ഇന്നിങ്സ് തോൽവി ഒഴിവാക്കി ഗിൽ - സുന്ദർ - ജഡേജ

പരമ്പരയിൽ ഇന്ത്യൻ ക്യാപ്റ്റൻ നാലാം സെഞ്ചുറി പൂർത്തിയാക്കി. കരിയറിൽ ഒമ്പതാമത്തെയും. രവീന്ദ്ര ജഡേജയ്ക്കും വാഷിങ്ടൺ സുന്ദറിനും അർധ സെഞ്ചുറി
ഇന്ത്യ - ഇംഗ്ലണ്ട് 4ാം ടെസ്റ്റ് 5ാം ദിവസം | India vs England 4th Cricket Test Day 5

ശുഭ്മൻ ഗിൽ

Updated on

മാഞ്ചസ്റ്റർ: ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിൽ പരാജയം ഒഴിവാക്കാൻ പൊരുതുന്ന ഇന്ത്യക്കു വേണ്ടി ക്യാപ്റ്റൻ ശുഭ്മൻ ഗിൽ സെഞ്ചുറി നേടി. കെ.എൽ. രാഹുലും ഗില്ലും പുറത്തായ ശേഷം വാഷിങ്ടൺ സുന്ദറും രവീന്ദ്ര ജഡേജയും അർധ സെഞ്ചുറികളും നേടിയതോടെ ഇന്ത്യ ഇന്നിങ്സ് പരാജയം ഒഴിവാക്കി.

ഇന്ത്യയുടെ ഒന്നാമിന്നിങ്സ് സ്കോറായ 358 റൺസിനെതിരേ ഇംഗ്ലണ്ട് 669 റൺസ് കുറിച്ച ഇംഗ്ലണ്ട് 311 റൺസിന്‍റെ ലീഡ് സ്വന്തമാക്കിയിരുന്നു.‌ ഈ ലീഡ് മറികടന്നതോടെ ഇംഗ്ലണ്ടിനെ രണ്ടാമതും ബാറ്റ് ചെയ്യിക്കാനുള്ള സ്കോറിൽ സന്ദർശകർ എത്തി.

രണ്ടാം ഇന്നിങ്സിൽ യശസ്വി ജയ്സ്വാളിനെയും (0) സായ് സുദർശനെയും (0) തുടക്കത്തിൽ തന്നെ നഷ്ടമായ ഇന്ത്യക്ക് കെ.എൽ. രാഹുലും ശുഭ്മൻ ഗില്ലും ഒരുമിച്ച 188 റൺസ് കൂട്ടുകെട്ടാണ് കരകയറ്റിയത്.

അവസാന ദിവസമായ ഞായറാഴ്ച 174/2 എന്ന നിലയിൽ ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യക്ക് സ്കോർ 188ലെത്തിയപ്പോൾ ഓപ്പണർ കെ.എൽ. രാഹുലിന്‍റെ വിക്കറ്റ് നഷ്ടമായി. 87 റൺസിൽ ബാറ്റിങ് തുടങ്ങിയ രാഹുൽ മൂന്നു റൺസ് കൂടി കൂട്ടിച്ചേർത്ത ശേഷം ഇംഗ്ലണ്ട് ക്യാപ്റ്റൻ ബെൻ സ്റ്റോക്സിന്‍റെ പന്തിൽ വിക്കറ്റിനു മുന്നിൽ കുടുങ്ങുകയായിരുന്നു. 230 പന്തിൽ എട്ട് ഫോർ ഉൾപ്പെടെ 90 റൺസാണ് രാഹുൽ നേടിയത്.

പരുക്കേറ്റ വിക്കറ്റ് കീപ്പർ ഋഷഭ് പന്തിന്‍റെ സ്ഥാനത്ത് വാഷിങ്ടൺ സുന്ദറാണ് അഞ്ചാം നമ്പറിൽ ബാറ്റ് ചെയ്യാനിറങ്ങിയത്. നേരിട്ട 228ാം പന്തിൽ ഗിൽ സെഞ്ചുറിയും തികച്ചു. പരമ്പരയിൽ ഇന്ത്യൻ ക്യാപ്റ്റൻ നേടുന്ന നാലാം സെഞ്ചുറിയാണിത്. കരിയറിൽ ഒമ്പതാമത്തെയും.

സെഞ്ചുറിക്കു പിന്നാലെ ജോഫ്ര ആർച്ചറുടെ പന്തിൽ വിക്കറ്റ് കീപ്പർ ജേമി സ്മിത്തിനു പിടികൊടുത്ത് ഗിൽ മടങ്ങുകയും ചെയ്തു. 238 പന്തിൽ 12 ഫോർ ഉൾപ്പെടെ 103 റൺസാണ് ഇന്ത്യൻ ക്യാപ്റ്റൻ നേടിയത്.

അഞ്ച് ടെസ്റ്റുകൾ അടങ്ങിയ പരമ്പരയിൽ ഇംഗ്ലണ്ട് 2-1 എന്ന നിലയിൽ മുന്നിലാണ്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com