ഇന്ത്യക്ക് ഇനി ഇംഗ്ലിഷ് പരീക്ഷ

ഇന്ത്യ - ഇംഗ്ലണ്ട് ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയ്ക്ക് വെള്ളിയാഴ്ച തുടക്കം
India vs England 1st Test preview

ശുഭ്മൻ ഗിൽ, ശാർദൂൽ ഠാക്കൂർ, നിതീഷ് കുമാർ റെഡ്ഡി പരിശീനത്തിനിടെ

Updated on

ലണ്ടൻ: വിരാട് കോലിയും രോഹിത് ശർമയും ആർ. അശ്വിനും നിറഞ്ഞാടിയ വർഷങ്ങൾക്കുശേഷം ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റ് ടീം പുതിയ കാലത്തിലേക്ക് കടക്കുന്നു. യുവ നായകൻ ശുഭ്മൻ ഗില്ലിനു കീഴിലെ കന്നിപ്പരീക്ഷണത്തിൽ ഇംഗ്ലണ്ടാണ് എതിരാളികൾ. അഞ്ച് ടെസ്റ്റുകളുടെ പരമ്പരയിലെ ആദ്യ പോരാട്ടത്തിന്‍റെ വേദി ലീഡ്സിലെ ഹെഡ‌ിങ്‌ലി. ഇന്ത്യൻ സമയം 3.30ന് മത്സരം ആരംഭിക്കും.

2007ൽ രാഹുൽ ദ്രാവിഡിന്‍റെ ക്യാപ്റ്റൻസിക്കു കീഴിലാണ് ഇന്ത്യ ഇംഗ്ലണ്ടിൽ അവസാനം ടെസ്റ്റ് പരമ്പര ജയിച്ചത്. 2021ലെ ഒടുവിലത്തെ ഇംഗ്ലിഷ് പര്യടനത്തിൽ ഇന്ത്യ 2-2ന് സമനില സ്വന്തമാക്കിയിരുന്നു.

ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലെ മുഖാമുഖം ലോകമെമ്പാടുമുള്ള ആരാധകരെ എക്കാലത്തും ഹരംകൊള്ളിച്ചിട്ടുള്ളതാണ്. ആഷസിനൊപ്പംവയ്ക്കാൻ സാധിക്കുന്ന ക്രിക്കറ്റ് പോരാട്ടം. ഇംഗ്ലണ്ടുമായുള്ള ഇത്തവണത്തെ പരമ്പര ഇന്ത്യൻ ക്രിക്കറ്റിനെ സംബന്ധിച്ച് അതിപ്രധാനമാകുന്നു. കോലിക്കും രോഹിതിനും അശ്വിനും ശേഷം എന്തെന്ന ചോദ്യത്തിന് ഇന്ത്യയ്ക്ക് ഇംഗ്ലണ്ടിൽ ഉത്തരം കണ്ടെത്തേണ്ടതുണ്ട്.

ടെസ്റ്റിൽ സമീപ കാലത്ത് ഇന്ത്യയുടെ പ്രകടനം മോശമായിരുന്നുവെന്നു തന്നെ പറയാം. സ്വന്തം മണ്ണിൽ ന്യൂസിലൻഡിനോട് 3-0ത്തിന് തോറ്റ ഇന്ത്യ ഓസ്ട്രേലിയയോട് അവരുടെ നാട്ടിൽ 3-1നും തറപറ്റിയിരുന്നു. അതിനാൽത്തന്നെ പുതിയ ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് സൈക്കിളിൽ ജയത്തോടെ തുടങ്ങി വിമർശകർക്ക് മറുപടി നൽകുകയായിരിക്കും ഗില്ലിന്‍റെയും കൂട്ടരുടെയും ലക്ഷ്യം.

പുതിയ പരീക്ഷണങ്ങളുടെ കാലത്തും ഇന്ത്യൻ ടീമിൽ പ്രതിഭാദാരിദ്ര്യമൊന്നുമില്ല. ഗില്ലും കെ.എൽ. രാഹുലും യശ്വസി ജയ്സ്വാളും എല്ലാം മികച്ചവർ തന്നെ. പക്ഷേ, ഇംഗ്ലണ്ടിലെ സീം, സ്വിങ് ബോളുകളെ ഇവർ എങ്ങനെ അതിജീവിക്കുമെന്നതിന് അനുസരിച്ചിരിക്കും പരമ്പരയിൽ ഇന്ത്യയുടെ ഭാവി. സന്നാഹ മത്സരങ്ങൾ കളിച്ച രാഹുൽ മികച്ച ഫോമിലാണെന്നത് ഇന്ത്യ‌യ്ക്ക് പ്രതീക്ഷയേകുന്നു. ഇംഗ്ലണ്ടിൽ സെഞ്ചുറിയുള്ള ബാറ്റർ കൂടിയാണ് രാഹുൽ. ടോപ്പ് ഓർഡറിൽ പരിചയം കൂടുതലുള്ള രാഹുൽ, ജയ്സ്വാളിനൊപ്പം ഓപ്പൺ ചെയ്തേക്കും. സായി സുദർശൻ മൂന്നാം നമ്പറിലും ഗിൽ നാലും നമ്പറിലും ഇറങ്ങും. അന്താരാഷ്ട്ര ക്രിക്കറ്റിൽ പുതിയ തുടക്കം തേടുന്ന കരുൺ നായരും മധ്യനിരയിൽ‌ വന്നേക്കും.

സ്റ്റാർ പേസർ ജസ്പ്രീത് ബുംറയായിരിക്കും ഇന്ത്യൻ ബൗളിങ് ആക്ര‌മണം നയിക്കുക. 2021ലെ പര്യടനത്തിൽ 23 വിക്കറ്റുകൾ പിഴുത ബുംറ ഇംഗ്ലിഷ് ബാറ്റിങ് നിരയുടെ പേടിസ്വപ്നമാണ്. മികച്ച ഫോമിലുള്ള മുഹമ്മദ് സിറാജും പ്രസിദ്ധ് കൃഷ്ണയും ബുംറയുടെ പേസ് ‌കൂട്ടാളികളാകും. രവീന്ദ്ര ജഡേജ ഇന്ത്യയുടെ ഏക സ്പിന്നർ ആകാനാണ് സാധ്യത. സീം ബൗളിങ് ഓൾറൗണ്ടർ റോളിലേക്ക് ശാർദൂൽ ഠാക്കൂറും നിതീഷ് കുമാർ റെഡ്ഡിയും പരിഗണനയിലുണ്ട്.

സ്വന്തം നാട്ടിൽ മികച്ച റെക്കോഡുള്ളവരാണ് ഇംഗ്ലണ്ട് ടെസ്റ്റ് ടീം. മാത്രമല്ല ആക്രമണ ക്രിക്കറ്റ് ശൈലിയായ ബാസ്ബോളിലേക്ക് കടന്നശേഷം കളിച്ച 12 പരമ്പ‌രകളിൽ എട്ടിലും ജയിച്ചത് ഇംഗ്ലണ്ടാണ്. ബാറ്റിങ്ങിൽ ജോ റൂട്ടാണ് അവരുടെ തുറുപ്പുചീട്ട്. ഹാരി ബ്രൂക്ക്, ബെൻ ഡക്കറ്റ്, സാക് ക്രോളി എന്നിവരും ഇന്ത്യൻ ബൗളർമാർക്ക് വെല്ലുവിളി ഉയർത്തും. പുതു ബാറ്റിങ് സെൻസേഷനുകളായ ജേക്കബ് ബഥേലും ജാമി സ്മിത്തും ഏത് എതിരാളിക്കും പ്രതിബന്ധം തീർക്കാൻ പാകത്തിൽ പ്രതിഭയുള്ളയാളാണ്. ക്യാപ്റ്റൻ ബെൻ സ്റ്റോക്സിന്‍റെ ഓൾറൗണ്ട് മികവ് ഇന്ത്യയെ മെരുക്കാൻ സഹായിക്കുമെന്നും ഇംഗ്ലണ്ട് കണക്കുകൂട്ടുന്നു.

പരിചയസമ്പന്നനായ ക്രിസ് വോക്സ് തിരിച്ചെത്തിയെങ്കിലും, ഇംഗ്ലിഷ് ബൗളിങ് പഴയപോലെ കരുത്തുറ്റതല്ല. ഇന്ത്യൻ ബാറ്റർമാരുടെ ഏറ്റവും വലിയ പ്രതിയോഗിയായിരുന്ന പേസർ ജയിംസ് ആൻഡേഴ്സനും കൂട്ടാളി സ്റ്റ്യുവർട്ട് ബ്രോഡും വിരമിച്ചുകഴിഞ്ഞു. മുൻനിര പേസർമാരായ ജോഫ്ര ആർച്ചറും മാർക്ക് വുഡും പരുക്കേറ്റ് പുറത്താണ്. അതിനാൽ ബ്രൈഡൻ കാർസ് ആയിരിക്കും ക്രിസ് വോക്സിന്‍റെ ന്യൂബോൾ പങ്കാളി. ജോഷ് ടങും ഇംഗ്ലിഷ് പേസ് നിരയിലുണ്ടാവും. ഷൊയിബ് ബഷീർ ഇന്ത്യക്കെതിരേ സ്പിൻ കെണി തീർക്കാൻ കളത്തിലിറങ്ങും.

സാധ്യതാ ടീമുകൾ

ഇന്ത്യ: കെ.എൽ. രാഹുൽ, യശ്വസി ജയ്സ്വാൾ, സായ് സുദർശൻ, ശുഭ്മൻ ഗിൽ (ക്യാപ്റ്റൻ), കരുൺ നായർ, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പർ - വൈസ് ക്യാപ്റ്റൻ), രവീന്ദ്ര ജഡേജ, നിതീഷ് കുമാർ റെഡ്ഡി/ശാർദൂൽ ഠാക്കൂർ, മുഹമ്മദ് സിറാജ്, ജസ്പ്രീത് ബുംറ, പ്രസിദ്ധ് കൃഷ്ണ.

ഇംഗ്ലണ്ട്: സാക് ക്രോളി, ബെൻ ഡക്കറ്റ്, ജേക്കബ് ബഥേൽ, ജോ റൂട്ട്, ഹാരി ബ്രൂക്ക്, ജാമി സ്മിത്ത്, ബെൻ സ്റ്റോക്സ് (ക്യാപ്റ്റൻ), ക്രിസ് വോക്സ്, ബ്രൈഡൻ കാർസ്, ഷോയിബ് ബഷീർ, ജോഷ് ടങ്.

ഇന്ത്യ - ഇംഗ്ലണ്ട് മുഖാമുഖം

  • ആകെ ടെസ്റ്റ്-136

  • ഇന്ത്യൻ ജയം - 35

  • ഇംഗ്ലണ്ട് ജയം - 51

  • സമനില - 50

  • പരമ്പരകൾ - 36

  • ഇന്ത്യ നേടിയത് -11

  • ഇംഗ്ലണ്ട് നേടിയത് -17

  • സമനില -8

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com