രണ്ടാം ടെസ്റ്റ്: ഇന്ത്യ 336/6, ജയ്സ്വാൾ 179 നോട്ടൗട്ട്

ഇന്ത്യൻ ടീമിൽ മൂന്ന് മാറ്റം, രജത് പാട്ടീദാറിന് അരങ്ങേറ്റം. കുൽദീപും മുകേഷും ടീമിൽ.
സെഞ്ചുറി നേടിയ യശസ്വി ജയ്സ്വാളിന്‍റെ ആഹ്ളാദം.
സെഞ്ചുറി നേടിയ യശസ്വി ജയ്സ്വാളിന്‍റെ ആഹ്ളാദം.

വിശാഖപട്ടണം: ഇംഗ്ലണ്ടിനെതിരായ ക്രിക്കറ്റ് ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യ ആദ്യ ദിവസം കളി അവസാമിപ്പിക്കുമ്പോൾ ആറ് വിക്കറ്റ് നഷ്ടത്തിൽ 336 റൺസ് എന്ന നിലയിൽ. 179 റൺസുമായി ഓപ്പണർ യശസ്വി ജയ്സ്വാളും അഞ്ച് റൺസുമായി ആർ. അശ്വിനും ക്രീസിൽ.

ക്യാപ്റ്റൻ രോഹിത് ശർമയും (14) യുവതാരം ശുഭ്‌മൻ ഗില്ലും (34) വലിയ സംഭാവനകൾ നൽകാതെ പുറത്തായപ്പോൾ, ജയ്സ്വാളിന്‍റെ സെഞ്ചുറിയാണ് ഇന്ത്യയെ തകർച്ചയിൽ നിന്നു കരകയറ്റിയത്. ശ്രേയസ് അയ്യർക്കും (27) രജത് പാട്ടീദാറിനും (32) അക്ഷർ പട്ടേലിനും (27) ഒപ്പം ജയ്സ്വാൾ അർധ സെഞ്ചുറി കൂട്ടുകെട്ടുകൾ പടുത്തുയർത്തി.

94 റൺസിലെത്തിയപ്പോൾ നേടിയ സിക്സറിലൂടെയാണ് ജയ്സ്വാൾ 150 പന്തിൽ തന്‍റെ രണ്ടാം ടെസ്റ്റ് സെഞ്ചുറി പൂർത്തിയാക്കിയത്. ഒന്നാം ദിവസം ആകെ 257 പന്ത് നേരിട്ടു കഴിഞ്ഞു. 17 ഫോറും അഞ്ച് സിക്സും നേടി.

ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയുടെ (14) വിക്കറ്റ് വീഴ്ത്തിയ ഇംഗ്ലണ്ടിന്‍റെ അരങ്ങേറ്റക്കാരൻ ഓഫ് സ്പിന്നർ ഷോയിബ് ബഷീറിന്‍റെ ആഹ്ളാദ പ്രകടനം.
ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയുടെ (14) വിക്കറ്റ് വീഴ്ത്തിയ ഇംഗ്ലണ്ടിന്‍റെ അരങ്ങേറ്റക്കാരൻ ഓഫ് സ്പിന്നർ ഷോയിബ് ബഷീറിന്‍റെ ആഹ്ളാദ പ്രകടനം.

ടീമിൽ മൂന്ന് മാറ്റങ്ങളുമായാണ് ആതിഥേയർ കളിക്കാനിറങ്ങിയത്. പരുക്കേറ്റ് പുറത്തായ കെ.എൽ. രാഹുലിനു പകരം രജത് പാട്ടീദാർ അരങ്ങേറ്റം കുറിച്ചു. പരുക്കിന്‍റെ പിടിയിൽ തന്നെയുള്ള രവീന്ദ്ര ജഡേജയ്ക്കു പകരം ഇടങ്കയ്യൻ ചൈനാമാൻ ബൗളർ കുൽദീപ് യാദവും ടീമിലെത്തി. ആദ്യ മത്സരത്തിൽ നിറം മങ്ങിയ മുഹമ്മദ് സിറാജിനു പകരം മുകേഷ് കുമാർ ടീമിലെത്തിയതാണ് മറ്റൊരു മാറ്റം.

ഇംഗ്ലണ്ട് ടീമിൽ രണ്ടു മാറ്റങ്ങളാണുള്ളത്. പരുക്കേറ്റ ലീഡ് സ്പിന്നർ ജാക്ക് ലീച്ചിനു പകരം പാക്കിസ്ഥാൻ വംശജനായ ഓഫ് സ്പിന്നർ ഷോയിബ് ബഷീർ ടെസ്റ്റിൽ അരങ്ങേറ്റം കുറിച്ചു. ആദ്യ മത്സരത്തിൽ വിക്കറ്റൊന്നും കിട്ടാതെ പോയ മാർക്ക് വുഡിനു പകരം വെറ്ററൻ പേസ് ബൗളർ ജയിംസ് ആൻഡേഴ്സണെ ടീമിലേക്കു തിരിച്ചുവിളിക്കുകയും ചെയ്തിട്ടുണ്ട്.

യശസ്വി ജയ്സ്വാളിന്‍റെ സിക്സർ.
യശസ്വി ജയ്സ്വാളിന്‍റെ സിക്സർ.

ടീമുകൾ:

ഇന്ത്യ- രോഹിത് ശർമ (ക്യാപ്റ്റൻ), യശസ്വി ജയ്സ്വാൾ, ശുഭ്‌മൻ ഗിൽ, രജത് പാട്ടീദാർ, ശ്രേയസ് അയ്യർ, കെ.എസ്. ഭരത് (വിക്കറ്റ് കീപ്പർ), ആർ. അശ്വിൻ, കുൽദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.

ഇംഗ്ലണ്ട്- സാക്ക് ക്രോളി, ബെൻ ഡക്കറ്റ്, ഒലി പോപ്പ്, ജോ റൂട്ട്, ജോണി ബെയർസ്റ്റോ, ബെൻ സ്റ്റോക്സ് (ക്യാപ്റ്റൻ), ബെൻ ഫോക്സ് (വിക്കറ്റ് കീപ്പർ), രെഹാൻ അഹമ്മദ്, ടോം ഹാർട്ട്ലി, ഷോയിബ് ബഷീർ, ജയിംസ് ആൻഡേഴ്സൺ.

Trending

No stories found.

Latest News

No stories found.