തുടരെ മൂന്നാം തോൽവി: ഇന്ത്യയുടെ സെമി സാധ്യത മങ്ങുന്നു

കഴിഞ്ഞ രണ്ടു മത്സരങ്ങൾ എന്നതു പോലെ ഇക്കുറിയും ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ പടിക്കൽ കലമുടയ്ക്കുകയായിരുന്നു ഇന്ത്യൻ വനിതകൾ
തുടരെ മൂന്നാം തോൽവി: ഇന്ത്യയുടെ സെമി സാധ്യത മങ്ങുന്നു | India vs England Women's World Cup ODI

ഇംഗ്ലണ്ടിനെതിരേ ദീപ്തി ശർമയുടെ ബാറ്റിങ്.

Updated on

ഇന്ദോർ: വനിതാ ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യക്ക് തുടർച്ചയായ മൂന്നാം തോൽവി. ഇംഗ്ലണ്ടിനെതിരായ ഹൈസ്കോറിങ് മത്സരത്തിൽ നാല് റൺസിനാണ് ഇന്ത്യ തോറ്റത്. ഇതോടെ ആതിഥേയരുടെ സെമി ഫൈനൽ സാധ്യതകൾ തുലാസിലായി. കഴിഞ്ഞ രണ്ടു മത്സരങ്ങൾ എന്നതു പോലെ ഇക്കുറിയും ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ പടിക്കൽ കലമുടയ്ക്കുകയായിരുന്നു ഇന്ത്യൻ വനിതകൾ.

ദീപ്തി ശർമയുടെ തകർപ്പൻ ഓൾറൗണ്ട് പ്രകടനത്തിനും സ്മൃതി മന്ഥനയുടെയും ഹർമൻപ്രീത് കൗറിന്‍റെയും അർധ സെഞ്ചുറികൾക്കും ഇന്ത്യയെ രക്ഷിക്കാനായില്ല. ഇംഗ്ലണ്ട് നിശ്ചിത 50 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 288 റൺസാണെടുത്തത്. ഇന്ത്യയുടെ മറുപടി ആറ് വിക്കറ്റ് നഷ്ടത്തിൽ 284 റൺസ് എന്ന നിലയിൽ ഒതുങ്ങി.‌

ക്യാപ്റ്റൻ ഹെതർ നൈറ്റിന്‍റെ സെഞ്ച്വറിയാണ് (109) ഇംഗ്ലണ്ടിന് മികച്ച സ്കോർ സമ്മാനിച്ചത്. തന്‍റെ 300ാം അന്താരാഷ്ട്ര മത്സരത്തിലാണ് നൈറ്റ് 91 പന്തിൽ 15 ഫോറുകളും ഒരു സിക്സറും ഉൾപ്പെടെ തകർപ്പൻ പ്രകടനം കാഴ്ചവെച്ചത്.

ഇന്ത്യൻ ബൗളിങ്ങിൽ തിളങ്ങിയത് ദീപ്തി ശർമയാണ്. 4 വിക്കറ്റുകൾ വീഴ്ത്തിയ താരം 51 റൺസ് മാത്രമാണ് വഴങ്ങിയത്. ഏകദിന ലോകകപ്പിൽ ദീപ്തിയുടെ ഏറ്റവും മികച്ച പ്രകടനമാണിത്. പിന്നീട് ബാറ്റിങ്ങിനിറങ്ങിയപ്പോൾ 57 പന്തിൽ 50 റൺസും ദീപ്തി സ്വന്തമാക്കി.

ടമ്മി ബ്യൂമോണ്ട് (22), ആമി ജോൺസ് (56), എമ്മ ലാംബ് (11), ആലീസ് കാപ്‌സി (2) എന്നിവരുടെ വിക്കറ്റുകളാണ് ദീപ്തി നേടിയത്. തുടക്കത്തിൽ ഓപ്പണർമാരായ ജോൺസും ബ്യൂമോണ്ടും ചേർന്ന് 77 റൺസിന്റെ മികച്ച കൂട്ടുകെട്ടുണ്ടാക്കിയിരുന്നു. എന്നാൽ, ദീപ്തിയുടെയും ശ്രീ ചാരണിയുടെയും (2/68) പ്രകടനത്തിലൂടെ ഇന്ത്യ മത്സരത്തിലേക്ക് തിരിച്ചുവന്നു.

ഹെതർ നൈറ്റും നാറ്റ് സിവർ-ബ്രണ്ടും (38) ചേർന്ന് നേടിയ 113 റൺസ് കൂട്ടുകെട്ട് ഇംഗ്ലണ്ടിന് കരുത്തായെങ്കിലും, മധ്യനിര തകർന്നത് അവർക്ക് തിരിച്ചടിയായി. അവസാന 10 ഓവറിൽ 5 വിക്കറ്റുകളാണ് ഇംഗ്ലണ്ടിന് നഷ്ടമായത്.

മറുപടി ബാറ്റിങ്ങിൽ പ്രതീക റാവലിനെ (6) പെട്ടെന്ന് നഷ്ടമായെങ്കിലും സ്മൃതിയും (88) ഹർലീൻ ഡിയോളും (24) ചേർന്ന് ടീമിന് അടിത്തറ നൽകി. തുടർന്നെത്തിയ ക്യാപ്റ്റൻ ഹർമൻപ്രീത് 70 പന്തിൽ 70 റൺസുമായി ടീമിനു ജയ പ്രതീക്ഷയേകി. എന്നാൽ, സ്മൃതി, റിച്ച ഘോഷ് (8), ദീപ്തി എന്നിവരുടെ വിക്കറ്റ് നിർണായക സമയത്ത് നഷ്ടമായത് ഇന്ത്യക്കു തിരിച്ചടിയായി. അവസാന ഓവറുകളിൽ അമൻജോത് കൗറും (18) സ്നേഹ് റാണയും (10) ന‌ടത്തിയ പോരാട്ടം ജയത്തിനു പര്യാപ്തമായതുമില്ല.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com