അണ്ടർ-19 ലോകകപ്പ്: ഇന്ത്യക്ക് കൂറ്റൻ വിജയം

മുഷീർ ഖാന്റെ സെഞ്ചുറിയിൽ ഇന്ത്യ അയർലൻഡിനെ വീഴ്ത്തിയത് 201 റൺസ് മാർജിനിൽ
Musheer Khan
Musheer Khan

ബ്ലുംഫൊണ്ടെയ്ൻ: അണ്ടർ-19 ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യക്ക് തുടർച്ചയായ രണ്ടാം വിജയം. ആദ്യ മത്സരത്തിൽ ബംഗ്ലാദേശിനെ കീഴടക്കിയ ഇന്ത്യൻ കൗമാര താരങ്ങൾ രണ്ടാം മത്സരത്തിൽ അയർലൻഡിനെ 201 റൺസ് മാർജിനിലാണ് മറികടന്നത്.

ടോസ് നേടിയ അയർലൻഡ് ഇന്ത്യയെ ബാറ്റിങ്ങിനു ക്ഷണിക്കുകയായിരുന്നു. ഇന്ത്യ നിശ്ചിത 50 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 301 റൺസ് പടുത്തുയർത്തി. അയർലൻഡ് 29.4 ഓവറിൽ 100 റൺസിന് ഓൾഔട്ടാകുകയും ചെയ്തു.

118 റൺസെടുത്ത വൺ ഡൗൺ ബാറ്റർ മുഷീർ ഖാനാണ് ഇന്ത്യൻ ഇന്നിങ്സിന് കരുത്തു പകർന്നത്. സർഫറാസ് ഖാന്‍റെ സഹോദരനായ മുഷീർ 106 പന്തിൽ 118 റൺസെടുത്ത് റണ്ണൗട്ടാകുകയായിരുന്നു. 9 ഫോറും 4 സിക്സും ഉൾപ്പെട്ടതായിരുന്നു ആ ഇന്നിങ്സ്.

ഓപ്പണർമാരായ ആദർശി സിങ് (33 പന്തിൽ 17), അർഷിൻ കുൽക്കർണി (55 പന്തിൽ 32) എന്നിവർ വലിയ സംഭാവനകൾ നൽകാതെ മടങ്ങിയപ്പോൾ മുഷീറും ക്യാപ്റ്റൻ ഉദയ് സഹാരനും (84 പന്തിൽ 75) ഉൾപ്പെട്ട മൂന്നാം വിക്കറ്റ് കൂട്ടുകെട്ടിൽ 156 റൺസ് പിറന്നു. ആദ്യ മത്സരത്തിലും സഹാരൻ അർധ സെഞ്ചുറി നേടിയിരുന്നു.

നാല് വിക്കറ്റ് നേടിയ ഇന്ത്യൻ പേസ് ബൗളർ നമൻ തിവാരി.
നാല് വിക്കറ്റ് നേടിയ ഇന്ത്യൻ പേസ് ബൗളർ നമൻ തിവാരി.

പിന്നീടെത്തിയവരിൽ വിക്കറ്റ് കീപ്പർ ആരവല്ലി അവിനാശും (13 പന്തിൽ 22) സ്പെഷ്യലിസ്റ്റ് ഫിനിഷർ സച്ചിൻ ദാസും (9 പന്തിൽ പുറത്താകാതെ 21) റൺ നിരക്ക് ഉയർത്തി.

മറുപടി ബാറ്റിങ്ങിൽ ഒരു ഘട്ടത്തിലും അയർലൻഡിന് പ്രതീക്ഷയുണർത്താനായില്ല. പുറത്താകാതെ 27 റൺസെടുത്ത പത്താം നമ്പർ ബാറ്റർ ഡാനിയൽ ഫോർക്കിനാണ് അവരുടെ ടോപ് സ്കോറർ. ഇന്ത്യയുടെ ഓപ്പണിങ് ബൗളർ നമൻ തിവാരി 53 റൺസ് വഴങ്ങി 4 വിക്കറ്റ് വീഴ്ത്തി. ആദ്യ മത്സരത്തിൽ നാല് വിക്കറ്റ് വീഴ്ത്തിയ സ്പിന്നർ സൗമി പാണ്ഡെ ഇത്തവണ 21 റൺസിന് മൂന്ന് വിക്കറ്റ് നേടി.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com