതിയ വിജയം പിടിച്ചെടുത്തത്.

ഒന്നാം ഇന്നിങ്സിൽ 190 റൺസിന്‍റെ ലീഡ് വഴങ്ങിയ ശേഷമാണ് ഇംഗ്ലണ്ട് ശക്തമായി തിരിച്ചടിച്ചത് എന്നത് അവരുടെ വിജയത്തിനു മാറ്റ് കൂട്ടുന്നു. ഇന്ത്യൻ പിച്ചിൽ പോപ്പിനെ തളയ്ക്കുന്നതിൽ ഇന്ത്യൻ സ്പിന്നർമാരും, ‍നിലവാരമുള്ള സ്പിന്നിനെ നേരിടുന്നതിൽ ഇന്ത്യയുടെ യുവ ബാറ്റർമാരും പരാജയപ്പെട്ടതാണ് ആതിഥേയർക്ക് കനത്ത തിരിച്ചടിയായത്.

ആദ്യ ഇന്നിങ്സിൽ ഇംഗ്ലണ്ടിനെ 246 റൺസിന് ഓൾ ഔട്ടാക്കിയ ഇന്ത്യ മറുപടിയായി 436 റൺസ് സ്കോർ ചെയ്തിരുന്നു. എന്നാൽ, ഇംഗ്ലണ്ടിന്‍റെ രണ്ടാമിന്നിങ്സ് 420 റൺസ് വരെയെത്തിയപ്പോൾ ഇന്ത്യക്കു മുന്നിൽ 231 റൺസ് വിജയ ലക്ഷ്യം കുറിക്കപ്പെട്ടു. 202 റൺസിന് ഇന്ത്യൻ ഇന്നിങ്സ് അവസാനിച്ചപ്പോൾ ഇംഗ്ലണ്ട് 28 റൺസിന്‍റെ അവിശ്വസനീയ ജയം കുറിച്ചു.

ഇന്ത്യൻ പിച്ചുകളിൽ നാലാമിന്നിങ്സ് ബാറ്റിങ് ദുഷ്കരമാകുന്ന പതിവ് ഹൈദരാബാദിലും ആവർത്തിക്കപ്പെട്ടപ്പോൾ, പിടിച്ചുനിൽക്കാൻ ആവശ്യമായ സാങ്കേതികത്തികവ് ഇന്ത്യൻ ബാറ്റർമാർ ആരും പുറത്തെടുത്തതുമില്ല. ഭാവി താരങ്ങൾ എന്നറിയപ്പെടുന്ന യശസ്വി ജയ്സ്വാൾ (15), ശുഭ്‌മൻ ഗിൽ (0), ശ്രേയസ് അയ്യർ (13) എന്നിവർക്ക് രണ്ടാം ഇന്നിങ്സിൽ പിടിച്ചുനിൽക്കാൻ സാധിക്കാതിരുന്നത് ട്വന്‍റി20 ക്രിക്കറ്റിന്‍റെ അതിപ്രസരത്തിൽ കൈമോശം വരുന്ന ക്ലാസിക് ബാറ്റിങ് ടെക്നിക്കുകളുടെ ദയനീയ ഉദാഹരണങ്ങൾ കൂടിയായി മാറി.

39 റൺസെടുത്ത ക്യാപ്റ്റൻ രോഹിത് ശർമ പോസിറ്റിവ് സമീപനത്തോടെ ബാറ്റ് ചെയ്യുമ്പോൾ തന്നെ പിടിച്ചുനിൽക്കാനുള്ള ടെക്നിക് പുറത്തെടുത്തെങ്കിലും ഹാർട്ട്‌ലിയുടെ പന്തിൽ വിക്കറ്റിനു മുന്നിൽ കുടുങ്ങിയത് കളിയിൽ വഴിത്തിരിവായി. ഒരു ഘട്ടത്തിൽ 119/7 എന്ന നിലയിൽ തകർന്ന ഇന്ത്യക്ക് വിക്കറ്റ് കീപ്പർ കെ.എസ്. ഭരതും ആർ. അശ്വിനും ഒരുമിച്ച 57 റൺസ് കൂട്ടുകെട്ട് പ്രതീക്ഷ പകർന്നെങ്കിലും, ഭരതിനെ (28) ഹാർട്ട്‌ലി ക്ലീൻ ബൗൾ ചെയ്തതോടെ കളി വീണ്ടും സന്ദർശകരുടെ നിയന്ത്രണത്തിലായി.

പങ്കാളി വീണതോടെ ആശങ്കയിലായ അശ്വിൻ (28) ആക്രമിച്ചു കളിക്കാനുള്ള ശ്രമത്തിൽ സ്റ്റമ്പ് ചെയ്യപ്പെട്ടു. പിന്നീട് ജസ്പ്രീത് ബുംറയും (6 നോട്ടൗട്ട്) മുഹമ്മദ് സിറാജും (12) അവസാന വിക്കറ്റിൽ ഇംഗ്ലണ്ടിന് നേരിയ ആശങ്ക പകർന്നെങ്കിലും ഹാർട്ട്‌ലിയുടെ ഏഴാമത്തെ ഇരയായി സിറാജും വീണതോടെ ഇന്ത്യക്ക് അവശേഷിച്ച പ്രതീക്ഷയും നഷ്ടപ്പെടുകയായിരുന്നു.

പരാജയമുറപ്പിച്ച മത്സരത്തിൽ നിന്ന് ഇംഗ്ലണ്ടിനെ ജയത്തിലേക്കു കൈപിടിച്ചു കയറ്റി ഒലി പോപ്പാണ് പ്ലെയർ ഓഫ് ദ മാച്ച്. അരങ്ങേറ്റക്കാരൻ ഹാർട്ട്‌ലി ആദ്യ ഇന്നിങ്സിലെ രണ്ട് വിക്കറ്റ് ഉൾപ്പെടെ മത്സരത്തിലാകെ 9 വിക്കറ്റ് സ്വന്തമാക്കി.

Trending

No stories found.

Latest News

No stories found.