
സ്കോർ 500 കടന്നു; ഇന്ത‍്യക്കെതിരേ ഇംഗ്ലണ്ട് മികച്ച ലീഡിലേക്ക്
ഓൾഡ് ട്രാഫഡ്: ഇന്ത‍്യക്കെതിരായ നാലാം ടെസ്റ്റിൽ ലീഡ് ഉയർത്തി ഇംഗ്ലണ്ട്. മൂന്നാം ദിനം പൂർത്തിയായപ്പോൾ 7 വിക്കറ്റ് നഷ്ടത്തിൽ 544 റൺസെന്ന നിലയിലാണ് ഇംഗ്ലണ്ട്. ഇതോടെ ഇന്ത‍്യക്കെതിരേ 186 റൺസിന്‍റെ ലീഡായി. ജോ റൂട്ടിന്‍റെ സെഞ്ചുറിയും സാക് ക്രോളി, ബെൻ ഡക്കറ്റ്, ഒല്ലി പോപ്പ്, ക‍്യാപ്റ്റന്‍ ബെൻ സ്റ്റോക്സ് എന്നിവരുടെ അർധസെഞ്ചുറികളുമാണ് ടീമിനെ മികച്ച സ്കോറിലെത്തിച്ചത്.
21 റൺസുമായി ലിയാം ഡോസനും 77 റൺസുമായി ബെൻ സ്റ്റോക്സുമാണ് ക്രീസിൽ. മൂന്നാം വിക്കറ്റിൽ റൂട്ട്- പോപ്പ് സഖ‍്യം പടുത്തുയർത്തിയ കൂട്ടുകെട്ടാണ് ഇന്ത‍്യക്ക് വിനയായത്. 144 റൺസിന്‍റെ കൂട്ടുകെട്ടാണ് ഇരുവരും മൂന്നാം വിക്കറ്റിൽ നേടിയത്. ഒല്ലി പോപ്പിനെ മടക്കി വാഷിങ്ടൺ സുന്ദറാണ് കൂട്ടുകെട്ട് തകർത്തത്. പിന്നാലെയെത്തിയ ഹാരി ബ്രൂക്കിനെയും സുന്ദർ പുറത്താക്കി. എന്നാൽ അഞ്ചാം വിക്കറ്റിൽ ബെൻ സ്റ്റോക്സും ജോ റൂട്ടും തമ്മിൽ 150 റൺസിന്‍റെ കൂട്ടുകെട്ട് ഉയർത്തിയതോടെ ഇന്ത‍്യ വലിയ ലീഡ് വഴങ്ങി.
തുടർന്ന് രവീന്ദ്ര ജഡേജയാണ് റൂട്ടിനെ പുറത്താക്കിയത്. 150 റൺസ് നേടിയായിരുന്നു താരത്തിന്‍റെ മടക്കം. മുഹമ്മദ് സിറാജെറിഞ്ഞ പന്ത് ദേഹത്ത് കൊണ്ടതിനാൽ ബെൻ സ്റ്റോക്സിന് റിട്ടയേഡ് ഹർട്ടായി മടങ്ങേണ്ടി വന്നു.
എന്നാൽ പിന്നീട് ക്രീസിൽ തിരിച്ചെത്തി. വിക്കറ്റ് കീപ്പർ ജാമി സ്മിത്ത് (9), ക്രിസ് വോക്സ് (4) എന്നിവർക്ക് കാര‍്യമായ പ്രകടനം കാഴ്ചവയ്ക്കാനായില്ല. ഇന്ത‍്യക്കു വേണ്ടി വാഷിങ്ടൺ സുന്ദർ, രവീന്ദ്ര ജഡേജ എന്നിവർ രണ്ടും മുഹമ്മദ് സിറാജ്, അൻഷുൽ കാംബോജ്, ജസ്പ്രീത് ബുംറ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.