

അഹമ്മദാബാദ്: ഇന്ത‍്യക്കെതിരായ മൂന്നാം ഏകദിനത്തിൽ ഇംഗ്ലണ്ടിന് 357 വിജയലക്ഷ‍്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത‍്യ 356 റൺസിന് ഓൾ ഔട്ടാവുകയായിരുന്നു. ഓപ്പണർ ശുഭ്മാൻ ഗില്ലിന്‍റെ മികവിലാണ് ഇന്ത‍്യ മികച്ച സ്കോറിലെത്തിയത്. 102 പന്തിൽ 14 ബൗണ്ടറികളും 3 സിക്സറുകളും അടങ്ങുന്നതായിരുന്നു ശുഭ്മാന്‍റെ ഇന്നിങ്സ്.
ശുഭ്മാന് പുറമെ വിരാട് കോലി (52), ശ്രേയസ് അയ്യർ (78) എന്നിവർ അർധ സെഞ്ച്വറി നേടി. നായകൻ രോഹിത് ശർമയ്ക്ക് (1) മികച്ച പ്രകടനം പുറത്തെടുക്കാനായില്ല. ഇവർക്ക് പുറമെ കെ.എൽ രാഹുൽ (40) മാത്രമാണ് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. ഇംഗ്ലണ്ടിനായി ആദിൽ റഷീദ് 4 വിക്കറ്റ് വീഴ്ത്തിയപ്പോൾ മാർക്ക് വുഡ് രണ്ടു വിക്കറ്റും സാഖിബ് മഹമൂദ്, ഗസ് അറ്റ്കിൻസൺ, ജോ റൂട്ട് എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
അതേസമയം സെഞ്ച്വറി നേടിയ ശുഭ്മാൻ ഗില്ലിന് ലോക റെക്കോഡിട്ടു. ഏകദിന ക്രിക്കറ്റിൽ അതിവേഗം 2500 റൺസ് തികയ്ക്കുന്ന താരമെന്ന നേട്ടമാണ് ശുഭ്മാൻ ഗിൽ സ്വന്തമാക്കിയത്. 53 ഏകദിനങ്ങളിൽ നിന്നായി 2500 റൺസ് തികച്ച ദക്ഷിണാഫ്രിക്കൻ താരം ഹാഷിം അംലയുടെ റെക്കോഡാണ് ശുഭ്മാൻ ഗിൽ മറികടന്നത്. 50 ഏകദിനങ്ങളിൽ നിന്നാണ് ഗിൽ ഈ നേട്ടം സ്വന്തമാക്കിയത്.