
ഇംഗ്ലണ്ട് ക്യാപ്റ്റൻ ബെൻ സ്റ്റോക്ക്സിന്‍റെ സമനില വാഗ്ദാനം നിരസിക്കുന്ന ഇന്ത്യൻ താരം രവീന്ദ്ര ജഡേജ.
സ്പോർട്സ് ലേഖകൻ
ഇന്ത്യ - ഓസ്ട്രേലിയ മത്സരങ്ങളിൽ പതിവുള്ള വീറും വാശിയും ഇന്ത്യ - ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലേക്കും സംക്രമിക്കുന്നതിന്‍റെ സൂചനകളുമായാണ് പരമ്പരയിലെ നാല് മത്സരങ്ങൾ പൂർത്തിയാകുന്നത്. ഇതിൽ ഏറ്റവും പുതിയതാണ് ഓൾട് ട്രാഫഡ് ഗ്രൗണ്ടിൽ ഇംഗ്ലണ്ട് ക്യാപ്റ്റൻ ബെൻ സ്റ്റോക്ക്സും സഹതാരങ്ങളും ഇന്ത്യൻ താരങ്ങൾക്കു നൽകിയ മോറൽ ക്ലാസ്.
ഇന്നിങ്സ് തോൽവിയുടെ വക്കിൽ നിന്ന് നാലാം ടെസ്റ്റ് സമനിലയിലെത്തിക്കാൻ സാധിച്ചത് ഇന്ത്യയെ സംബന്ധിച്ച് വിജയത്തിനു തുല്യമാണ്. ഇതിനിടെയാണ് ഇംഗ്ലണ്ട് താരങ്ങൾക്ക് മത്സരം കൈവിട്ടു പോയതിന്‍റെ അസ്വസ്ഥതയിൽ പതിവുള്ള ചൊറിച്ചിൽ കുറച്ച് കൂടിപ്പോയത്.
311 റൺസിന്‍റെ ഒന്നാമിന്നിങ്സ് ലീഡ് വഴങ്ങിയ ഇന്ത്യക്ക് രണ്ടാം ഇന്നിങ്സിൽ സ്കോർ ബോർഡ് ചലിക്കും മുൻപേ രണ്ടു വിക്കറ്റും, 222 റൺസെടുക്കുമ്പോഴേക്കും നാല് വിക്കറ്റും നഷ്ടമായിരുന്നു. എന്നാൽ, ഇവിടെ ഒരുമിച്ച വാഷിങ്ടൺ സുന്ദറും രവീന്ദ്ര ജഡേജയും ചേർന്ന് ഇന്ത്യക്ക് അവിശ്വസനീയ സമനില ഉറപ്പാക്കുകയും ഇംഗ്ലണ്ടിന് അപ്രതീക്ഷിത തിരിച്ചടി സമ്മാനിക്കുകയുമായിരുന്നു.
ജഡേജയുടെ വ്യക്തിഗത സ്കോർ 89 റൺസിലും സുന്ദറിന്‍റെ സ്കോർ 80 റൺസിലും നിൽക്കെയാണ് നാടകീയ നീക്കവുമായി ബെൻ സ്റ്റോക്സ് എത്തിയത്. സമനില ഓഫറാണ് ഇംഗ്ലണ്ട് ക്യാപ്റ്റൻ ഇന്ത്യൻ താരങ്ങൾക്കു മുന്നിൽ വച്ചത്. എന്നാൽ, സെഞ്ചുറിക്കടുത്തു നിൽക്കുകയായിരുന്ന ഇന്ത്യൻ താരങ്ങൾ ഇതു നിരസിച്ചു.
പക്ഷേ, സമനില സൂചകമായ ഹസ്തദാനത്തിന് തുടർന്നും നിർബന്ധിക്കുകയായിരുന്നു സ്റ്റോക്സ്. മത്സരഫലം ഉണ്ടാകില്ലെന്ന് ഉറപ്പാകുന്ന ഘട്ടത്തിൽ ഇരു ക്യാപ്റ്റൻമാരുടെയും സമ്മതത്തോടെ ടെസ്റ്റ് മത്സരം സമനിലയിൽ അവസാനിപ്പിക്കാൻ നിയമമുണ്ട്. എന്നാൽ, ഒരു ടീം വിസമ്മതിച്ചാൽ എതിർ ടീമിന്‍റെ ആവശ്യത്തിനു പ്രസക്തിയുമില്ല.
എന്നാൽ, ക്രിക്കറ്റ് നിയമങ്ങളല്ല, എവിടെയും എഴുതി വയ്ക്കാത്ത ധാർമിക പാഠങ്ങളുമായാണ് ഇംഗ്ലണ്ട് സമനിലയ്ക്കു വേണ്ടി വാദിച്ചത്. ക്യാപ്റ്റനൊപ്പം കൂടിയ സാക്ക് ക്രോളിയും ബെൻ ഡക്കറ്റും ഇന്ത്യൻ ബാറ്റർമാരെ പരിഹസിക്കുകയും ചെയ്തു.
''ഞങ്ങൾ വെറുതേ ഇറങ്ങിപ്പോകണമെന്നാണോ പറയുന്നത്. അതു നടക്കില്ല. എനിക്കൊന്നും ചെയ്യാൻ സാധിക്കില്ല'' എന്ന് ജഡേജ ക്രോളിയോടു പറയുന്നതും സ്റ്റമ്പ് മൈക്ക് പിടിച്ചെടുത്തിരുന്നു. ''ജഡ്ഡൂ, നിങ്ങൾ കൈ തന്നാൽ ഇതങ്ങു കഴിയും'' എന്നാണ് ക്രോളിയുടെ മറുപടി. ജഡേജ വിസമ്മതിക്കുമ്പോൾ ''ഇതു നാണക്കേടാണ്'' എന്നായിരുന്നു ഡക്കറ്റിന്‍റെ പ്രതികരണം.
ഇതിനു പിന്നാലെ ബെൻ സ്റ്റോക്സ് അംപയറുടെ അടുത്തു ചെന്ന് ആവശ്യം ആവർത്തിച്ചു. എന്നാൽ, ഇന്ത്യൻ താരങ്ങളുടെ സമ്മതമില്ലാതെ മത്സരം അവസാനിപ്പിക്കാൻ സാധിക്കില്ലെന്ന നിലപാടാണ് അംപയറും സ്വീകരിച്ചത്.
ഇതോടെ രോഷാകുലനായ സ്റ്റോക്ക്സ്, ''നിങ്ങൾക്ക് സെഞ്ചുറി വേണമായിരുന്നെങ്കിൽ നേരത്തെ അതിനു ശ്രമിക്കണമായിരുന്നു'' എന്നു പറഞ്ഞു. പക്ഷേ, മറ്റൊന്നും ചെയ്യാനില്ലാതെ വന്നതോടെ അസ്വസ്ഥനായ സ്റ്റോക്ക്സ് ''നീയൊക്കെ ഹാരി ബ്രൂക്കിനും ബെൻ ഡക്കറ്റിനുമെതിരേ ടെസ്റ്റ് സെഞ്ചുറിയടിക്ക്'' എന്നർഥം വരുന്ന രീതിയിൽ പുലമ്പിക്കൊണ്ട്, പാർട്ട് ബൗളർ പോലുമല്ലാത്തെ ബ്രൂക്കിനെ പന്തേൽപ്പിക്കുകയായിരുന്നു.
ബ്രൂക്കിന്‍റെ ഓവറിൽ ജഡേജ സെഞ്ചുറി തികച്ചു. അധികം വൈകാതെ സുന്ദറും. കളി അവസാനിപ്പിക്കാൻ ഇംഗ്ലണ്ട് ആവശ്യപ്പെട്ട് 15 മിനിറ്റ് മാത്രമാണ് ഇരുവരുടെയും സെഞ്ചുറികൾ പൂർത്തിയാകാൻ വേണ്ടിവന്നത്.
മത്സരശേഷമുള്ള വാർത്താ സമ്മേളനത്തിൽ സ്റ്റോക്ക്സിനോട് ഇതെക്കുറിച്ചു ചോദ്യമുയർന്നു. നിങ്ങളുടെ രണ്ടു ബാറ്റർമാർ ആയിരുന്നു സെഞ്ചുറിക്കരികിൽ നിന്നതെങ്കിൽ നിങ്ങൾ സമനിലയ്ക്കു വഴങ്ങുമായിരുന്നോ എന്നായിരുന്നു ചോദ്യം. എന്നാൽ, ജഡേജയും സുന്ദറും അതുവരെ ചെയ്തതിൽ നിന്ന് എന്തെങ്കിലും അധിക നേട്ടം പത്തു റൺസ് കൂടുതലെടുത്താലും കിട്ടാനില്ലെന്നായിരുന്നു സ്റ്റോക്സിന്‍റെ മറുപടി.
ജൊനാഥൻ ട്രോട്ട് അടക്കമുള്ള മുൻ ഇംഗ്ലണ്ട് താരങ്ങൾ സ്റ്റോക്ക്സിന്‍റെ നിലപാടിനെ പിന്തുണച്ച് രംഗത്തെത്തി. അതേസമയം, ഇത്രയും വീരോചിതമായി പൊരുതിയ രണ്ടു ബാറ്റർമാർ സെഞ്ചുറിക്കരികെ നിൽക്കുമ്പോൾ ഇന്ത്യ സമനിലയ്ക്കു സമ്മതിക്കുമെന്ന് സ്റ്റോക്ക്സ് ചിന്തിക്കാൻ പോലും പാടില്ലായിരുന്നു എന്നാണ് സഞ്ജയ് മഞ്ജ്രേക്കറെപ്പോലുള്ള ഇന്ത്യൻ പക്ഷക്കാരുടെ നിലപാട്.
കഴിഞ്ഞ വർഷം ന്യൂസിലൻഡിലെ വെല്ലിങ്ടണിൽ നടന്ന ടെസ്റ്റ് മത്സരത്തിൽ ജോ റൂട്ടിനു സെഞ്ചുറിയടിക്കാൻ ഇംഗ്ലണ്ട് ഡിക്ലറേഷൻ വൈകിച്ചതും, 2023ൽ അയർലൻഡിനെതിരേ ഒലി പോപ്പിന് ഇരട്ട സെഞ്ചുറിയടിക്കാൻ സൗകര്യമൊരുക്കിയതുമെല്ലാം ഇംഗ്ലണ്ടിന്‍റെ ഇരട്ടത്താപ്പിന് ഉദാഹരണങ്ങളായി ക്രിക്കറ്റ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. സ്റ്റോക്സിന്‍റെ മോറൽ കോഡ് അനുസരിച്ചല്ല, ക്രിക്കറ്റിന്‍റെ നിയമങ്ങളനുസരിച്ചാണ് ടെസ്റ്റ് കളിക്കേണ്ടതെന്ന് സിദ്ധാർഥ് മോംഗയെപ്പോലുള്ള ക്രിക്കറ്റ് വിദഗ്ധരും ചൂണ്ടിക്കാട്ടുന്നു.