
തോളിനു പരുക്കേറ്റെങ്കിലും സ്പെഷ്യലിസ്റ്റ് ബാറ്ററായി മത്സരത്തിനിറങ്ങാം എന്നായിരുന്നു സ്റ്റോക്സിന്‍റെ പ്രതീക്ഷ.
ലണ്ടൻ: ഇന്ത്യക്കെതിരായ ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും മത്സരത്തിൽ ഇംഗ്ലണ്ട് ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് കളിക്കില്ല. തോളിനു പരുക്കേറ്റ സ്റ്റോക്സിനു പകരം ഒലി പോപ്പ് ആയിരിക്കും ഇംഗ്ലണ്ടിനെ നയിക്കുക. അഞ്ചാം വട്ടമാണ് ടെസ്റ്റ് മത്സരത്തിൽ പോപ്പ് ഇംഗ്ലണ്ടിന്‍റെ ക്യാപ്റ്റനാകുന്നത്.
ആകെ നാല് മാറ്റങ്ങളാണ് അവസാന ടെസ്റ്റിനുള്ള ടീമിൽ ഇംഗ്ലണ്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതനുസരിച്ച്, ജേക്കബ് ബഥേൽ, ഗസ് ആറ്റ്കിൻസൺ, ജാമി ഓവർടൺ, ജോഷ് ടങ് എന്നിവർ പ്ലെയിങ് ഇലവനിലെത്തും. സ്റ്റോക്സിനു പുറമേ, പേസ് ബൗളർമാരായ ജോഫ്ര ആർച്ചർക്കും ബ്രൈഡൻ കാർസിനും വിശ്രമം അനുവദിച്ചിരിക്കുകയാണ്. ഒരു ടെസ്റ്റ് മാത്രം കളിച്ച വെറ്ററൻ സ്പിന്നർ ലിയാം ഡോസണെ ഒഴിവാക്കി.
തോളിനു പരുക്കേറ്റെങ്കിലും സ്പെഷ്യലിസ്റ്റ് ബാറ്ററായി മത്സരത്തിനിറങ്ങാം എന്നായിരുന്നു സ്റ്റോക്സിന്‍റെ പ്രതീക്ഷ. എന്നാൽ, കോച്ച് ബ്രണ്ടൻ മക്കല്ലവുമായും മെഡിക്കൽ സംഘവുമായും നടത്തിയ ചർച്ചയ്ക്കു ശേഷം പൂർണമായി ഒഴിവാകാൻ തീരുമാനിക്കുകയായിരുന്നു.
അതേസമയം, ഇന്ത്യൻ ടീമിലും നാല് മാറ്റങ്ങൾക്കാണ് സാധ്യത കാണുന്നത്. ജസ്പ്രീത് ബുംറയ്ക്കു വിശ്രമം അനുവദിക്കപ്പെടുന്ന സാഹചര്യത്തിൽ ആകാശ് ദീപ് ടീമിൽ തിരിച്ചെത്തും. പരുക്കേറ്റ ഋഷഭ് പന്തിനു പകരം ധ്രുവ് ജുറൽ വിക്കറ്റിനു പിന്നിലെത്തും. നാലാം ടെസ്റ്റിൽ അരങ്ങേറ്റം കുറിച്ച അൻഷുൽ കാംഭോജിനു പകരം ഇടങ്കയ്യൻ പേസർ അർഷ്‌ദീപ് സിങ്ങിന്‍റെ ടെസ്റ്റ് അരങ്ങേറ്റമുണ്ടായേക്കും. ബാറ്റ് കൊണ്ടും പന്തു കൊണ്ടും കാര്യമായൊന്നും ചെയ്യാൻ സാധിക്കാതിരുന്ന ശാർദൂൽ ഠാക്കൂറിനു പകരം സ്പിന്നർ കുൽദീപ് യാദവും ടീമിലെത്തിയേക്കും.
വ്യാഴാഴ്ച ഓവലിലാണ് അവസാന ടെസ്റ്റ് ആരംഭിക്കുന്നത്. പരമ്പരയിൽ നാല് മത്സരങ്ങൾ പിന്നിട്ടപ്പോൾ ഇംഗ്ലണ്ട് 2-1 എന്ന നിലയിൽ ലീഡ് ചെയ്യുന്നു. അവസാന മത്സരം സമനിലയിലാക്കിയാലും ഇംഗ്ലണ്ടിനു പരമ്പര നേടാം. ഇന്ത്യക്കു പരമ്പര നഷ്ടമാകാതിരിക്കണമെങ്കിൽ ജയം അനിവാര്യം.
ഇംഗ്ലണ്ട് ടീം ഇങ്ങനെ:
സാക്ക് ക്രോളി, ബെൻ ഡക്കറ്റ്, ഒലി പോപ്പ് (ക്യാപ്റ്റൻ), ജോ റൂട്ട്, ഹാരി ബ്രൂക്ക്, ജേക്കബ് ബഥേൽ, ജേമി സ്മിത്ത് (വിക്കറ്റ് കീപ്പർ), ക്രിസ് വോക്സ്, ഗസ് ആറ്റ്കിൻസൺ, ജാമി ഓവർടൺ, ജോഷ് ടങ്.
ഇന്ത്യ - സാധ്യതാ ടീം:
യശസ്വി ജയ്സ്വാൾ, കെ.എൽ. രാഹുൽ, സായ് സുദർശൻ, ശുഭ്മൻ ഗിൽ (ക്യാപ്റ്റൻ), വാഷിങ്ടൺ സുന്ദർ, ധ്രുവ് ജുറൽ (വിക്കറ്റ് കീപ്പർ), രവീന്ദ്ര ജഡേജ, കുൽദീപ് യാദവ്/ശാർദൂൽ ഠാക്കൂർ, ആകാശ് ദീപ്, അർഷ്‌ദീപ് സിങ്, മുഹമ്മദ് സിറാജ്.