
ലഖ്‌നൗ: ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരേ ഇന്ത്യൻ ബാറ്റിങ് നിര നിരാശപ്പെടുത്തിയപ്പോൾ ബൗളർമാർ അവസരത്തിനൊത്തുയർന്നു. ഫലം, ആതിഥേയർക്ക് ലോകകപ്പിൽ തുടർച്ചയായ ആറാം ജയം. ഇന്ത്യ സെമി ഫൈനൽ സാധ്യതയും ഏറെക്കുറെ ഉറപ്പാക്കിയപ്പോൾ, നിലവിലുള്ള ചാംപ്യൻമാരായ ഇംഗ്ലണ്ടിന് പുറത്താകാതിരിക്കണമെങ്കിൽ ഇനി അദ്ഭുതങ്ങൾ സംഭവിക്കണമെന്നതായി അവസ്ഥ.
ടോസ് നഷ്ടപ്പെട്ട് ആദ്യ ബാറ്റ് ചെയ്ത ഇന്ത്യക്ക് നിശ്ചിത അമ്പതോവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 229 റൺസ് മാത്രമാണ് നേടാൻ സാധിച്ചത്. എന്നാൽ, ഇംഗ്ലണ്ടിന്‍റെ മറുപടി 34.5 ഓവറിൽ 129 റൺസിൽ അവസാനിച്ചു. ഇന്ത്യക്ക് 100 റൺസിന്‍റെ ആധികാരിക വിജയം.
ശുഭ്‌മൻ ഗിൽ (13 പന്തിൽ 9), വിരാട് കോഹ്ലി(0), ശ്രേയസ് അയ്യർ (16 പന്തിൽ 4) എന്നിവരെ തുടക്കത്തിലേ നഷ്ടമായ ശേഷം ക്യാപ്റ്റൻ രോഹിത് ശർമയുടെ അർധ സെഞ്ചുറിയാണ് (101 പന്തിൽ 87) കൂട്ടത്തകർച്ച ഒഴിവാക്കിയത്. ഈ പ്രകടനത്തിന് രോഹിത്തിനെ പ്ലെയർ ഓഫ് മാച്ച് ആയും തെരഞ്ഞെടുത്തു.
കെ.എൽ. രാഹുൽ (58 പന്തിൽ 39) നല്ല പിന്തുണ നൽകിയെങ്കിലും മികച്ച തുടക്കം മുതലാക്കാനാവാതെ മടങ്ങി. പിന്നീട് വാലറ്റക്കാരെ കൂട്ടുപിടിച്ച് സൂര്യകുമാർ യാദവ് നടത്തിയ രക്ഷാ പ്രവർത്തനമാണ് ഇന്ത്യയെ 200 കടത്തിയത്. 47 പന്തിൽ 49 റൺസാണ് സൂര്യ നേടിയത്.
സ്പിന്നർമാരെ തുണയ്ക്കുമെന്ന് പ്രവചിക്കപ്പെട്ട പിച്ചിൽ രണ്ടു ടീമുകളുടെയും പേസ് ബൗളർമാരുടെ മികച്ച പ്രകടനമാണ് കണ്ടത്. ഇംഗ്ലണ്ടിനു വേണ്ടി ഡേവിഡ് വില്ലി മൂന്നും ക്രിസ് വോക്ക്സ് രണ്ടും വിക്കറ്റ് നേടി. ലെഗ് സ്പിന്നർ ആദിൽ റഷീദും രണ്ട് വിക്കറ്റെടുത്തു. മാർക്ക് വുഡിന് ഒരു വിക്കറ്റ്.
ഇംഗ്ലണ്ട് ബാറ്റിങ് നിരയും തുടക്കത്തിൽ തന്നെ തകർച്ചയെ നേരിട്ടു. ദാവിദ് മലാനെയും ജോ റൂട്ടിനെയും അടുത്തടുത്ത പന്തുകളിൽ പുറത്താക്കിക്കൊണ്ട് ജസ്പ്രീത് ബുംറയാണ് ഇന്ത്യൻ പ്രത്യാക്രമണത്തിനു തുടക്കം കുറിച്ചത്. ഫസ്റ്റ് ചെയ്ഞ്ച് ബൗളറായെത്തിയ മുഹമ്മദ് ഷമിയുടെ ഊഴമായിരുന്നു അടുത്തത്. ബെൻ സ്റ്റോക്ക്സിനെയും ഒററ്റം കാക്കാൻ ശ്രമിക്കുകയായിരുന്ന ഓപ്പണർ ജോണി ബെയർസ്റ്റോയെയും മടക്കിയ ഷമി, ഇംഗ്ലണ്ടിന്‍റെ തിരിച്ചുവരവിനുള്ള സാധ്യതകൾ ദുർബലമാക്കി.
കുൽദീപ് യാദവും രവീന്ദ്ര ജഡേജയും മൂന്ന് വിക്കറ്റ് കൂടി പങ്കിട്ടതോടെ ഇംഗ്ലണ്ടിന്‍റെ വഴി അടഞ്ഞു. ശേഷിച്ച മൂന്നു വിക്കറ്റുകൾ ഷമിയും ബുംറയും കൂടി പങ്കിട്ടെടുത്തതോടെ ഇംഗ്ലണ്ടിന്‍റെ കഥ കഴിയുകയും ചെയ്തു.
ഏഴോവറിൽ 22 റൺസ് വഴങ്ങിയാണ് ഷമിയുടെ നാലു വിക്കറ്റ് പ്രകടനം. ബുംറ 6.5 ഓവറിൽ 33 റൺസ് വഴങ്ങിയാണ് മൂന്നു വിക്കറ്റ് നേടിയത്. കുൽദീപ് യാദവ് എട്ടോവറിൽ 24 റൺസിന് രണ്ടു വിക്കറ്റ് സ്വന്തമാക്കിയപ്പോൾ, രവീന്ദ്ര ജഡേജ ഏഴോവറിൽ 16 റൺസ് മാത്രം വഴങ്ങി ഒരു വിക്കറ്റും നേടി.