ഇംഗ്ലണ്ടിനെ തകർത്ത് കുൽദീപും അശ്വിനും; പിന്നാലെ രോഹിത് - ജയ്സ്വാൾ വെടിക്കെട്ട് | Live Score

ഇംഗ്ലണ്ട് 218 റൺസിന് പുറത്ത്, ദേവദത്ത് പടിക്കലിന് ടെസ്റ്റ് അരങ്ങേറ്റം
രോഹിത് ശർമയും യശസ്വി ജയ്സ്വാളും ബാറ്റിങ്ങിനിടെ.
രോഹിത് ശർമയും യശസ്വി ജയ്സ്വാളും ബാറ്റിങ്ങിനിടെ.

ധർമശാല: ഇന്ത്യക്കെതിരായ അവസാന ക്രിക്കറ്റ് ടെസ്റ്റിൽ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 218 റൺസിന് ഓൾഔട്ടായി. അഞ്ച് വിക്കറ്റ് നേടിയ കുൽദീപ് യാദവും, നാല് വിക്കറ്റ് വീഴ്ത്തി‍യ ആർ. അശ്വിനും ചേർന്നാണ് ഇംഗ്ലിഷ് ബാറ്റിങ് നിരയെ കറക്കിവീഴ്ത്തിയത്. രവീന്ദ്ര ജഡേജയ്ക്കാണ് ശേഷിച്ച ഒരു വിക്കറ്റ്. 79 റൺസെടുത്ത ഓപ്പണർ സാക്ക് ക്രോളിയാണ് ഇംഗ്ലണ്ടിന്‍റെ ടോപ് സ്കോറർ.

തന്‍റെ നൂറാം ടെസ്റ്റിലാണ് അശ്വിന്‍റെ നാല് വിക്കറ്റ് നേട്ടം. 11.4 ഓവറിൽ 51 റൺസാണ് അശ്വിൻ വഴങ്ങിയത്. കുൽദീപ് 15 ഓവറിൽ 72 റൺസ് വഴങ്ങിയാണ് അഞ്ച് വിക്കറ്റ് നേട്ടത്തിലെത്തിയത്.

ക്യാപ്റ്റൻ രോഹിത് ശർമയ്ക്കൊപ്പം വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന കുൽദീപ് യാദവ്.
ക്യാപ്റ്റൻ രോഹിത് ശർമയ്ക്കൊപ്പം വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന കുൽദീപ് യാദവ്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ സന്ദർശകർക്ക് ക്യാപ്റ്റൻ രോഹിത് ശർമയും സഹ ഓപ്പണർ യശസ്വി ജയ്സ്വാളും ചേർന്ന് മികച്ച തുടക്കമാണു നൽകിയത്. ഒന്നാം വിക്കറ്റ് കൂട്ടുകെട്ടിൽ 104 റൺസ് പിറന്നു. നേരിട്ട അറുപത്തെട്ടാമത്തെ പന്തിൽ ഫോറടിച്ച് 50 കടന്ന ജയ്സ്വാൾ തൊട്ടടുത്ത പന്തിൽ ഒരു ഫോർ കൂടി നേടി. തൊട്ടടുത്ത പന്തിൽ ഓഫ് സ്പിന്നർ ഷോയിബ് ബഷീറിനെ സ്റ്റെപ്പ്ഔട്ട് ചെയ്ത് കളിക്കാനുള്ള ശ്രമത്തിൽ സ്റ്റമ്പ് ചെയ്ത് പുറത്താക്കപ്പെടുമ്പോൾ 57 റൺസാണ് ജയ്സ്വാൾ നേടിയിരുന്നത്. അഞ്ച് ഫോറും മൂന്നു സിക്സും ഉൾപ്പെട്ട ഇന്നിങ്സ്.

പിന്നാലെ, നേരിട്ട എഴുപത്തേഴാമത്തെ പന്തിൽ രോഹിതും അർധ സെഞ്ചുറി പൂർത്തിയാക്കി. ആറു ഫോറും രണ്ടു സിക്സും അതിനകം രോഹിത് നേടിയിരുന്നു.

ആദ്യ ദിവസം കളി അവസാനിപ്പിക്കുമ്പോൾ, 30 ഓവർ ബാറ്റ് ചെയ്ത ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തിൽ 135 റൺസെടുത്തിട്ടുണ്ട്. 52 റൺസെടുത്ത രോഹിതിനു കൂട്ടായി 26 റൺസെടുത്ത ശുഭ്‌മൻ ഗില്ലാണ് ക്രീസിൽ.

കുൽദീപ് യാദവിന്‍റെ പന്തിൽ ഇംഗ്ലണ്ട് ഓപ്പണർ ബെൻ ഡക്കറ്റിന്‍റെ (27) ക്യാച്ചെടുക്കുന്ന ശുഭ്‌മൻ ഗിൽ.
കുൽദീപ് യാദവിന്‍റെ പന്തിൽ ഇംഗ്ലണ്ട് ഓപ്പണർ ബെൻ ഡക്കറ്റിന്‍റെ (27) ക്യാച്ചെടുക്കുന്ന ശുഭ്‌മൻ ഗിൽ.

നേരത്തെ, ടോസ് നേടിയ ഇംഗ്ലണ്ട് ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. അഞ്ച് മത്സരങ്ങൾ ഉൾപ്പെട്ട പരമ്പരയിൽ ആദ്യ മത്സരം മാത്രമാണ് ഇതുവരെ ഇംഗ്ലണ്ട് ജയിച്ചത്. അടുത്ത മൂന്നു മത്സരങ്ങൾ ജയിച്ച ഇന്ത്യ പരമ്പരയിൽ അപരാജിത ലീഡ് നേടിക്കഴിഞ്ഞു.

നാലാം ടെസ്റ്റ് ജയിച്ച ടീമിൽ രണ്ടു മാറ്റങ്ങളുമായാണ് ഇന്ത്യ ഇറങ്ങിയത്. ഇതുവരെ നിരാശപ്പെടുത്തിയ രജത് പാട്ടീദാറിനു പകരം കർണാടകയുടെ മലയാളി താരം ദേവദത്ത് പടിക്കൽ ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചു.

കഴിഞ്ഞ മത്സരത്തിൽ അരങ്ങേറിയ പേസ് ബൗളർ ആകാശ് ദീപിനു പകരം ജസ്പ്രീത് ബുംറ ടീമിൽ തിരിച്ചെത്തി. ഇംഗ്ലണ്ട് ടീമിൽ ഒലി റോബിൻസണു പകരം മാർക്ക് വുഡിനെയും ഉൾപ്പെടുത്തിയിട്ടുണ്ട്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com