വനിതാ ലോകകപ്പ്: ഇന്ത്യക്ക് രണ്ടാം ജയം

നെതർലൻഡ്സിനെതിരേ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യൻ വനിതകൾ 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 209 റൺസെടുത്തു. സ്മൃതി മന്ഥനയ്ക്കും ഷഫാലി വർമയ്ക്കും അർധ സെഞ്ചുറി
India vs Netherlands ICC women's T20 world cup

വനിതകളുടെ ടി20 ക്രിക്കറ്റ് ലോകകപ്പിൽ നെതർലാൻഡ്സിനെതിരേ ബാറ്റ് ചെയ്യുന്ന ഇന്ത്യൻ ഓപ്പണർ സ്മൃതി മന്ഥന.

Updated on

ലീഡ്സ്: വനിതകളുടെ ടി20 ക്രിക്കറ്റ് ലോകകപ്പിൽ നെതർലൻഡ്സിനെതിരേ ഇന്ത്യക്ക് കൂറ്റൻ ജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 209 റൺസാണ് അടിച്ചുകൂട്ടിയത്. നെതർലാൻഡ്സ് 17.3 ഓവറിൽ 114 റൺസിന് ഓൾ ഔട്ട് ആയതോടെ ഇന്ത്യക്ക് 95 റൺസ് ജയം. ആദ്യ മത്സരത്തിൽ പാക്കിസ്ഥാനെയും ഇന്ത്യ തോൽപ്പിച്ചിരുന്നു.

ഓപ്പണർമാരായ സ്മൃതി മന്ഥനയും ഷഫാലി വർമയും ചേർന്ന് ഒന്നാം വിക്കറ്റിൽ തന്നെ 115 റൺസ് കൂട്ടിച്ചേർത്തു. 38 പന്തിൽ 55 റൺസെടുത്ത ഷഫാലിയാണ് ആദ്യം പുറത്തായത്. അതിനു ശേഷം, 47 പന്തിൽ 74 റൺസെടുത്ത സ്മൃതിയുടെ വിക്കറ്റും നഷ്ടമായി.

ജമീമ റോഡ്രിഗ്സ് 19 റൺസും ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ 12 റൺസുമെടുത്ത് മടങ്ങി. വിക്കറ്റ് കീപ്പർ ബാറ്റർ റിച്ച ഘോഷ് 8 പന്തിൽ 20 റൺസും ഓൾറൗണ്ടർ ദീപ്തി ശർമ 2 പന്തിൽ 10 റൺസുമെടുത്ത് പുറത്താകാതെ നിന്നു.

മറുപടി ബാറ്റിങ്ങിൽ നെതർലൻഡ്സിന് ഒരു ഘട്ടത്തിലും ഇന്ത്യക്ക് വെല്ലുവിളി ഉയർത്താൻ സാധിച്ചില്ല. 28 റൺസ് എടുത്ത ഡച്ച് ക്യാപ്റ്റൻ ബാബറ്റ ഡി ലീഡ് ടോപ് സ്‌കോററായി. ഇന്ത്യക്ക് വേണ്ടി സ്പിന്നർ ശ്രീ ചരണി 19 റൺസിന് നാല് വിക്കറ്റ് വീഴ്ത്തി. ഷഫാലി വർമയ്ക്ക് മൂന്ന് വിക്കറ്റ് കിട്ടിയപ്പോൾ, നന്ദനി ശർമയ്ക്ക് രണ്ടും ദീപ്തി ശർമയ്ക്ക് ഒരു വിക്കറ്റും.

പാക്കിസ്ഥാനെതിരായ ആദ്യ മത്സരം ജയിച്ച ടീമിൽ രണ്ടു മാറ്റങ്ങളുമായാണ് ഇന്ത്യ പ്ലെയിങ് ഇലവൻ പ്രഖ്യാപിച്ചത്. മധ്യനിര ബാറ്റർ ഭാരതി ഫൂൽമാലിക്കു പകരം യസ്തിക ഭാട്ടിയയും, പേസ് ബൗളിങ് ഓൾറൗണ്ടർ അരുന്ധതി റെഡ്ഡിക്കു പകരം യുവ പേസർ നന്ദനി ശർമയും ടീമിലെത്തി.

logo
Metro Vaartha
www.metrovaartha.com