മൂന്നാം ടി20: ഇന്ത്യക്ക് തോൽവി

ദീർഘമായ ഇടവേളയ്ക്കു ശേഷം മുഹമ്മദ് ഷമി അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് തിരിച്ചുവരുകയും, വരുൺ ചക്രവർത്തി അഞ്ച് വിക്കറ്റ് നേടുകയും ചെയ്ത മത്സരത്തിൽ ഇന്ത്യക്ക് ജയിക്കാനായില്ല
Tilak Varma being cleaned up by Adil Rashid
ആദിൽ റഷീദിന്‍റെ പന്തിൽ ക്ലീൻ ബൗൾഡാകുന്ന തിലക് വർമ
Updated on

രാജ്‌കോട്ട്: ദീർഘമായ ഇടവേളയ്ക്കു ശേഷം മുഹമ്മദ് ഷമി അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് തിരിച്ചുവരുകയും, വരുൺ ചക്രവർത്ത് അഞ്ച് വിക്കറ്റ് നേടുകയും ചെയ്ത മത്സരത്തിൽ ഇന്ത്യക്ക് ജയിക്കാനായില്ല. ഇംഗ്ലണ്ടിനെതിരായ ടി20 ക്രിക്കറ്റ് പരമ്പരയിലെ മൂന്നാം മത്സരത്തിൽ 26 റൺസിന്‍റെ പരാജയം.

തുടരെ മൂന്നാം മത്സരത്തിലും ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് ഇംഗ്ലണ്ടിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 171 റൺസാണ് അവർ നേടിയത്. ഇന്ത്യയുടെ മറുപടി 20 ഓവറിൽ 146/9 എന്ന നിലയിൽ ചുരുങ്ങി. എങ്കിലും അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യ ഇപ്പോഴും 2-1 എന്ന നിലയിൽ ലീഡ് ചെയ്യുന്നു.

അർഷ്‌ദീപ് സിങ്ങിനു വിശ്രമം അനുവദിച്ചാണ് ഇന്ത്യ മുഹമ്മദ് ഷമിയെ തിരികെ വിളിച്ചത്. 2023 ഡിസംബറിൽ നടന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പ് ഫൈനലിനു ശേഷം ആദ്യമായാണ് ഷമി ഇന്ത്യൻ ജെഴ്സി അണിയുന്നത്.

മൂന്നോവർ എറിഞ്ഞ ഷമി 25 റൺസ് വഴങ്ങിയെങ്കിലും വിക്കറ്റ് ഒന്നും കിട്ടിയില്ല. 24 റൺസ് വഴങ്ങി 5 വിക്കറ്റ് വീഴ്ത്തിയ വരുൺ ചക്രവർത്തിയുടെ പ്രകടനം ഒരിക്കൽക്കൂടി ഇംഗ്ലണ്ടിനെ കുഴക്കി. ഹർദിക് പാണ്ഡ്യ രണ്ട് വിക്കറ്റ് നേടിയപ്പോൾ രവി ബിഷ്ണോയിക്കും അക്ഷർ പട്ടേലിനും ഓരോ വിക്കറ്റ്.

Mohammed Shami, Hardik Pandya
മുഹമ്മദ് ഷമി, ഹാർദിക് പാണ്ഡ്യ


28 പന്തിൽ 51 റൺസെടുത്ത ഓപ്പണർ ബെൻ ഡക്കറ്റാണ് ഇംഗ്ലണ്ടിൻ്റെ ടോപ് സ്കോറർ. ലിയാം ലിവിങ്സ്റ്റൺ 24 പന്തിൽ 43 റൺസും, ക്യാപ്റ്റൻ ജോസ് ബട്ലർ 22 പന്തിൽ 24 റൺസും നേടി.

Varun Chakravarthy
വരുൺ ചക്രവർത്തി

മറുപടി ബാറ്റിങ്ങിൽ ഇന്ത്യൻ ബാറ്റർമാർക്ക് ഒരു ഘട്ടത്തിലും ഇംഗ്ലണ്ട് ബൗളർമാരെ വെല്ലുവിളിക്കാനായില്ല. മൂന്ന് റൺസെടുത്ത സഞ്ജു സാംസൺ ആദ്യം പുറത്തായി. മൂന്നാം മത്സരത്തിലും ജോഫ്ര ആർച്ചർക്കു തന്നെ വിക്കറ്റ്. അഭിഷേക് ശർമ (24), സൂര്യകുമാർ യാദവ് (14), തിലക് വർമ (18) എന്നിവർ നന്നായി തുടങ്ങിയെങ്കിലും ഇംഗ്ലണ്ടിന്‍റെ കെണിയിൽ തന്നെ ചാടി.

35 പന്തിൽ 40 റൺസുമായി ഹാർദിക് പാണ്ഡ്യ പൊരുതി നോക്കിയെങ്കിലും കൂട്ടിന് ആളുണ്ടായില്ല. വാഷിങ്ടൺ സുന്ദറിനും (15 പന്തിൽ 6) അക്ഷർ പട്ടേലിനും (16 പന്തിൽ 15) ബാറ്റിങ് ഓർഡറിൽ പ്രൊമോഷൻ കിട്ടിയത് റൺ റേറ്റ് കുറയ്ക്കാനേ ഉപകരിച്ചുള്ളൂ. എട്ടാം നമ്പറിൽ ഇറങ്ങിയ ധ്രുവ് ജുറലിന് (6) ഹാർദിക്കും പുറത്തായ ശേഷം ഒന്നും ചെയ്യാനുമുണ്ടായിരുന്നില്ല.

ഇംഗ്ലണ്ടിനു വേണ്ടി പേസ് ബൗളർ ജാമി ഓവർട്ടൺ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോൾ, ജോഫ്ര ആർച്ചറും ബ്രൈഡൺ കാഴ്സും രണ്ട് വിക്കറ്റ് വീതം നേടി. മാർക്ക് വുഡിനും ആദിൽ റഷീദിനും ഓരോ വിക്കറ്റ്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com