അണ്ടർ 19 ലോകകപ്പ്: ഇന്ത്യ സെമിയിൽ

അപരാജിത മുന്നേറ്റം, സൂപ്പർ സിക്സിലെ ഗ്രൂപ്പ് 1 മത്സരത്തിൽ നേപ്പാളിനെയും കീഴടക്കി, ക്യാപ്റ്റൻ ഉദയ് സഹാരനും സച്ചിൻ ദാസിനും സെഞ്ചുറി
സച്ചിൻ ദാസും ഉദയ് സഹാരനും 215 റൺസിന്‍റെ റെക്കോഡ് കൂട്ടുകെട്ടിനിടെ.
സച്ചിൻ ദാസും ഉദയ് സഹാരനും 215 റൺസിന്‍റെ റെക്കോഡ് കൂട്ടുകെട്ടിനിടെ.

ബ്ലുംഫൊണ്ടെയ്ൻ: അണ്ടർ 19 ലോകകപ്പിൽ പരാജയമറിയാതെ മുന്നേറുന്ന ഇന്ത്യൻ ക്രിക്കറ്റ് ടീം സെമി ഫൈനലിൽ കടന്നു. സൂപ്പർ സിക്സിലെ ഗ്രൂപ്പ് 1 മത്സരത്തിൽ നേപ്പാളിനെ ഇന്ത്യൻ കൗമാര താരങ്ങൾ കീഴടക്കിയത് 132 റൺസിന്. ഇന്ത്യ 50 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 297 റൺസെടുത്തപ്പോൾ നേപ്പാളിന്‍റെ മറുപടി 165/9 എന്ന നിലയിൽ ഒതുങ്ങി.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയുടെ തുടക്കം തകർച്ചയോടെയായിരുന്നു. 62 റൺസെടുക്കുന്നതിനിടെ മൂന്നു വിക്കറ്റ് നഷ്ടപ്പെട്ട ടീമിനെ കരകയറ്റിയത് ക്യാപ്റ്റൻ ഉദയ് സഹാരനും (107 പന്തിൽ 100) സ്പെഷ്യലിസ്റ്റ് ഫിനിഷർ സച്ചിൻ ദാസും (101 പന്തിൽ 116) ഉൾപ്പെട്ട റെക്കോഡ് നാലാം വിക്കറ്റ് കൂട്ടുകെട്ടാണ്. ഇവരുടെ 215 റൺസ് കൂട്ടുകെട്ട് അണ്ടർ 19 ക്രിക്കറ്റിൽ മൂന്നാം വിക്കറ്റ് കൂട്ടുകെട്ടിനു ശേഷമുള്ള ഏറ്റവും ഉയർന്ന സ്കോറാണ്.

മറുപടി ബാറ്റിങ്ങിൽ നേപ്പാളിന് ഒരു ഘട്ടത്തിലും ഇന്ത്യൻ സ്കോർ എത്തിപ്പിടിക്കാൻ ആവശ്യമായ റൺ നിരക്ക് കണ്ടെത്താൻ സാധിച്ചില്ല. ടൂർണമെന്‍റിൽ വിക്കറ്റ് വേട്ടക്കാരിൽ രണ്ടാം സ്ഥാനത്തുള്ള ഇടങ്കയ്യൻ സ്പിന്നർ സൗമി പാണ്ഡെ ഒരിക്കൽക്കൂടി എതിർ ബാറ്റിങ് നിരയിൽ നാശം വിതച്ചു. പത്തോവർ ക്വോട്ട പൂർത്തിയാക്കിയ പാണ്ഡെ 29 റൺസ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തി. ടൂർണമെന്‍റിൽ ഇതുവരെ 16 വിക്കറ്റാണ് പാണ്ഡെ നേടിയത്. ദക്ഷിണാഫ്രിക്കയുടെ ഇടങ്കയ്യൻ പേസ് ബൗളർ ക്വെന മഫാക 18 വിക്കറ്റുമായി ഒന്നാം സ്ഥാനത്തുണ്ട്. ബാറ്റർമാരിൽ ഇന്ത്യയുടെ മുഷീർ ഖാൻ (334) ഒന്നാമതും ഉദയ് സഹാരൻ (308) രണ്ടാമതും നിൽക്കുന്നു.

Trending

No stories found.

Latest News

No stories found.