രോഹിത് റീലോഡഡ്; ഇന്ത്യക്ക് ജയം, പരമ്പര സ്വന്തം

ഇന്ത്യ - ഇംഗ്ലണ്ട് ഏകദിന ക്രിക്കറ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യക്ക് നാല് വിക്കറ്റ് ജയം. ഫോമിൽ തിരിച്ചെത്തിയ ക്യാപ്റ്റൻ രോഹിത് ശർമ സെഞ്ചുറി നേടി.
Rohit Sharma plays a Nataraja pull against England
ഇംഗ്ലണ്ടിനെതിരേ രോഹിത് ശർമയുടെ നടരാജ പുൾ
Updated on

കട്ടക്ക്: ഇന്ത്യ - ഇംഗ്ലണ്ട് ഏകദിന ക്രിക്കറ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യക്ക് നാല് വിക്കറ്റ് ജയം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 49.5 ഓവറിൽ 304 റൺസിന് ഓൾഔട്ടാകുകയായിരുന്നു. ക്യാപ്റ്റൻ രോഹിത് ശർമയുടെ സെഞ്ചുറി ഇന്ത്യക്കു കരുത്തായപ്പോൾ, നാല് വിക്കറ്റും 33 പന്തും ബാക്കി നിൽക്കെ ജയവും സ്വന്തമാക്കി. മൂന്നു മത്സരങ്ങൾ ഉൾപ്പെട്ട പരമ്പരയിൽ ഇന്ത്യക്ക് ഇതോടെ 2-0 എന്ന അപരാജിത ലീഡായി.

ഓപ്പണർ ബെൻ ഡക്കറ്റിന്‍റെയും (56 പന്തിൽ 65) വെറ്ററൻ താരം ജോ റൂട്ടിന്‍റെയും (72 പന്തിൽ 62) അർധ സെഞ്ചുറികളാണ് ഇംഗ്ലണ്ട് ഇന്നിങ്സിനു കരുത്ത് പകർന്നത്. ഹാരി ബ്രൂക്കും (31) ക്യാപ്റ്റൻ ജോസ് ബട്ലറും (34) ഭേദപ്പെട്ട സംഭാവനകൾ നൽകിയപ്പോൾ ലിയാം ലിവിങ്സ്റ്റൺ (41) റൺ നിരക്ക് ഉയർത്തുന്നതിൽ പ്രധാന പങ്ക് വഹിച്ചു. പത്തോവറിൽ 35 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ രവീന്ദ്ര ജഡേജ ബൗളിങ്ങിൽ തിളങ്ങി.

Ravindra Jadeja celebrates an England wicket
രവീന്ദ്ര ജഡേജയുടെ വിക്കറ്റ് ആഘോഷം

മറുപടി ബാറ്റിങ്ങിൽ ക്യാപ്റ്റൻ രോഹിത് ശർമയും ശുഭ്മൻ ഗില്ലും ചേർന്ന് തകർപ്പൻ തുടക്കമാണ് ഇന്ത്യക്കു നൽകിയത്. വെറും 30 പന്തിൽ 50 തികച്ച രോഹിത് ശർമ, 76 പന്തിൽ തന്‍റെ ഏകദിന കരിയറിലെ 32ാം സെഞ്ചുറിയും സ്വന്തമാക്കി. 90 പന്തിൽ 12 ഫോറും ഏഴ് സിക്സും സഹിതം 119 റൺസെടുത്താണ് രോഹിത് പുറത്തായത്.

Rohit Sharma hits his first six in the Indian innings
മത്സരത്തിൽ രോഹിത് ശർമയുടെ ആദ്യ സിക്സർ.

അർധ സെഞ്ചുറി തികയ്ക്കുമ്പോൾ തന്നെ നാല് ഫോറും നാല് സിക്സും രോഹിത് നേടിയിരുന്നു. ഓപ്പണിങ് സഖ്യം 6.2 ഓവറിൽ തന്നെ ഇന്ത്യയുടെ സ്കോർ 50 കടത്തി, 13.3 ഓവറിൽ നൂറും. 45 പന്തിൽ അർധ സെഞ്ചുറി പിന്നിട്ട ഗിൽ, 52 പന്തിൽ ഒമ്പത് ഫോറും ഒരു സിക്സും സഹിതം 62 റൺസെടുത്ത് പുറത്തായി. ഗില്ലിന്‍റെ തുടർച്ചയായ രണ്ടാം അർധ സെഞ്ചുറിയാണിത്. ആദ്യ മത്സരത്തിൽ 87 റൺസെടുത്ത് ടോപ് സ്കോററായിരുന്നു.

ഗില്ലിനു പകരം വന്ന വിരാട് കോലി പക്ഷേ, എട്ട് പന്തിൽ അഞ്ച് റൺസെടുത്ത് പുറത്തായി. എന്നാൽ, രോഹിത് റൺ റേറ്റ് താഴാതെ ആക്രമണം തുടർന്നപ്പോൾ ഇന്ത്യൻ സ്കോർ 26.4 ഓവറിൽ 200 കടന്നു.

ശ്രേയസ് അയ്യർ (44), കെ.എൽ. രാഹുൽ (10), ഹാർദിക് പാണ്ഡ്യ (10) എന്നിവരുടെ വിക്കറ്റ് കൂടി ഇന്ത്യക്ക് നഷ്ടമായി. അക്ഷർ പട്ടേൽ 41 റൺസും രവീന്ദ്ര ജഡേജ 11 റൺസും നേടി പുറത്താകാതെ നിന്നു.

india vs england 2nd odi updates
ബെൻ ഡക്കറ്റ്

നേരത്തെ, 36 പന്തിൽ അർധ സെഞ്ചുറി തികച്ച ഡക്കറ്റ് വേഗമേറിയ തുടക്കമാണ് ഇംഗ്ലണ്ടിനു നൽകിയത്. 10 ബൗണ്ടറികൾ ഉൾപ്പെട്ട ഇന്നിങ്സിന് അന്ത്യം കുറിച്ചതും ജഡേജ. ഓപ്പണർ ഫിൽ സോൾട്ടിന്‍റെ (26) വിക്കറ്റാണ് ഇംഗ്ലണ്ടിന് ആദ്യം നഷ്ടമായത്. വരുൺ ചക്രവർത്തിയുടെ കന്നി ഏകദിന വിക്കറ്റാണിത്. കട്ടക്കിലെ ബാരാമതി സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ രണ്ട് മാറ്റങ്ങളുമായിട്ടാണ് ഇന്ത‍്യ കളിക്കുന്നത്. കാൽ മുട്ടിനേറ്റ പരുക്കു മൂലം ആദ‍്യ ഏകദിനം കളിക്കാതിരുന്ന വിരാട് കോലി ടീമിൽ തിരിച്ചെത്തിയപ്പോൾ ഓപ്പണർ യശസ്വി ജയ്‌സ്വാൾ പ്ലേയിങ് ഇലവനിൽ നിന്ന് പുറത്തായി. ആദ‍്യ മത്സരം കളിച്ച കുൽദീപ് യാദവിന് പകരം വരുൺ ചക്രവർത്തി ഏകദിന അരങ്ങേറ്റം കുറിച്ചു.

ഇംഗ്ലണ്ട് ടീമിൽ മൂന്ന് മാറ്റങ്ങളാണുള്ളത്. പേസർ മാർക്ക് വുഡ്, ഗുസ് അറ്റ്കിൻസൺ, ജാമി ഓവർടൺ എന്നിവരെയാണ് പ്ലേയിങ് ഇലവനിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com