

മാസ്റ്റർ ക്ലാസ്...: ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിന ക്രിക്കറ്റ് മത്സരത്തിനിടെ ഇന്ത്യൻ താരങ്ങൾ വിരാട് കോലിയും രോഹിത് ശർമയും.
ലണ്ടൻ: ക്രിക്കറ്റിന്‍റെ മെക്ക എന്നറിയപ്പെടുന്ന ലോർഡ്സ് ക്രിക്കറ്റ് ഗ്രൗണ്ടിൽ ഏകദിന സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യക്കാരൻ എന്ന റെക്കോഡ് രോഹിത് ശർമ സ്വന്തമാക്കി. ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനത്തിലാണ് വെറ്ററൻ ഓപ്പണർ ചരിത്രപരമായ നാഴികക്കല്ല് പിന്നിട്ടത്. 2004-ൽ സൗരവ് ഗാംഗുലി നേടിയ 90 റൺസായിരുന്നു ലോർഡ്സിൽ ഇതുവരെ ഒരു ഇന്ത്യക്കാരന്‍റെ ഏറ്റവും ഉയർന്ന ഏകദിന സ്കോർ.
ഇന്ത്യ ആദ്യമായി ലോക കിരീടം ഉയർത്തിയ ഐക്കോണിക് ഗ്രൗണ്ടിൽ നേരിട്ട 85-ാം പന്തിലാണ് ആദിൽ റഷീദിനെ ബൗണ്ടറി കടത്തിക്കൊണ്ട് രോഹിത് ഏകദിന കരിയറിലെ തന്‍റെ 34-ാം സെഞ്ചുറി പൂർത്തിയാക്കിയത്.
പരമ്പര 1-1 എന്ന നിലയിൽ നിൽക്കെ നിർണായകമായ മൂന്നാം മത്സരത്തിൽ ടോസ് നേടിയ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഹാരി ബ്രൂക്ക് ബാറ്റിങ്ങാണ് തെരഞ്ഞെടുത്തത്. 50 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 387 റൺസും അവർ പടുത്തുയർത്തി. ഇന്ത്യയുടെ പോരാട്ടം 7 വിക്കറ്റിന് 360 റൺസ് വരെയേ എത്തിയുള്ളൂ. ഇതോടെ 27 റൺസ് ജയവും പരമ്പരയും ഇംഗ്ലണ്ടിന്.
135 പന്തിൽ 141 റൺസെടുത്ത ഓപ്പണർ ബെൻ ഡക്കറ്റാണ് ഇംഗ്ലണ്ടിനെ കൂറ്റൻ സ്കോറിലേക്കു നയിച്ചത്. ജേക്കബ് ബഥേലുമൊത്ത് (91) ഡക്കറ്റ് 192 റൺസിന്‍റെ ഓപ്പണിങ് കൂട്ടുകെട്ടും പടുത്തുയർത്തി. അവസാന ഓവറുകളിൽ ജോ റൂട്ടും (48 പന്തിൽ 74 നോട്ടൗട്ട്) ജോസ് ബട്ലറും (13 പന്തിൽ 41 നോട്ടൗട്ട്) നടത്തിയ കടന്നാക്രമണം ഇംഗ്ലണ്ട് സ്കോറിനു ശരവേഗം നൽകി.
ഇന്ത്യൻ ഫാസ്റ്റ് ബൗളർ ഗുർനൂർ ബ്രാറിന്‍റെ പത്തോവറിൽ 97 റൺസാണ് പിറന്നത്. പ്രസിദ്ധ് കൃഷ്ണയ്ക്ക് രണ്ട് വിക്കറ്റും പ്രിൻസ് യാദവിന് ഒരു വിക്കറ്റും കിട്ടി. ജസ്പ്രീത് ബുംറയ്ക്ക് വിശ്രമം അനുവദിക്കപ്പെട്ട മത്സരത്തിൽ ശിവം ദുബെയും പുറത്തിരുന്നപ്പോൾ കെ.എൽ. രാഹുൽ തിരിച്ചെത്തി.
ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനത്തിൽ സെഞ്ചുറി നേടിയ ഇന്ത്യൻ ഓപ്പണർ രോഹിത് ശർമ.
മറുപടി ബാറ്റിങ്ങിൽ ഇന്ത്യക്ക് ഉറച്ച തുടക്കമാണ് രോഹിതും ക്യാപ്റ്റൻ ശുഭ്മൻ ഗില്ലും ചേർന്നു നൽകിയത്. 25-ാം ഓവറിൽ ടീം സ്കോർ 147 റൺസ് എത്തിയപ്പോൾ ഗിൽ വീണു. 84 പന്തിൽ 10 ഫോറും ഒരു സിക്സും സഹിതം 77 റൺസാണ് നേടിയത്.
തുടർന്നെത്തിയ വിരാട് കോലിയെ സാക്ഷി നിർത്തി അടിച്ചു തകർക്കുകയായിരുന്നു രോഹിത്. 110 പന്തിൽ 17 ഫോറും 5 സിക്സും സഹിതം 138 റൺസെടുത്താണ് രോഹിത് പുറത്താകുന്നത്. അതിനകം വിരാട് കോലിയുമൊത്ത് 113 റൺസ് കൂട്ടുകെട്ടും പടുത്തുയർത്തിയിരുന്നു.
എന്നാൽ, രോഹിത്തിനു പിന്നാലെ ഇഷാൻ കിഷൻ (14), ശ്രേയസ് അയ്യർ (o), കോലി (74) എന്നിവരെ സാം കറൻ പുറത്താക്കിയതോടെ ഇന്ത്യ കളി കൈവിട്ടു. 60 പന്തിൽ 4 ഫോറും 3 സിക്‌സും ഉൾപ്പെട്ട ഇന്നിങ്‌സിലൂടെ ലോർഡ്സിലെ തൻ്റെ ഉയർന്ന വ്യക്തിഗത സ്കോറും കോലി കണ്ടെത്തി.
പിന്നെയെല്ലാം ചടങ്ങ് മാത്രമായിരുന്നു. കെ.എൽ. രാഹുലിനും (12) അക്ഷർ പട്ടേലിനും (2) കാര്യമായി ഒന്നും ചെയ്യാനായില്ല. ഗുർനൂർ ബ്രാർ (18*), അർഷ്ദീപ് സിങ് (15*) എന്നിവർ പുറത്താകാതെ നിന്നു. ഇംഗ്ലണ്ടിനു വേണ്ടി സാം കറൻ 75 റൺസ് വഴങ്ങി നാല് വിക്കറ്റ് നേടി.