5ാം ടെസ്റ്റിൽ ഇന്ത്യക്ക് ബാറ്റിങ്; കരുൺ തിരിച്ചെത്തി

ജസ്പ്രീത് ബുംറയും ഋഷഭ് പന്തും ഇന്ത്യൻ ടീമിലില്ല. മലയാളി ബാറ്റർ കരുൺ നായർ അപ്രതീക്ഷിതമായി പ്ലെയിങ് ഇലവനിൽ തിരിച്ചെത്തി.
India vs England 5th cricket test Day 1

കരുൺ നായർക്ക് ഒരവസരം കൂടി.

Updated on

ഓവൽ: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും മത്സരത്തിൽ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യുന്നു. ടോസ് നേടിയ ഇംഗ്ലണ്ടിന്‍റെ താത്കാലിക ക്യാപ്റ്റൻ ഒലി പോപ്പ് ഫീൽഡിങ് തെരഞ്ഞെടുക്കുകയായിരുന്നു.‌ തുടരെ അഞ്ചാം അന്താരാഷ്ട്ര മത്സരത്തിലാണ് ഇന്ത്യക്ക് ടോസ് നഷ്ടപ്പെടുന്നത്.

ആദ്യ ദിവസം കളി അവസാനിപ്പിക്കുമ്പോൾ ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തിൽ 204 റൺസ് എന്ന നിലയിലാണ്. പരമ്പരയിൽ തന്‍റെ ആദ്യ അർധ സെഞ്ചുറി (52*) കണ്ടെത്തിയ കരുൺ നായരും ഓൾറൗണ്ടർ വാഷിങ്ടൺ സുന്ദറും (19*) ക്രീസിൽ.

മഴ കാരണം വൈകി ആരംഭിച്ച മത്സരം വീണ്ടും മഴയെത്തിയതിനെത്തുടർന്ന് ഉച്ച ഭക്ഷണത്തിനു നേരത്തെ പിരിയുകയും ചെയ്തിരുന്നു. ഓപ്പണർമാരായ യശസ്വി ജയ്സ്വാളിന്‍റെയും (2) കെ.എൽ. രാഹുലിന്‍റെയും (14) വിക്കറ്റുകൾ ആദ്യ സെഷനിൽ തന്നെ ഇന്ത്യക്കു നഷ്ടമായി. സായ് സുദർശൻ (38), ശുഭ്മൻ ഗിൽ (21), രവീന്ദ്ര ജഡേജ (9), ധ്രുവ് ജുറെൽ (19) എന്നവരാണ് പുറത്തായ മറ്റു ബാറ്റർമാർ.

പരുക്കേറ്റ ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് അടക്കം നാലാം ടെസ്റ്റ് കളിച്ച നാലു പേരെ ഒഴിവാക്കി ഇംഗ്ലണ്ട് ബുധനാഴ്ച തന്നെ ടീം പ്രഖ്യാപിച്ചിരുന്നു. ജോഫ്ര ആർച്ചർ, ലിയാം ഡോസൺ, ബ്രൈഡൻ കാർസ് എന്നിവരാണ് പുറത്തായ മറ്റു മൂന്നു പേർ. പകരം ജേക്കബ് ബഥേൽ, ജാമി ഓവർടൺ, ജോഷ് ടങ്, ഗസ് ആറ്റ്കിൻസൺ എന്നിവരാണ് ടീമിലെത്തിയത്.

ഇന്ത്യ ജസ്പ്രീത് ബുംറയ്ക്ക് വിശ്രമം അനുവദിക്കുമെന്നും പരുക്കേറ്റ വിക്കറ്റ് കീപ്പർ ഋഷഭ് പന്ത് കളിക്കില്ലെന്നും നേരത്തെ തന്നെ ഉറപ്പായിരുന്നു. ബുംറയ്ക്കു പകരം ആകാശ് ദീപും ഋഷഭിനു പകരം ധ്രുവ് ജുറെലും ടീമിലെത്തി.

കഴിഞ്ഞ ടെസ്റ്റിൽ അന്താരാഷ്ട്ര അരങ്ങേറ്റം കുറിച്ച പേസ് ബൗളർ അൻഷുൽ കാംഭോജ് നിരാശപ്പെടുത്തിയതോടെ ടീമിൽ ഇടം നഷ്ടപ്പെടുമെന്ന് നേരത്തെ തന്നെ സൂചനയുണ്ടായിരുന്നു. എന്നാൽ, പകരം അർഷ്‌ദീപ് സിങ്ങിന്‍റെ ടെസ്റ്റ് അരങ്ങേറ്റത്തിന് അവസരമൊരുങ്ങുമെന്ന പ്രതീക്ഷകൾ അസ്ഥാനത്താക്കിക്കൊണ്ട് പ്രസിദ്ധ് കൃഷ്ണയ്ക്ക് വീണ്ടും അവസരം നൽകാനാണ് ടീം മാനെജ്മെന്‍റ് തീരുമാനിച്ചത്.‌

ബാറ്റ് കൊണ്ടും പന്തുകൊണ്ടും നിരാശപ്പെടുത്തിയ ശാർദൂൽ ഠാക്കൂറും പുറത്താകുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാൽ, പകരം കർണാടകയുടെ മലയാളി താരം കരുൺ നായർ പ്ലെയിങ് ഇലവനിലെത്തിയത് അപ്രതീക്ഷിത തീരുമാനമായി. ബാറ്റിങ് നിരയുടെ കരുത്ത് കൂട്ടുക എന്ന ലക്ഷ്യത്തോടെയാണ് കരുണിന് വീണ്ടും അവസരം നൽകിയിരിക്കുന്നത്.

ഇതോടെ, സ്പിന്നർ കുൽദീപ് യാദവ് ഒരു മത്സരം പോലും കളിക്കാതെ ഇംഗ്ലണ്ട് പര്യടനം പൂർത്തിയാക്കുമെന്നുറപ്പായി. റിസർവ് ഓപ്പണർ അഭിമന്യു ഈശ്വരനും ഒരു മത്സരത്തിൽ പോലും അവസരം കിട്ടിയില്ല.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com