ബാസ്‌ബോൾ vs സ്പിൻബോൾ: ഇന്ത്യ - ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര തുടങ്ങുന്നു

അഞ്ച് ടെസ്റ്റുകളുടെ പരമ്പരയിലെ ആദ്യ മത്സരം ഹൈദരാബാദിൽ വ്യാഴാഴ്ച രാവിലെ 9.30 മുതൽ
രോഹിത് ശർമ, ബെൻ സ്റ്റോക്ക്‌സ്.
രോഹിത് ശർമ, ബെൻ സ്റ്റോക്ക്‌സ്.

ഹൈദരാബാദ്: ഒരു വ്യാഴവട്ടക്കാലമായി ഇന്ത്യ സ്വന്തം നാട്ടിൽ തുടരുന്ന ടെസ്റ്റ് ക്രിക്കറ്റ് ആധിപത്യം ഏറ്റവും വലിയ പരീക്ഷണം നേരിടാനൊരുങ്ങുന്നു. ഹോം ടെസ്റ്റുകളിൽ ഇന്ത്യക്ക് ഏറ്റവും വലിയ കരുത്ത് സ്പിന്നർമാരാണെങ്കിൽ, ടെസ്റ്റ് ക്രിക്കറ്റിൽ വിപ്ലവം സൃഷ്ടിച്ച ബാറ്റിങ് വെടിക്കെട്ടുമായാണ് ഇംഗ്ലണ്ടിന്‍റെ വരവ്. ബാസ്ബോൾ എന്നറിയപ്പെടുന്ന ഈ ആക്രമണോത്സുക ബാറ്റിങ് ശൈലി പക്ഷേ, ഇതുവരെ ഇന്ത്യയിൽ പരീക്ഷിക്കപ്പെട്ടിട്ടില്ല. ഇങ്ങനെയൊരു സമീപനത്തെ ഇന്ത്യൻ ബൗളർമാർ ഇന്ത്യയിൽ ഇതുവരെ നേരിട്ടിട്ടുമില്ല.

2012ൽ അലിസ്റ്റർ കുക്ക് നയിച്ച ഇംഗ്ലണ്ട് ടീം തന്നെയാണ് ഇതിനു മുൻപ് അവസാനമായി ഇന്ത്യക്കെതിരേ ഇന്ത്യയിൽ ടെസ്റ്റ് പരമ്പര നേടിയത്. 2-1നായിരുന്നു അന്നത്തെ ഇംഗ്ലിഷ് വിജയം. അതിനു ശേഷം ഏഴ് ക്ലീൻ സ്വീപ്പുകൾ അടക്കം 16 ടെസ്റ്റ് പരമ്പര വിജയങ്ങളാണ് ഇന്ത്യ സ്വന്തം നാട്ടിൽ കുറിച്ചത്. 44 മത്സരങ്ങൾ ഇതിൽ ഉൾപ്പെടുന്നു. ഇതിൽ ഇന്ത്യ തോറ്റത് വെറും മൂന്നെണ്ണത്തിൽ. എൺപതുകളിലെ വെസ്റ്റിൻഡീസിനും ഈ നൂറ്റാണ്ടിന്‍റെ തുടക്കത്തിലെ ഓസ്ട്രേലിയയ്ക്കും പോലും ഇത്രയും അപ്രമാദിത്വം കാഴ്ചവയ്ക്കാൻ സാധിച്ചിട്ടില്ല.

ഇക്കുറി അഞ്ച് ടെസ്റ്റുകളുടെ പരമ്പരയാണ് ഇംഗ്ലണ്ട് കളിക്കുന്നത്. ഏതാനും വർഷങ്ങളായി നാട്ടിൽ ഇന്ത്യയുടെ ഏറ്റവും വലിയ കരുത്തായ രണ്ടു പേരിലാണ് ആതിഥേയർ ഇക്കുറിയും പ്രധാന പ്രതീക്ഷയർപ്പിക്കുന്നത് - ആർ. അശ്വിനും രവീന്ദ്ര ജഡേജയും. 2012 മുതലിങ്ങോട്ട് 46 ടെസ്റ്റിൽ 283 വിക്കറ്റാണ് അശ്വിൻ കൊയ്തുകൂട്ടിയത്. അശ്വിന്‍റെ സപ്പോർട്ട് റോളിലേക്ക് പലപ്പോഴും ഒതുങ്ങിപ്പോകാറുണ്ടെങ്കിലും സ്വന്തം നിലയ്ക്ക് മത്സരങ്ങൾ ജയിപ്പിക്കാൻ ശേഷിയുള്ള സ്പിന്നറാണ് ജഡേജയും. ഇതേ കാലഘട്ടത്തിൽ കളിച്ച 39 ടെസ്റ്റിൽ 191 വിക്കറ്റ് ജഡേജയും നേടിയിട്ടുണ്ട്. ഇരുവരും ഒരുമിച്ച് ടീമിൽ വരുന്നത് ഇന്ത്യയുടെ ബാറ്റിങ് സന്തുലനവും മെച്ചപ്പെടുത്തുന്നു. മൂന്നാമതൊരു സ്പിന്നറെ കൂടി ഇന്ത്യ പ്ലെയിങ് ഇലവനിൽ ഉൾപ്പെടുത്താനാണ് സാധ്യത. അക്ഷർ പട്ടേലിനോ കുൽദീപ് യാദവിനോ അവസരം ലഭിക്കും.

സ്പിന്നിനെ നേരിടാൻ അബുദാബിയിലെ വിക്കറ്റുകളിൽ പ്രത്യേക പരിശീലനം നടത്തിയാണ് ഇംഗ്ലണ്ട് എത്തുന്നത്. ഇന്ത്യയെപ്പോലെ ഇംഗ്ലണ്ടും മൂന്നു സ്പിന്നർമാരെ അണിനിരത്താൻ സാധ്യത ഏറെയാണ്. ജാക്ക് ലീച്ച് ആയിരിക്കും പ്രധാന സ്പിന്നർ. ചെയ്ഞ്ച് ബൗളർ എന്നതിലുപരി മത്സരഗതി മാറ്റിമറിക്കാൻ ഇന്ത്യൻ പിച്ചുകൾ സാധ്യത കൽപ്പിക്കപ്പെടുന്ന കളിക്കാരനാണ് ജോ റൂട്ടും.

ബാറ്റിങ് നിരയിൽ ഇന്ത്യ നേരിടുന്ന പ്രധാന പ്രതിസന്ധി വിരാട് കോലിയുടെ അസാന്നിധ്യം തന്നെയാണ്. ആദ്യ രണ്ടു മത്സരങ്ങളിൽനിന്നും വ്യക്തിപരമായ കാരണങ്ങളാൽ കോലി വിട്ടുനിൽക്കുകയാണ്. പകരം രജത് പാട്ടീദാറിനെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും ഫസ്റ്റ് ഇലവനിൽ ഉൾപ്പെടാനിടയില്ല. ക്യാപ്റ്റൻ രോഹിത് ശർമയും യുവതാരം യശസ്വി ജയ്സ്വാളും ഓപ്പണർമാരാകും. വൺ ഡൗൺ പൊസിഷനിൽ സ്ഥാനമുറപ്പിക്കാൻ ശുഭ്‌മാൻ ഗില്ലിന് വീണ്ടും അവസരം ലഭിക്കുന്നു. കോലിയുടെ നാലാം നമ്പറിൽ കെ.എൽ. രാഹുലോ ശ്രേയസ് അയ്യരോ ബാറ്റ് ചെയ്യും. രാഹുൽ കീപ്പറാകില്ലെന്ന് കോച്ച് രാഹുൽ ദ്രാവിഡ് പ്രഖ്യാപിച്ചു കഴിഞ്ഞ സാഹചര്യത്തിൽ, കെ.എസ്. ഭരത് അല്ലെങ്കിൽ ധ്രുവ് ജുറൽ ആയിരിക്കും ആറാം നമ്പറിൽ. പേസ് ബൗളിങ് നിരയിൽ ജസ്പ്രീത് ബുംറയും മുഹമ്മദ് സിറാജും മാത്രമായിരിക്കും ഉൾപ്പെടുക.

ടീമുകൾ:

ഇന്ത്യ - രോഹിത് ശർമ (ക്യാപ്റ്റൻ), ശുഭ്‌മൻ ഗിൽ, യശസ്വി ജയ്സ്വാൾ, ശ്രേയസ് അയ്യർ, കെ.എൽ. രാഹുൽ, കെ.എസ്. ഭരത് (വിക്കറ്റ് കീപ്പർ), ധ്രുവ് ജുറൽ (വിക്കറ്റ് കീപ്പർ), രവീന്ദ്ര ജഡേജ, ആർ. അശ്വിൻ, അക്ഷർ പട്ടേൽ, കുൽദീപ് യാദവ്, മുഹമ്മദ് സിറാജ്, മുകേഷ് കുമാർ, ജസ്പ്രീത് ബുംറ (വൈസ് ക്യാപ്റ്റൻ), ആവേശ് ഖാൻ.

ഇംഗ്ലണ്ട് - ബെൻ സ്റ്റോക്സ് (ക്യാപ്റ്റൻ), സാക്ക് ക്രോളി, ബെൻ ഡക്കറ്റ്, ഒലി പോപ്പ്, ജോ റൂട്ട്, ജോണി ബെയർസ്റ്റോ (വിക്കറ്റ് കീപ്പർ), ബെൻ ഫോക്സ് (വിക്കറ്റ് കീപ്പർ), രെഹാൻ അഹമ്മദ്, ടോം ഹാർട്ട്ലി, മാർക്ക് വുഡ്, ജാക്ക് ലീച്ച്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com