രണ്ടാം ടെസ്റ്റ്: ഗില്ലിന് സെഞ്ചുറി, ഇന്ത്യ 310/5

അഞ്ച് മത്സര പരമ്പരയിലെ രണ്ടാം മത്സരത്തിൽ ടോസ് നേടിയ ഇംഗ്ലണ്ട് ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് ഇന്ത്യയെ ബാറ്റിങ്ങിനു ക്ഷണിക്കുകയായിരുന്നു, ഇന്ത്യൻ ടീമിൽ മൂന്നു മാറ്റങ്ങൾ
Shubman GIll's 2nd Test hundred as captain saves India on Day 1 against England

ഇന്ത്യൻ ക്യാപ്റ്റനായ ശേഷം രണ്ടാം ടെസ്റ്റ് സെഞ്ചുറി നേടിയ ശുഭ്മൻ ഗില്ലിന്‍റെ ആഘോഷം.

Updated on

എഡ്‌ജ്‌ബാസ്റ്റൺ: ഇന്ത്യ - ഇംഗ്ലണ്ട് ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്യുന്ന ഇന്ത്യക്കു വേണ്ടി ക്യാപ്റ്റൻ ശുഭ്മൻ ഗിൽ സെഞ്ചുറിയും ഓപ്പണർ യശസ്വി ജയ്സ്വാൾ അർധ സെഞ്ചുറിയും നേടി. ആദ്യ ദിവസം അവസാനിക്കുമ്പോൾ ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 310 റൺസ് എന്ന നിലയിൽ. 114 റൺസുമായി ഗില്ലും 41 റൺസെടുത്ത രവീന്ദ്ര ജഡേജയും ക്രീസിൽ.

ടോസ് നേടിയ ഇംഗ്ലണ്ട് ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് സന്ദർശകരെ ബാറ്റിങ്ങിനു ക്ഷണിക്കുകയായിരുന്നു. സ്കോർ ബോർഡിൽ വെറും 15 റൺസുള്ളപ്പോൾ കെ.എൽ. രാഹുലിന്‍റെ (2) വിക്കറ്റ് നഷ്ടമായ ഇന്ത്യയെ ജയ്സ്വാളും മൂന്നാം നമ്പറിലേക്കു സ്ഥാനക്കയറ്റം കിട്ടിയ കരുൺ നായരും ചേർന്ന് പോസിറ്റിവ് സമീപനത്തോടെ മുന്നോട്ടു നയിച്ചു.

59 പന്തിലാണ് ജയ്സ്വാൾ തന്‍റെ ടെസ്റ്റ് കരിയറിലെ പതിനൊന്നാം അർധ സെഞ്ചുറി പൂർത്തിയാക്കിയത്. എന്നാൽ, മനോഹരമായി ബാറ്റ് ചെയ്തുകൊണ്ടിരുന്ന കരുൺ നായരുടെ വിക്കറ്റ് ഇതിനു പിന്നാലെ നഷ്ടപ്പെട്ടത് തിരിച്ചടിയായി. 50 പന്തിൽ 31 റൺസെടുത്ത കരുൺ, രാഹുലിനെപ്പോലെ ഷോർട്ട് ബോൾ കെണിയിലാണ് കുടുങ്ങിയത്. ക്രിസ് വോക്സിന്‍റെ ബൗൺസർ പ്രതിരോധിച്ച് സ്വന്തം വിക്കറ്റിലേക്കിടുകയായിരുന്നു രാഹുൽ. ബ്രൈഡൻ കാർസിന്‍റെ പന്ത് കരുണിന്‍റെ ഗ്ലൗസിൽ തട്ടി സ്ലിപ്പിൽ ഹാരി ബ്രൂക്കിന്‍റെ കൈകളിലുമെത്തി.

തുടർന്നെത്തിയ ഗിൽ കരുതലോടെ ഇംഗ്ലണ്ട് ബൗളർമാരെ നേരിട്ടു. ക്യാപ്റ്റനുമൊത്ത് 66 റൺസ് കൂട്ടിച്ചേർത്ത ശേഷമാണ് ജയ്സ്വാൾ മടങ്ങിയത്. 107 പന്ത് നേരിട്ട ജയ്സ്വാൾ 13 ഫോർ ഉൾപ്പെടെ 87 റൺസെടുത്തു. അതിനു ശേഷം ഗില്ലിനൊപ്പം ചേർന്ന വൈസ് ക്യാപ്റ്റൻ ഋഷഭ് പന്തിന് മികച്ച തുടക്കം കിട്ടിയെങ്കിലും 42 പന്തിൽ 25 റൺസെടുത്ത് പുറത്തായി. ശാർദൂൽ ഠാക്കൂറിനു പകരം കളിച്ച നിതീഷ് കുമാർ റെഡ്ഡി ആറ് പന്ത് നേരിട്ട് ഒരു റൺ മാത്രമെടുത്ത് പുറത്തായതോടെ ഇന്ത്യ 211/5 എന്ന നിലയിൽ.

എന്നാൽ, ആറാം വിക്കറ്റ് കൂട്ടുകെട്ടിൽ ഗില്ലിനൊപ്പം ചേർന്ന രവീന്ദ്ര ജഡേജ മികച്ച കൂട്ടുകെട്ടുയർത്തി. ഇരുവരും ചേർന്ന് 99 റൺസ് ഇതുവരെ ചേർത്തുകഴിഞ്ഞു. ഇതിനകം 216 പന്ത് നേരിട്ട ഗിൽ 12 ഫോർ അടിച്ചിട്ടുണ്ട്. ജഡേജ 67 പന്തിൽ അഞ്ച് ഫോറും നേടി. ഇംഗ്ലണ്ടിനു വേണ്ടി ക്രിസ് വോക്സ് രണ്ട് വിക്കറ്റ് നേടിയപ്പോൾ, ബ്രൈഡൻ കാർസ്, ബെൻ സ്റ്റോക്സ്, ഷോയിബ് ബഷീർ എന്നിവർക്ക് ഓരോ വിക്കറ്റ്.

India vs England 2nd cricket test Day 1

ബെൻ സ്റ്റോക്സിനെതിരേ യശസ്വി ജയ്സ്വാൾ കളിച്ച അപൂർവ ഷോട്ട്. തടിയിൽ കോടാലി കൊണ്ട് വെട്ടുന്നതു പോലെയുള്ള ഈ ഷോട്ടിനെ സ്ലാപ്പ് എന്നാണ് കമന്‍റേറ്റർമാർ വിശേഷിപ്പിച്ചത്.

ജസ്പ്രീത് ബുംറയ്ക്കു വിശ്രമം അനുവദിച്ച ഇന്ത്യ പകരം ആകാശ് ദീപിനെയാണ് ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പേസ് ബൗളിങ് ഓൾറൗണ്ടറുടെ റോളിൽ ശാർദൂൽ ഠാക്കൂറിനു പകരം നിതീഷ് കുമാർ റെഡ്ഡി പ്ലെയിങ് ഇലവനിലെത്തി.

ആദ്യ ടെസ്റ്റിൽ ഭേദപ്പെട്ട പ്രകടനം നടത്തിയ ബി. സായ് സുദർശൻ പുറത്തായതാണ് അപ്രതീക്ഷിത മാറ്റം. പകരം ഓഫ് സ്പിൻ ഓൾറൗണ്ടർ വാഷിങ്ടൺ സുന്ദറെയാണ് ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ മാറ്റം കാരണമാണ് ആദ്യ ടെസ്റ്റിൽ ആറാം നമ്പറിൽ കളിച്ച കരുൺ നായരെ ഇക്കുറി മൂന്നാം നമ്പറിലിറക്കിയത്.

India vs England 2nd cricket test Day 1

ടോസിനു മുൻപ് പിച്ച് പരിശോധിക്കുന്ന ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മൻ ഗിൽ.

ആദ്യ മത്സരത്തിൽ വാലറ്റക്കാരുടെ ബാറ്റിങ് സമ്പൂർണ പരാജയമായതിനാലാണ് നിതീഷിനെയും സുന്ദറെയും ഒരുമിച്ച് ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സ്പിൻ ബൗളിങ് ഓൾറൗണ്ടറായി രവീന്ദ്ര ജഡേജയും ടീമിൽ തുടരുന്നു. ആദ്യ മത്സരം ജയിച്ച ടീം തന്നെയാകും രണ്ടാം മത്സരത്തിനും ഇറങ്ങുക എന്ന ഇംഗ്ലണ്ട് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു.‌

ടീമുകൾ ഇങ്ങനെ:

ഇന്ത്യ: കെ.എൽ. രാഹുൽ, യശസ്വി ജയ്സ്വാൾ, കരുൺ നായർ, ശുഭ്മൻ ഗിൽ (ക്യാപ്റ്റൻ), ഋഷഭ് പന്ത് (വിക്കറ്റ് കീപ്പർ), നിതീഷ് കുമാർ റെഡ്ഡി, വാഷിങ്ടൺ സുന്ദർ, രവീന്ദ്ര ജഡേജ, ആകാശ് ദീപ്, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ.

ഇംഗ്ലണ്ട്: ബെൻ ഡക്കറ്റ്, സാക്ക് ക്രോളി, ഒലി പോപ്പ്, ജോ റൂട്ട്, ഹാരി ബ്രൂക്ക്, ബെൻ സ്റ്റോക്സ് (ക്യാപ്റ്റൻ), ജാമി സ്മിത്ത് (വിക്കറ്റ് കീപ്പർ), ക്രിസ് വോക്സ്, ബ്രൈഡൻ കാർസ്, ജോഷ് ടങ്, ഷോയിബ് ബഷീർ.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com