ചരിത്രമെഴുതി ഇന്ത‍്യ; എഡ്ജ്ബാസ്റ്റണിൽ ആദ്യമായി ടെസ്റ്റ് ജയം

ശുഭ്മൻ ഗിൽ എന്ന നായകന്‍റെ കീഴിൽ ചരിത്ര ജയമാണ് ഇന്ത‍്യ സ്വന്തമാക്കിയിരിക്കുന്നത്
india vs england 2nd test

എഡ്ജ്ബാസ്റ്റണിൽ ചരിത്രമെഴുതി ഇന്ത‍്യ; ജയം 58 വർഷങ്ങൾക്ക് ശേഷം

Updated on

ബിർമിങ്ങാം: നീണ്ട 58 വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ എഡ്ജ്ബാസ്റ്റണിൽ ചരിത്ര ജയം സ്വന്തമാക്കി ഇന്ത‍്യ. 1967 മുതൽ എഡ്ജ്ബാസ്റ്റണിൽ ടെസ്റ്റ് ക്രിക്കറ്റ് കളിക്കുന്ന ഇന്ത‍്യക്ക് ഇതുവരെ ഇവിടെ വിജയം നേടാൻ സാധിച്ചിരുന്നില്ല. ശുഭ്മൻ ഗിൽ എന്ന യുവനായകനു കീഴിൽ ചരിത്ര ജയമാണ് ഇന്ത‍്യ സ്വന്തമാക്കിയിരിക്കുന്നത്. 336 റൺസിനാണ് ഇന്ത‍്യയുടെ ജയം. ഇന്ത‍്യ ഉയർത്തിയ 608 റൺസ് വിജയക്ഷ‍്യം മുന്നിൽക്കണ്ട് ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന്‍റെ ഇന്നിങ്സ് 271 റൺസിൽ അവസാനിച്ചു.

ഇന്ത‍്യക്കു വേണ്ടി 21.2 ഓവറിൽ നിന്നും 99 റൺസ് മാത്രം വിട്ടുകൊടുത്ത് 6 വിക്കറ്റ് വീഴ്ത്തിയ ആകാശ് ദീപാണ് ഇംഗ്ലണ്ടിനെ തകർത്തത്. ആദ്യ ഇന്നിങ്സിൽ നാല് വിക്കറ്റും നേടിയിരുന്ന ആകാശ് ദീപിന് ഇതോടെ മത്സരത്തിൽ പത്ത് വിക്കറ്റായി. കൂടാതെ മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, വാഷിങ്ടൺ സുന്ദർ, രവീന്ദ്ര ജഡേജ എന്നിവർ രണ്ടാമിന്നിങ്സിൽ ഓരോ വിക്കറ്റ് വീഴ്ത്തി. സിറാജ് ആദ്യ ഇന്നിങ്സിൽ ആറ് വിക്കറ്റ് നേടിയിരുന്നു.

88 റൺസെടുത്ത ജാമി സ്മിത്താണ് രണ്ടാം ഇന്നിങ്സിൽ ഇംഗ്ലണ്ടിന്‍റെ ടോപ് സ്കോറർ. 3 വിക്കറ്റ് നഷ്ടത്തിൽ 72 റൺസെന്ന നിലയിൽ അഞ്ചാം ദിനം മത്സരം ആരംഭിച്ച ഇംഗ്ലണ്ടിന് ഒല്ലി പോപ്പിന്‍റെ വിക്കറ്റാണ് ആദ‍്യം നഷ്ടമായത്. തലേ ദിവസത്തെ സ്കോറിനോട് ഒരു റൺസ് പോലും ചേർക്കാൻ സാധിക്കാതെയായിരുന്നു പോപ്പിന്‍റെ മടക്കം. ആകാശ് ദീപാണ് പോപ്പിനെ ക്ലീൻ ബൗൾഡാക്കിയത്.

പിന്നാലെയെത്തിയ ഹാരി ബ്രൂക്കിനെയും ആകാശ് ദീപ് മടക്കി. പിന്നീട് ബെൻ സ്റ്റോക്സ് - ജാമി സ്മിത്ത് സഖ‍്യം 70 റൺസ് കൂട്ടുകെട്ട് ഉയർത്തിയെങ്കിലും വാഷിങ്ടൺ സുന്ദർ ഇത് തകർത്തു. 33 റൺസുമായി ക്രീസിൽ നിലയുറപ്പിക്കാൻ ശ്രമിച്ച സ്റ്റോക്സ് വാഷിങ്ടൺ സുന്ദറിന്‍റെ സ്പിൻ ബൗളിങ്ങിന് മുന്നിൽ എൽബിഡബ്ല്യു ആയി. പിന്നീടുള്ള ബാറ്റർമാരിൽ ബ്രൈഡൻ കാർസ് മാത്രമാണ് (38) ചെറുത്തുനിൽപ്പിന്‍റെ ലക്ഷണങ്ങൾ കാണിച്ചത്.

നേരത്തെ, ഓപ്പണർമാരായ സാക് ക്രോളി, ബെൻ ഡക്കറ്റ്, വിശ്വസ്തനായ ജോ റൂട്ട് എന്നിവർ നാലാം ദിനത്തിന്‍റെ അവസാന സെഷനിൽ തന്നെ പുറത്തായിരുന്നു. മുഹമ്മദ് സിറാജിന്‍റെ പന്തിൽ സാക് ക്രോളി പോയിന്‍റിൽ നിന്ന പകരക്കാരൻ സായ് സുദർശന് ക‍്യാച്ച് നൽകിയാണ് മടങ്ങിയത്. എന്നാൽ വിക്കറ്റ് നഷ്ടം കണക്കിലെടുക്കാതെ സിറാജിനെ തുടർച്ചയായി ബൗണ്ടറി പറത്തി ബെൻ ഡക്കറ്റ് മത്സരം മുന്നോട്ട് കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും ആകാശ് ദീപിനു മുന്നിൽ കീഴടങ്ങി. പിന്നാലെയെത്തിയ ജോ റൂട്ടിനെയും ആകാശ് ദീപ് ക്ലീൻ ബൗൾഡാക്കിയതോടെ മത്സരം ഇന്ത‍്യക്ക് അനുകൂലമായി.

അഞ്ചാം ദിവസം ഈ ആനുകൂല്യം കൈവിടാതെ ജയത്തിലേക്കു കുതിക്കുകയായിരുന്നു ഇന്ത്യൻ ബൗളർമാർ. അഞ്ച് മത്സരങ്ങൾ ഉൾപ്പെടുന്ന പരമ്പരയിലെ ആദ്യ ടെസ്റ്റിൽ ഇംഗ്ലണ്ടിനായിരുന്നു ജയം. രണ്ടാം ടെസ്റ്റിലെ ജയത്തോടെ ഇന്ത്യ പരമ്പരയിൽ 1-1 നിലയിൽ ഒപ്പമെത്തി.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com