അയർലൻഡിനു മുന്നിൽ ഇന്ത്യ പതറുന്നു

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത അയർലൻഡ് 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 183 റൺസെടുത്തു. സഞ്ജു സാംസൺ അഞ്ച് റൺസെടുത്ത് പുറത്തായി.
India vs Ireland 1st T20

ഇന്ത്യൻ പേസ് ബൗളർമാർ ഹർഷിത് റാണയും അർഷ്ദീപ് സിങ്ങും അയർലൻഡിനെതിരായ ആദ്യ ടി20 മത്സരത്തിനിടെ.

Updated on

ബെൽഫാസ്റ്റ്: അയർലൻഡിനെതിരായ ടി20 ക്രിക്കറ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് 183 റൺസ് വിജയലക്ഷ്യം. ടോസ് നേടിയ ഇന്ത്യയുടെ പുതിയ ക്യാപ്റ്റൻ ശ്രേയസ് അയ്യർ ഫീൽഡിങ്ങാണ് തെരഞ്ഞെടുത്തത്. ആതിഥേയർ 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 182 റൺസെടുത്തു.

മറുപടി ബാറ്റിങ്ങിൽ സഞ്ജു സാംസണിന്‍റെ വിക്കറ്റ് രണ്ടാം ഓവറിൽ തന്നെ വീണു. നാല് പന്തിൽ അഞ്ച് റൺസെടുത്ത സഞ്ജു, ഇന്ത്യൻ വംശജനായ ഇടങ്കയ്യൻ പേസർ ജയ് മൂന്ദ്രയുടെ പന്തിൽ ബൗൾഡായി. പിന്നാലെ ഇഷാൻ കിഷനും (1) ശ്രേയസ് അയ്യരും (3) കൂടി മടങ്ങിയതോടെ ഇന്ത്യ 60/3 എന്ന നിലയിലായി. ഇതിനകം അഭിഷേക് ശർമ താളം കണ്ടെത്തിയിരുന്നു. എന്നാൽ, 20 പന്തിൽ 50 റൺസെടുത്ത് മടങ്ങി. പിന്നാലെ തിലക് വർമയും (19) വീണതോടെ ഇന്ത്യ 90/5.

India vs Ireland 1st T20

ഇന്ത്യക്കെതിരായ ടി20 ക്രിക്കറ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ അയർലൻഡിനെ ബാറ്റിങ് തകർച്ചയിൽ നിന്നു കരകയറ്റിയ ലോർക്കൻ ടക്കർ.

നേരത്തെ, തകർച്ചയോടെയായിരുന്നു അയർലൻഡിന്‍റെയും തുടക്കം. രണ്ടാം ഓവറിൽ ആദ്യ വിക്കറ്റ് വീണെങ്കിലും അപ്പോഴേക്കും സ്കോർ ബോർഡിൽ 20 റൺസ് എത്തിയിരുന്നു. 7.1 ഓവർ ആകുമ്പോൾ നാല് വിക്കറ്റ് നഷ്ടത്തിൽ 51 റൺസ് എന്ന നിലയിൽ ഐറിഷ് ടോപ് ഓർഡർ തകർന്നു.

എന്നാൽ, ലോർക്കൻ ടക്കറുടെ അർധ സെഞ്ചുറി അവരെ കരകയറ്റി. നാലാം നമ്പറിൽ ബാറ്റ് ചെയ്യാനിറങ്ങിയ ടക്കർ 36 പന്തിൽ അഞ്ച് ഫോറും രണ്ട് സിക്സും സഹിതം 50 റൺസെടുത്താണ് പുറത്തായത്. ഗാരത് ഡിലനി 32 പന്തിൽ മൂന്ന് ഫോറും മൂന്ന് സിക്സും ഉൾപ്പെടെ 49 റൺസും നേടി.

പരുക്കിൽനിന്ന് മുക്തനായി ടീമിൽ തിരിച്ചെത്തിയ ഹർഷിത് റാണയാണ് അർഷ്ദീപ് സിങ്ങിനൊപ്പം ന്യൂബോൾ എടുത്തത്. നാലോവറിൽ 24 റൺസ് വഴങ്ങിയ ഹർഷിത് മൂന്ന് വിക്കറ്റ് സ്വന്തമാക്കി. അർഷ്ദീപ് 28 റൺസ് വഴങ്ങി രണ്ട് വിക്കറ്റും നേടി.

ജന്മദിനത്തിൽ എറിഞ്ഞ ആദ്യ പന്തിൽ തന്നെ വിക്കറ്റ് നേടിയ ശിവം ദുബെ ആകെ മൂന്നോവറിൽ വഴങ്ങിയത് 18 റൺസ് മാത്രം. എന്നാൽ, തല്ലുകൊള്ളിയെന്ന പേരുദോഷം മാറ്റാൻ കഴിയാത്ത പ്രസിദ്ധ് കൃഷ്ണ നാലോവറിൽ 57 റൺസാണ് ലീക്ക് ചെയ്തത്. 17ാം ഓവറിൽ മാത്രം മൂന്ന് സിക്സും രണ്ട് ഫോറും ഉൾപ്പെടെ 27 റൺസ് വീണു.

ടീമിലുണ്ടായിരുന്ന രണ്ട് സ്പിന്നർമാരും നന്നായി അടിവാങ്ങി. വാഷിങ്ടൺ സുന്ദറിന്‍റെ ഒരോവറിൽ 19 റൺസ് പിറന്നു. അക്ഷർ പട്ടേൽ ആദ്യ രണ്ടോവറിൽ 26 റൺസ് വിട്ടുകൊടുത്തെങ്കിലും പിന്നീട് ഗംഭീരമായി തിരിച്ചുവന്നു. ആകെ നാലോവറിൽ 33 റൺസ് വഴങ്ങി രണ്ട് വിക്കറ്റും നേടി.

logo
Metro Vaartha
www.metrovaartha.com