ട്വന്‍റി20 ലോകകപ്പ്: ഇന്ത്യ ആദ്യ മത്സരം 'പരിശീലനം'

ലോകകപ്പിനു മുൻപ് ഒരേയൊരു സന്നാഹ മത്സരം മാത്രം കളിക്കാൻ അവസരം കിട്ടിയ ഇന്ത്യക്ക് അപരിചിതമായ വിക്കറ്റിനോടും സാഹചര്യങ്ങളോടും പൊരുത്തപ്പെടാൻ അയർലൻഡിനും യുഎസ്എയ്ക്കും എതിരായ ഗ്രൂപ്പ് മത്സരങ്ങൾ ഉപയോഗിക്കാം
India vs Ireland match preview T20 world cup
ട്വന്‍റി20 ലോകകപ്പ്: ഇന്ത്യ ആദ്യ മത്സരം 'പരിശീലനം'

ന്യൂയോർക്ക്: ട്വന്‍റി20 ലോകകപ്പിലെ ആദ്യ മത്സരത്തിന് ഇന്ത്യ ബുധനാഴ്ച കളത്തിലിറങ്ങുന്നു. ഐസിസി ട്രോഫിക്കു വേണ്ടിയുള്ള സുദീർഘമായ കാത്തിരിപ്പാണ് ഇപ്പോൾ യുഎസ്എയിലും വെസ്റ്റിൻഡീസിലുമായി നടക്കുന്ന ലോകകപ്പിൽ എത്തിനിൽക്കുന്നത്. ഇന്ത്യയുടെ മൂന്ന് ഗ്രൂപ്പ് മത്സരങ്ങളും യുഎസ്എയിലാണ്, നോക്കൗട്ട് മത്സരങ്ങൾ വെസ്റ്റിൻഡീസിലും.

ഐപിഎൽ കഴിഞ്ഞ് നേരേ യുഎസിലെത്തിയ ഇന്ത്യൻ ടീമംഗങ്ങൾക്ക് ടൂർണമെന്‍റിനു മുൻപ് ഒരു സന്നാഹ മത്സരം മാത്രമാണ് കളിക്കാൻ അവസരം ലഭിച്ചത്. അതിൽ ബംഗ്ലാദേശിനെ ആധികാരികമായി തോൽപ്പിക്കാനും സാധിച്ചു. എന്നാൽ, വിക്കറ്റിലും സാഹചര്യങ്ങളിലും അനുഭവപ്പെട്ട അപരിചിതത്വം മത്സരശേഷം കോച്ച് രാഹുൽ ദ്രാവിഡ് മറച്ചുവച്ചില്ല. സാധാരണയിലും മൃദുവായ പിച്ചിലാണ് ‌ഇന്ത്യ ബംഗ്ലാദേശിനെ നേരിട്ടത്. എന്നാൽ, ഋഷഭ് പന്തിന്‍റെയും ഹാർദിക് പാണ്ഡ്യയുടെ പവർ ഹിറ്റിങ് മികവിൽ അവിടെ 180 പ്ലസ് സ്കോർ ഉയർത്താൻ ടീമിനു സാധിച്ചു.

ഗ്രൂപ്പ് മത്സരങ്ങളിൽ അയർലൻഡാണ് ഇന്ത്യയുടെ ആദ്യ എതിരാളി. അതിനു ശേഷം പാക്കിസ്ഥാനെയും യുഎസ്എയെയും നേരിടണം. ഗ്രൂപ്പിൽ മുന്നിലെത്തുന്ന രണ്ടു ടീമുകൾ നോക്കൗട്ട് ഘട്ടത്തിലേക്ക് യോഗ്യത നേടുമെന്നിരിക്കെ, അയർലൻഡിനും യുഎസിനുമെതിരായ മത്സരങ്ങൾ ശേഷിക്കുന്ന പരീക്ഷണങ്ങൾക്കായി ഇന്ത്യക്ക് ഉപയോഗിക്കാൻ സാധിക്കും.

ബാറ്റിങ് ലൈനപ്പിന്‍റെയും ബൗളിങ് ലൈനപ്പിന്‍റെയുമെല്ലാം കാര്യത്തിൽ ഇനിയും അന്തിമ തീരുമാനങ്ങൾ വരാനുണ്ട്. രോഹിത് ശർമയ്‌ക്കൊപ്പം ഓപ്പൺ ചെയ്യേണ്ടത് യശസ്വി ജയ്സ്വാളോ വിരാട് കോലിയോ? അല്ലെങ്കിൽ സഞ്ജു സാംസണെയോ ഋഷഭ് പന്തിനെയോ ഓപ്പണിങ് റോളിൽ പരീക്ഷിക്കണോ? വിക്കറ്റിനു പിന്നിൽ ഋഷഭോ സഞ്ജുവോ? സ്പിന്നർമാരിൽ കുൽദീപ് യാദവോ യുസ്വേന്ദ്ര ചഹലോ? സ്പിൻ ഓൾറൗണ്ടർ രവീന്ദ്ര ജഡേജയോ അക്ഷർ പട്ടേലോ? പേസ് ബൗളിങ് ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയോ ശിവം ദുബെയോ? ജസ്പ്രീം ബുംറയുടെ ന്യൂബോൾ പങ്കാളി മുഹമ്മദ് സിറാജോ അർഷ്‌ദീപ് സിങ്ങോ? അങ്ങനെ നിരവധി ചോദ്യങ്ങൾക്ക് അയർലൻഡിനെതിരായ മത്സരം ഉത്തരം നൽകുമെന്നു പ്രതീക്ഷിക്കാം.

സന്നാഹ മത്സരത്തിലെ പ്രകടനമാണ് മാനദണ്ഡമെങ്കിൽ സഞ്ജുവിനു മേൽ വ്യക്തമായ ആധിപത്യം ഋഷഭിനാണ്, വിക്കറ്റിനു മുന്നിലും പിന്നിലും. ദുബെ ബാറ്റിങ്ങിൽ പരാജയപ്പെട്ടപ്പോൾ ബൗളിങ്ങിൽ ശോഭിച്ചു; പാണ്ഡ്യ ബാറ്റിങ് ഫോം വീണ്ടെടുത്തപ്പോൾ ബൗളിങ് മങ്ങി.

അതേസമയം, പരീക്ഷണത്തിനു മുതിരുമ്പോൾ നിസാരമായി കണക്കാക്കാവുന്ന ടീമല്ല അയർലൻഡ്. എട്ടാം നമ്പർ വരെ പവർ ഹിറ്റർമാരുള്ള ടീമിൽ ഓപ്പണർ ആൻഡി ബാൽബേർണി, ക്യാപ്റ്റൻ പോൾ സ്റ്റർലിങ്, വിക്കറ്റ് കീപ്പർ ബാറ്റർ ലോർക്കൻ ടക്കർ, പവർ ഹിറ്റർ ഹാരി ടെക്റ്റർ തുടങ്ങിയവരെല്ലാം ഏതു ബൗളിങ് നിരയെയും തച്ചുതകർക്കാൻ ശേഷിയുള്ളവരാണ്.

ഇന്ത്യൻ സമയം രാത്രി എട്ടു മണിക്ക് മത്സരം ആരംഭിക്കും. മഴയ്ക്കും മഞ്ഞുവീഴ്ചയ്ക്കും സാധ്യതയില്ലാത്ത കാലാവസ്ഥയാണ് ന്യൂയോർക്കിൽ പ്രവചിക്കപ്പെട്ടിരിക്കുന്നത്.

സാധ്യതാ ടീമുകൾ

ഇന്ത്യ:

 1. രോഹിത് ശർമ (ക്യാപ്റ്റൻ)

 2. വിരാട് കോലി

 3. സഞ്ജു സാംസൺ

 4. സൂര്യകുമാർ യാദവ്

 5. ഋഷഭ് പന്ത് (വിക്കറ്റ് കീപ്പർ)

 6. ശിവം ദുബെ

 7. ഹാർദിക് പാണ്ഡ്യ

 8. രവീന്ദ്ര ജഡേജ

 9. കുൽദീപ് യാദവ്

 10. ജസ്പ്രീത് ബുംറ

 11. അർഷ്‌ദീപ് സിങ്

അയർലൻഡ്

 1. ആൻഡി ബാൽബെർണി

 2. പോൾ സ്റ്റർലിങ് (ക്യാപ്റ്റൻ)

 3. ലോർക്കൻ ടക്കർ (വിക്കറ്റ് കീപ്പർ)

 4. ഹാരി ടെക്റ്റർ

 5. കർട്ടിസ് കാംഫർ

 6. ജോർജ് ഡോക്റൽ

 7. ഗാരത്ത് ഡിലനി

 8. മാർക്ക് അഡെയർ

 9. ബാരി മക്കാർത്തി

 10. ക്രെയ്ഗ് യങ്

 11. ബെൻ വൈറ്റ്

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com