ഡക്കറ്റിനും ക്രോളിക്കും അർധസെഞ്ചുറി; നാലാം ടെസ്റ്റിൽ ഇംഗ്ലണ്ട് മികച്ച നിലയിൽ

2 വിക്കറ്റ് നഷ്ടത്തിൽ 225 റൺസെന്ന നിലയിലാണ് ഇംഗ്ലണ്ട്
india vs england 4th test updates

ഡക്കറ്റിനും ക്രോളിക്കും അർധസെഞ്ചുറി; നാലാം ടെസ്റ്റിൽ ഇംഗ്ലണ്ട് മികച്ച നിലയിൽ

Updated on

മാഞ്ചസ്റ്റർ: ഇന്ത‍്യക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിലെ ഒന്നാം ഇന്നിങ്സിൽ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് മികച്ച നിലയിൽ. രണ്ടാം ദിനം പൂർത്തിയായപ്പോൾ 2 വിക്കറ്റ് നഷ്ടത്തിൽ 225 റൺസെന്ന നിലയിലാണ് ടീം. ഓപ്പണിങ് ബാറ്റർമാരായ ബെൻ ഡക്കറ്റ്, സാക് ക്രോളി എന്നിവരുടെ വിക്കറ്റുകളാണ് ഇംഗ്ലണ്ടിന് നഷ്ടമായത്. 20 റൺസുമായി ഒല്ലി പോപ്പും 11 റൺസുമായി ജോ റൂട്ടുമാണ് ക്രീസിൽ. ഇംഗ്ലണ്ടിനു വേണ്ടി ബെൻ ഡക്കറ്റും സാക് ക്രോളിയും നേടിയ അർധസെഞ്ചുറികളാണ് ടീമിനെ മികച്ച സ്കോറിലെത്താൻ സഹായിച്ചത്. ഒന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് 166 റൺസാണ് അടിച്ചു കൂട്ടിയത്.

രവീന്ദ്ര ജഡേജയാണ് ക്രോളിയെ പുറത്താക്കി ഇരുവരുടെയും കൂട്ടുകെട്ട് തകർത്തത്. എന്നാൽ മറുവശത്ത് ശക്തമായി നിലയുറപ്പിച്ച് ബാറ്റേന്തിയ ബെൻ ഡക്കറ്റ് ടീമിനെ മുന്നോട്ടുകൊണ്ടുപോയെങ്കിലും അരങ്ങേറ്റക്കാരൻ അൻഷുൽ കാംബോജിന് വിക്കറ്റ് നൽകി മടങ്ങി. 6 റൺസിനായിരുന്നു ഡക്കറ്റിന് സെഞ്ചുറി നഷ്ടമായത്. ഈ സമയത്ത് ടീമിന് 197 റൺസുണ്ടായിരുന്നു. പിന്നാലെയെത്തിയ ഒല്ലി പോപ്പും റൂട്ടും ക്രീസിൽ തുടർന്നതോടെയാണ് ടീം സ്കോർ 225 റൺസിലെത്തിയത്.

ഇംഗ്ലണ്ട് ക‍്യാപ്റ്റൻ ബെൻ സ്റ്റോക്സാണ് ഒന്നാം ഇന്നിങ്സിൽ ഇന്ത‍്യയെ തകർത്തത്. 72 റൺസ് വിട്ടുകൊടുത്ത് 5 വിക്കറ്റുകളായിരുന്നു താരം വീഴ്ത്തിയത്. അതേസമയം കഴിഞ്ഞ ദിവസം കാൽപ്പാദത്തിനു പരുക്കേറ്റിട്ടും വകവയ്ക്കാതെ ഇംഗ്ലണ്ട് ബൗളർമാർക്കു മുന്നിൽ‌ ബാറ്റേന്തിയ ഋഷഭ് പന്തിന്‍റെ പ്രകടനം പ്രശംസനീയമാണ്. പരുക്കേറ്റിട്ടും 27 പന്തുകൾ നേരിട്ട താരം 54 റൺസ് നേടിയാണ് പുറത്തായത്.

ഋഷഭ് പന്തിനും സായ് സുദർശനും യശസ്വി ജയ്സ്വാളിനും (58) പുറമെ കെ.എൽ. രാഹുൽ (46) ശാർദൂൽ ഠാക്കൂർ (41) വാഷിങ്ടൺ സുന്ദർ (27) എന്നിവരാണ് ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചത്. രണ്ടാം ദിനത്തിൽ തുടക്കത്തിൽ തന്നെ ടീമിന് രവീന്ദ്ര ജഡേജയെ നഷ്ടമായിരുന്നു. ജോഫ്രാ ആർച്ചറാണ് ജഡേജയെ പുറത്താക്കിയത്. കഴിഞ്ഞ നാലു ഇന്നിങ്സുകളിലും അർധസെഞ്ചുറി തികച്ച ജഡേജ ഇത്തവണ 20 റൺസുമായാണ് മടങ്ങിയത്. 5 വിക്കറ്റ് നഷ്ടത്തിൽ 266 റൺസെന്ന നിലയിൽ നിന്ന ടീമിനെ വാഷിങ്ടൺ സുന്ദറും ശാർദൂൽ ഠാക്കൂറും ചേർന്നാണ് 300 കടത്തിയത്. പിന്നീട് ശാർദൂൽ ഠാക്കൂറിനെയും സുന്ദറിനെയും ബെൻ സ്റ്റോക്സ് പുറത്താക്കി.

ഇതിനു പിന്നാലെ അരങ്ങേറ്റക്കാരൻ അൻഷുൽ കാംബോജും പുറത്തായി. പിന്നാലെ ഋഷഭ് പന്ത് സിക്സറുകളും ബൗണ്ടറികളും പറത്തി റൺസ് കണ്ടെത്താൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. ജോഫ്രാ ആർച്ചറുടെ പന്തിൽ ക്ലീൻ ബൗൾഡാവുകയായിരുന്നു. തുടർന്ന് ജസ്പ്രീത് ബുംറയും പുറത്തായതോടെ ഇന്ത‍്യൻ ഇന്നിങ്സ് 358 റൺസിൽ അവസാനിച്ചു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com