
ബെൻ ഡക്കറ്റും ക്രോളിയും പുറത്ത്; മൂന്നാം ടെസ്റ്റിൽ ഇന്ത‍്യക്ക് മികച്ച തുടക്കം
ലണ്ടൻ: ഇന്ത‍്യക്കെതിരായ മൂന്നാം ടെസ്റ്റിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന് രണ്ടു വിക്കറ്റ് നഷ്ടം. ഓപ്പണർമാരയ ബെൻ ഡക്കറ്റ് (23), സാക് ക്രോളി (18) എന്നിവരുടെ വിക്കറ്റുകളാണ് ഇംഗ്ലണ്ടിന് നഷ്ടമായത്. ഇന്ത‍്യക്കു വേണ്ടി നിതീഷ് കുമാർ റെഡ്ഡിയാണ് ഇരുവരുടെയും വിക്കറ്റുകൾ വീഴ്ത്തിയത്. ഉച്ചഭക്ഷണത്തിനു പിരിയുമ്പോൾ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 83 റൺസെന്ന നിലയിലാണ് ടീം.
12 റൺസുമായി ഒല്ലി പോപ്പും 24 റൺസുമായി ജോ റൂട്ടുമാണ് ക്രീസിൽ. ജസ്പ്രീത് ബുംറ അടങ്ങിയ ഇന്ത‍്യൻ ബൗളർമാർക്കെതിരേ ഇംഗ്ലണ്ട് ശ്രദ്ധയോടെ ബാറ്റേന്തിയെങ്കിലും 13-ാം ഓവറിൽ തന്നെ ആദ‍്യ വിക്കറ്റ് ടീമിനു നഷ്ടമായി. പിന്നാലെ 18-ാം ഓവറിൽ സാക് ക്രോളിയും പുറത്തായി.
കഴിഞ്ഞ ടെസ്റ്റ് മത്സരത്തിൽ നിന്നും ഒരു മാറ്റമാണ് ഇരു ടീമുകൾക്കുമുള്ളത്. നാലു വർഷത്തെ ഇടവേളയ്ക്കു ശേഷം പേസർ ജോഫ്ര ആർച്ചർ ഇംഗ്ലണ്ട് ടീമിൽ തിരിച്ചെത്തി. പ്രസിദ്ധ് കൃഷ്ണക്ക് പകരം ജസ്പ്രീത് ബുംറ ഇന്ത‍്യൻ ടീമിലും തിരിച്ചെത്തി.