പിച്ചിൽ വാരിക്കുഴി; പതറാതെ ഇന്ത്യ

ട്വന്‍റി20 ലോകകപ്പിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് ജയം സമ്മാനിച്ചത്, പിച്ചിന്‍റെ പോരായ്മകൾ പരമാവധി മുതലെടുത്ത ബൗളർമാരും, ചതിക്കുഴികൾ അതിജീവിച്ച ബാറ്റർമാരും.
പിച്ചിൽ വാരിക്കുഴി; പതറാതെ ഇന്ത്യ
മത്സരശേഷം അയർലൻഡ് ക്യാപ്റ്റൻ പോൾ സ്റ്റിർലിങ്ങിനെ അഭിവാദ്യം ചെയ്യുന്ന ഇന്ത്യൻ വിക്കറ്റ് കീപ്പർ ഋഷഭ് പന്ത്.

ന്യൂയോർക്ക്: ശ്രീലങ്കയെ ദക്ഷിണാഫ്രിക്ക 77 റൺസിന് എറിഞ്ഞിട്ട മൈതാനത്താണ് ഇന്ത്യ ട്വന്‍റി20 ലോകകപ്പിൽ തങ്ങളുടെ ആദ്യ മത്സരം കളിക്കാനിറങ്ങിയത്. എതിരാളികൾ അയർലൻഡ് ആയിരുന്നെങ്കിലും, ആസൂത്രണത്തിൽ ഒട്ടും കുറവില്ലാതെയായിരുന്നു മുൻ ചാംപ്യൻമാരുടെ തയാറെടുപ്പുകൾ. എട്ട് വിക്കറ്റ് വിജയവുമായി ഇന്ത്യ തുടങ്ങി, ഞായറാഴ്ച പാക്കിസ്ഥാനെ നേരിടേണ്ടതെങ്ങനെ എന്നതിന്‍റെ കർട്ടൻ റെയ്സർ കൂടിയായി ഈ മത്സരം.

ഹാർദിക് പാണ്ഡ്യയും ശിവം ദുബെയും അടക്കം അഞ്ച് പേസ് ബൗളർമാരായിരുന്നു ടീമിൽ. രണ്ടു സ്പിന്നർമാരെ ഉൾപ്പെടുത്താൻ തീരുമാനിച്ചിട്ടും കുൽദീപ് യാദവും യുസ്വേന്ദ്ര ചഹലും പുറത്തിരുന്നു, പകരം ഒരേ അച്ചിൽ വാർത്ത ഇടങ്കയ്യൻ സ്പിൻ ഓൾറൗണ്ടർമാർ, രവീന്ദ്ര ജഡേജയും അക്ഷർ പട്ടേലും കളിച്ചു.

ടീം ലിസ്റ്റിൽ യശസ്വി ജയ്സ്വാളിനു പകരം വിരാട് കോലി ഓപ്പണറായിട്ടും മധ്യനിരയിൽ സഞ്ജു സാംസണിന്‍റെ പേരു കാണാത്തതിൽ ആരാധകർക്കുണ്ടായ അമ്പരപ്പ് മാറാൻ അധികം സമയം വേണ്ടിവന്നില്ല. ബൗളർമാർക്കുള്ള വിക്കറ്റാണ് ന്യൂയോർക്കിലേത്. അപ്പോൾ ബാറ്റ് ചെയ്യാൻ കഴിയുന്ന മുഴുവൻ ബൗളർമാരെയും ഒറ്റയടിക്ക് ടീമിൽ ഉൾപ്പെടുത്തുകയായിരുന്നു ഇന്ത്യ.

അർഷ്‌ദീപ് സിങ്ങും മുഹമ്മദ് സിറാജും ഹാർദിക് പാണ്ഡ്യയും ജസ്പ്രീത് ബുംറയും ചേർന്ന് എട്ട് വിക്കറ്റ് പങ്കിട്ടെടുത്തപ്പോൾ ദുബെയ്ക്ക് പന്തെറിയേണ്ടി വന്നില്ല. അക്ഷറും ജഡേജയും എറിഞ്ഞത് ഓരോ ഓവർ, അക്ഷറിന് ഒരു വിക്കറ്റും കിട്ടി. വിക്കറ്റിന്‍റെയും സാഹചര്യങ്ങളുടെയും ആനുകൂല്യം മുതലെടുത്ത് ക്ലാസിക് ടെസ്റ്റ് ക്രിക്കറ്റ് ബൗളിങ് പുറത്തെടുത്ത സിറാജാണ് മികച്ചു നിന്നതെങ്കിലും വിക്കറ്റ് ഒന്നേ കിട്ടിയുള്ളൂ.

പിച്ചിൽ വാരിക്കുഴി; പതറാതെ ഇന്ത്യ
അയർലൻഡിന്‍റെ രണ്ട് ഓപ്പണർമാരെയും അർഷ്‌ദീപ് സിങ് പുറത്താക്കി.

നാലോവർ ക്വോട്ട തികച്ച ഹാർദിക് പാണ്ഡ്യ 27 റൺസിന് മൂന്ന് വിക്കറ്റ് സ്വന്തമാക്കി. മൂന്നോവറിൽ ആറു റൺസ് മാത്രം വഴങ്ങിയ ബുംറയ്ക്ക് രണ്ട് വിക്കറ്റ്. മൂന്നാം ഓവറിൽ ഇരട്ട വിക്കറ്റുമായി വേട്ട തുടങ്ങി‍യ അർഷ്‌ദീപിന് പിന്നീട് സ്വിങ് നിയന്ത്രിക്കാൻ കഴിയാതെ വന്നതോടെ നാലോവറിൽ 35 റൺസ് വിട്ടുകൊടുത്തു. ഹാർദിക്കിനെ കൂടാതെ അർഷ്‌ദീപ് മാത്രമാണ് നാലോവർ തികച്ചത്.

പതിനാറ് ഓവറിൽ അയർലൻഡിന്‍റെ ഇന്നിങ്സ് അവസാനിക്കുകയും ചെയ്തു, വെറും 96 റൺസിന്. ബാറ്റിങ് തകർച്ചയ്ക്കു ശേഷം തകർത്തടിച്ച ഗാരത് ഡിലനിയും (14 പന്തിൽ 26) ജോഷ് ലിറ്റിലും (13 പന്തിൽ 14) നടത്തിയ ചെറുത്തുനിൽപ്പുകലാണ് അയർലൻഡിനെ നൂറിനടുത്തെങ്കിലും എത്തിച്ചത്.

പിച്ചിൽ വാരിക്കുഴി; പതറാതെ ഇന്ത്യ
അർഷ്‌ദീപ് സിങ്ങും ഹാർദിക് പാണ്ഡ്യയും മാത്രമാണ് നാലോവർ ക്വോട്ട പൂർത്തിയാക്കിയത്.

ഇന്ന് ഇന്ത്യയിലുള്ള ഏറ്റവും പരിചയസമ്പന്നരായ രണ്ടു ബാറ്റർമാർ ഓപ്പണിങ് സഖ്യമായി ഒരുമിച്ചപ്പോൾ ആക്രമണോത്സുക ബാറ്റിങ് തന്നെയായിരുന്നു ലക്ഷ്യം. പക്ഷേ, ഐറിഷ് ബാറ്റർമാരെ കുഴക്കിയ ബൗൺസ് വ്യതിയാനങ്ങളും സ്വിങ്ങും ഇന്ത്യയുടെ പ്രഗൽഭ താരങ്ങളായ രോഹിത് ശർമയ്ക്കും വിരാട് കോലിക്കും ബുദ്ധിമുട്ടുണ്ടാക്കി. എങ്കിലും പവർപ്ലേയിലെ ഫീൽഡിങ് നിയന്ത്രണങ്ങൾ മുതലാക്കാനുള്ള ശ്രമത്തിൽ തന്നെയായിരുന്നു ഇരുവരും.

ഒരു ഡ്രോപ്പ്ഡ് ക്യാച്ച് ഉൾപ്പെടെ രണ്ട് എഡ്ജുകൾ ബൗണ്ടറി കടന്നപ്പോൾ രോഹിത്തിന് അടിത്തറയായി. എന്നാൽ, മാർക്ക് അഡയറെ ക്രീസ് വിട്ടിറങ്ങി കവറിനു മുകളിലൂടെ പറത്താനുള്ള കോലിയുടെ ശ്രമം ഡീപ്പ് തേഡ് മാനിൽ ബെൻ വൈറ്റിന്‍റെ കൈകളിൽ അവസാനിച്ചു. അഞ്ച് പന്തിൽ ഒരു റൺ മാത്രമാണ് പുതിയ റോളിൽ കോലിക്കു നേടാനായത്.

ബംഗ്ലാദേശിനെതിരായ സന്നാഹ മത്സരത്തിൽ കണ്ടത് ഇന്ത്യ ഈ ടൂർണമെന്‍റിൽ പരീക്ഷിക്കാൻ പോകുന്ന ബാറ്റിങ് ഓർഡർ തന്നെയെന്ന് ഉറപ്പിച്ചുകൊണ്ട് ഋഷഭ് പന്ത് മൂന്നാം നമ്പറിലെത്തി. വൈകിയെത്തി കോലിക്കു കളിക്കാൻ കഴിയാതിരുന്നതുകൊണ്ടു മാത്രമാണ് ബംഗ്ലാദേശിനെതിരേ സഞ്ജു സാംസൺ ഓപ്പണറായതെന്നും ഇതോടെ വ്യക്തമായി.

പിച്ചിൽ വാരിക്കുഴി; പതറാതെ ഇന്ത്യ
രോഹിത് ശർമയുടെ ബാറ്റിങ്.

അതുവരെ ന്യൂയോർക്കിലെ പിച്ചിൽ ബാറ്റ് ചെയ്യാനിറങ്ങിയ മറ്റേതു ബാറ്ററെക്കാൾ ഒഴുക്കോടെയാണ് ഋഷഭ് പന്ത് കളി തുടങ്ങിയത്. ഇതോടെ രോഹിത്തും തനത് ടച്ചിലേക്കെത്തി. 37 പന്തിൽ നാല് ഫോറും മൂന്നു സിക്സും സഹിതം 52 റൺസെടുത്ത് റിട്ടയർ ചെയ്യുകയായിരുന്നു രോഹിത്. കൈയിൽ ഏറു കൊണ്ടതിനു പുറമേ, അടുത്ത ബാറ്റർക്ക് മാച്ച് പ്രാക്റ്റീസ് ഉറപ്പാക്കുക എന്ന ലക്ഷ്യവും രോഹിത് ക്രീസ് വിട്ടതിനു പിന്നിലുണ്ടായിരുന്നു എന്നു കരുതാം.

പക്ഷേ, തുടർന്നെത്തിയ സൂര്യകുമാർ യാദവിന് നാല് പന്തിൽ രണ്ടു റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. രണ്ട് പന്ത് നേരിട്ട ശിവം ദുബെ റണ്ണൊന്നുമെടുക്കാതെ പുറത്താകാതെയും നിന്നു. ഈ സമയം കൊണ്ട് ഋഷഭ് പന്ത് മത്സരം ഫിനിഷ് ചെയ്യുകയായിരുന്നു.

26 പന്തിൽ മൂന്നു ഫോറും രണ്ടു സിക്സും സഹിതം 36 റൺസാണ് ഋഷഭ് പുറത്താകാതെ നേടിയത്. ജയിക്കാൻ ആറു റൺസ് വേണ്ടപ്പോൾ കിട്ടിയ ഏറിന് അടുത്ത പന്തിൽ റിവേഴ്സ് ഹിറ്റിലൂടെ സിക്സറടിച്ച് മറുപടി നൽകിയ ഋഷഭ് ഈ ഷോട്ടോടെ ലക്ഷ്യം നേടി, ഒപ്പം, സഞ്ജു സാംസണു മേൽ ഒന്നാം നമ്പർ വിക്കറ്റ് കീപ്പർ താൻ തന്നെയായിരിക്കുമെന്ന് ഉറപ്പിക്കുകയും ചെയ്തു.

Trending

No stories found.

Latest News

No stories found.