ഇംഗ്ലണ്ടിനെ തകർത്ത് സിറാജും പ്രസിദ്ധും

ഇംഗ്ലണ്ടിനെതിരായ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയുടെ ഒന്നാമിന്നിങ്സ് 224 റൺസിൽ അവസാനിച്ചു. മറുപടി ബാറ്റിങ്ങിൽ ഇഗ്ലണ്ട് 247 റൺസിനും ഓൾഔട്ടായി.
India vs England 5th Cricket Test Day 2

പ്രസിദ്ധ് കൃഷ്ണ മത്സരത്തിനിടെ.

Updated on

ഓവൽ: ഇംഗ്ലണ്ടിനെതിരായ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയുടെ ഒന്നാമിന്നിങ്സ് 224 റൺസിൽ അവസാനിച്ചു. മറുപടി ബാറ്റിങ്ങിൽ ഇഗ്ലണ്ട് 247 റൺസിനും ഓൾഔട്ടായി. നാല് വിക്കറ്റ് വീതം വീഴ്ത്തിയ മുഹമ്മദ് സിറാജും പ്രസിദ്ധ് കൃഷ്ണയുമാണ് മത്സരത്തിൽ ഇന്ത്യയുടെ സാധ്യത നിലനിർത്തിയത്.

ആറ് വിക്കറ്റ് നഷ്ടത്തിൽ 204 റൺസ് എന്ന നിലയിൽ രണ്ടാം ദിവസം ബാറ്റിങ് പുനരാരംഭിച്ച സന്ദർശകർക്ക് വെറും 20 റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ ശേഷിച്ച നാല് വിക്കറ്റും നഷ്ടപ്പെടുകയായിരുന്നു. 52 റൺസിൽ ബാറ്റിങ് പുനരാരംഭിച്ച കരുൺ നായരുടെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. അഞ്ച് റൺസ് കൂടി കൂട്ടിച്ചേർത്ത കരുണിനെ ജോഷ് ടങ് വിക്കറ്റിനു മുന്നിൽ കുടുക്കി.

19 റൺസുമായി ബാറ്റിങ് പുനരാരംഭിച്ച വാഷിങ്ടൺ സുന്ദർ 26 റൺസിനും പുറത്തായി. ഗസ് ആറ്റ്കിൻസണിന്‍റെ പന്തിൽ ജാമി ഓവർടൺ ഡീപ് സ്ക്വയർ ലെഗ്ഗിൽ ക്യാച്ചെടുക്കുകയായിരുന്നു.

പിന്നെ വന്നവരിലാർക്കും ഒരു റൺ പോലും സ്കോർ ബോർഡിൽ കൂട്ടിച്ചേർക്കാനായില്ല. മുഹമ്മദ് സിറാജിനെയും (0) പ്രസിദ്ധ് കൃഷ്ണയെയും (0) കൂടി ആറ്റ്കിൻസൺ പറഞ്ഞയച്ചപ്പോൾ, ആകാശ് ദീപ് റണ്ണൊന്നുമെടുക്കാതെ പുറത്താകാതെ നിന്നു.

ഇംഗ്ലണ്ടിനു വേണ്ടി ഗസ് ആറ്റ്കിൻസൺ 33 റൺസ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കി. ജോഷ് ടങ്ങിന് മൂന്ന് വിക്കറ്റ്. ഒരു വിക്കറ്റെടുത്ത ക്രിസ് വോക്സിന് പരുക്കു കാരണം ഈ മത്സരത്തിൽ ഇനി പന്തെറിയാനാകില്ലെന്ന് ഉറപ്പായിട്ടുണ്ട്.

India vs England 5th Cricket Test Day 2

ഗസ് ആറ്റ്കിൻസണെ അഭിനന്ദിക്കുന്ന ഇംഗ്ലണ്ട് ക്യാപ്റ്റൻ ഒലി പോപ്പ്.

വെടിക്കെട്ട് തുടക്കമാണ് മറുപടി ബാറ്റിങ്ങിൽ ഇംഗ്ലണ്ടിനു ലഭിച്ചത്. 12.5 ഓവറിൽ ബെൻ ഡക്കറ്റും (38 പന്തിൽ 43) സാക്ക് ക്രോളിയും (57 പന്തിൽ 64) ചേർത്തത് 92 റൺസ്. എന്നാൽ, ഇരുവരും പുറത്തായ ശേഷം ഇംഗ്ലണ്ട് തകർന്നു. പിന്നെ വന്നവരിൽ ഹാരി ബ്രൂക്ക് (64 പന്തിൽ 53) മാത്രമാണ് പിടിച്ചുനിന്നത്.

സിറാജ് 86 റൺസ് വഴങ്ങിയും പ്രസിദ്ധ് 62 റൺസ് വഴങ്ങിയും നാല് വിക്കറ്റ് വീതം വീഴ്ത്തി. ആകാശ് ദീപിനാണ് ഒരു വിക്കറ്റ്. തോളിനു പരുക്കേറ്റ ക്രിസ് വോക്സ് ബാറ്റ് ചെയ്യാനിറങ്ങില്ല. ഇന്ത്യ നാലു ബൗളർമാരെ മാത്രമാണ് ഉപയോഗിച്ചത്. വാഷിങ്ടൺ സുന്ദറിന് പന്തെറിയേണ്ടി വന്നില്ല. 51.2 ഓവർ മാത്രമാണ് ഇംഗ്ലണ്ട് ഇന്നിങ്സ് നീണ്ടത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com