ഗില്ലിന് ഇരട്ട സെഞ്ചുറി, ഇംഗ്ലണ്ടിന് 3 വിക്കറ്റ് നഷ്ടം; രണ്ടാം ടെസ്റ്റിൽ ഇന്ത്യക്കു പ്രതീക്ഷ

ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ ആദ്യ ഇന്നിങ്സിൽ 587 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ ടോപ് ഓർഡർ തകർന്ന ഇംഗ്ലണ്ട് തിരിച്ചുവരവിനു പൊരുതുന്നു
India vs England 2nd cricket test Day 2

ഇംഗ്ലണ്ടിനെതിരേ ശുഭ്മൻ ഗില്ലിന്‍റെ ബാറ്റിങ്.

Updated on

ബർമിങ്ങാം: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് മികച്ച സ്കോർ. 587 റൺസിലാണ് ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് അവസാനിച്ചത്. രണ്ടാം ദിവസം കളി അവസാനിപ്പിക്കുമ്പോൾ ഇംഗ്ലണ്ട് മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 77 റൺസ് എന്ന നിലയിലാണ്. ജോ റൂട്ടും (18*) ഹാരി ബ്രൂക്കും (30) ക്രീസിൽ.

211 റൺസെടുക്കുന്നതിനിടെ അഞ്ച് വിക്കറ്റ് നഷ്ടപ്പെട്ട ഇന്ത്യക്കു വേണ്ടി ക്യാപ്റ്റൻ ശുഭ്മൻ ഗില്ലും ഓൾറൗണ്ടർ രവീന്ദ്ര ജഡേജയും ചേർന്ന് പടുത്തുയർത്തിയ 203 റൺസ് കൂട്ടുകെട്ട് നിർണായകമായി. രണ്ടാം ദിവസം രാവിലെ 114 റൺസിലാണ് ഗിൽ ബാറ്റിങ് പുനരാരംഭിച്ചത്, ജഡേജ 41 റൺസിലും. കരുതലോടെ കളിച്ച ഇരുവരും ചേർന്ന് ആദ്യ ഇന്നിങ്സ് വിക്കറ്റ് നഷ്ടമില്ലാതെ പൂർത്തിയാക്കുമെന്നു തോന്നിച്ചിടത്തു വച്ച് ജഡേജയെ നഷ്ടമായി.

India vs England 2nd cricket test Day 2

അർധ സെഞ്ചുറി നേടിയ രവീന്ദ്ര ജഡേജയുടെ ട്രേഡ് മാർക്ക് വാൾ ചുഴറ്റൽ ആഘോഷപ്രകടനം.

ക്യാപ്റ്റനൊപ്പം ഉറച്ചു നിന്ന രവീന്ദ്ര ജഡേജ (89) ടെസ്റ്റ് കരിയറിലെ 23ാം ടെസ്റ്റ് ഹാഫ് സെഞ്ചുറിയുമായാണ് കളം വിട്ടത്.‌ വെറും 11 റൺസ് അകലത്തിലാണ് അഞ്ചാം ടെസ്റ്റ് സെഞ്ചുറി വഴുതിപ്പോയത്. ജോഷ് ടങ്ങിന്‍റെ ബൗൺസറിൽ വിക്കറ്റ് കീപ്പർ ജാമി സ്മിത്തിനു ക്യാച്ച് നൽകുകയായിരുന്നു.

രണ്ടാം സെഷനിൽ സ്കോറിങ്ങിനു വേഗം കൂട്ടിയ ഗിൽ 311 പന്തിൽ 200 തികച്ചു. ആദ്യ ടെസ്റ്റിൽ നേടിയ 147 റൺസെന്ന കരിയർ ബെസ്റ്റ് ടെസ്റ്റ് സ്കോർ മറികടന്ന ഗിൽ ആദ്യമായാണ് 150+ സ്കോർ ടെസ്റ്റിൽ സ്വന്തമാക്കുന്നത്. ഏകദിന ക്രിക്കറ്റിൽ നേരത്തെ ഡബിൾ സെഞ്ചുറി നേടിയിട്ടുണ്ട്.

ഇതോടൊപ്പം, ഇംഗ്ലണ്ടിൽ ഇരട്ട സെഞ്ചുറി നേടുന്ന മൂന്നാമത്തെ മാത്രം ഇന്ത്യൻ ബാറ്ററുമായി മാറി- സുനിൽ ഗവാസ്കറും രാഹുൽ ദ്രാവിഡുമാണ് ആദ്യ രണ്ടു പേർ. എന്നാൽ, ഇന്ത്യക്കാരന്‍റെ ഇംഗ്ലണ്ടിലെ ഏറ്റവും ഉയർന്ന സ്കോർ എന്ന റെക്കോഡ് ഇവർ ഇരുവരെയും മറികടന്ന് ഗിൽ സ്വന്തമാക്കി. 387 പന്തിൽ 269 റൺസെടുത്ത് എട്ടാമനായാണ് അദ്ദേഹം പുറത്തായത്.

ഒരു ഇന്ത്യൻ ക്യാപ്റ്റൻ ഇംഗ്ലണ്ടിൽ നേടുന്ന ഏറ്റവും ഉയർന്ന സ്കോർ എന്ന മുഹമ്മദ് അസറുദ്ദീന്‍റെ (179) റെക്കോഡും ഇതിനിടെ പഴങ്കഥയായി.

ജഡേജ പുറത്തായ ശേഷം വാഷിങ്ടൺ സുന്ദറിൽ മികച്ച പങ്കാളിയെ കണ്ടെത്തിയ ഗിൽ ഏഴാം വിക്കറ്റിൽ 144 റൺസ് കൂടി കൂട്ടിച്ചേർത്തു. മത്സരത്തിനു മുൻപ് വാലറ്റക്കാർ നടത്തിയ പ്രത്യേക ബാറ്റിങ് പരിശീലനം ആകാശ് ദീപിന്‍റെയും (13 പന്തിൽ 6) മുഹമ്മദ് സിറാജിന്‍റെയും (23 പന്തിൽ 8) പ്രസിദ്ധ് കൃഷ്ണയുടെയും (20 പന്തിൽ 5 നോട്ടൗട്ട്) പ്രകടനങ്ങളിൽ പ്രതിഫലിച്ചു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിനെ തുടക്കത്തിലേ ഞെട്ടിച്ചത് ആകാശ് ദീപ് ആയിരുന്നു. മൂന്നാം ഓവറിലെ നാലാം പന്തിൽ ബെൻ ഡക്കറ്റിനെ (0) ഗില്ലിന്‍റെ കൈകളിലെത്തിച്ച ആകാശ്, തൊട്ടടുത്ത പന്തിൽ ഒലി പോപ്പിനെ (0) കെ.എൽ. രാഹുലിന്‍റെ കൈയിലുമെത്തിച്ചു. പിന്നാലെ സാക്ക് ക്രോളിയെ (19) മുഹമ്മദ് സിറാജും പറഞ്ഞയച്ചതോടെ ഇംഗ്ലണ്ടിന്‍റെ ബാസ് ബോൾ ബാക്ക് ഫുട്ടിലായി.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com