ഇന്ത്യ - നെതര്‍ലന്‍ഡ്‌സ്: ലോകകപ്പിൽ അവസാന ലീഗ് മത്സരം
ബംഗളൂരു: ലോകകപ്പ് ക്രിക്കറ്റില്‍ റൗണ്ട്‌റോബിന്‍ ലീഗ് മത്സരങ്ങള്‍ നല്‍കിയ വാശിയേറിയ അഞ്ചാഴ്ചകള്‍ക്ക് ഞായറാഴ്ചയോടെ പരിസമാപ്തി. പ്രാഥമിക റൗണ്ട് മത്സരങ്ങള്‍ക്ക് ദീപാവലി ദിനത്തില്‍ സമാപനം. ഈ ലോകകപ്പിലെ 45-ാം മത്സരം ബംഗളൂരുവിലെ പ്രശസ്തമായ ചിന്നസ്വാമി സ്റ്റേഡിയത്തില്‍.
ഇതുവരെ കളിച്ച എട്ടു മത്സരങ്ങളില്‍ എട്ടിലും ജയിച്ച് ഇതിനോടകം സെമി ബെര്‍ത്ത് ഉറപ്പിച്ച ആതിഥേയരായ ഇന്ത്യയാണ് ഒരുവശത്ത്. മറുവശത്ത്, ലോകകപ്പില്‍നിന്ന് ഇതിനോടകം പുറത്തായ നെതര്‍ലന്‍ഡ്‌സ്. അവർക്ക് എട്ട് കളികളില്‍ നിന്ന് നാല് പോയിന്‍റ് മാത്രമാണുള്ളത്.
ആത്മവിശ്വാസത്തോടെയിറങ്ങുന്ന ഇന്ത്യയില്‍നിന്ന് ആരാധകര്‍ പ്രതീക്ഷിക്കുന്നത് ദീപാവലി വെടിക്കെട്ട് തന്നെ. അതിനൊത്ത ബാറ്റിങ് നിരയാണ് ഇന്ത്യക്കുള്ളത്. ഇന്ത്യയുടെ എട്ട് വിജയവും ആധികാരികമായിരുന്നു. ബൗളര്‍മാരും ബാറ്റര്‍മാരും അവസരത്തിനൊത്തുയര്‍ന്ന ഈ ലോകകപ്പിലെ ഏറ്റവും മികച്ച ടീം ഇന്ത്യ തന്നെ എന്നു നിസംശയം പറയാം. ഇന്ത്യ കളിച്ച എട്ടു കളികളില്‍ അഞ്ചു കളി പിന്തുടര്‍ന്ന് ജയിച്ചപ്പോള്‍ മൂന്നു മത്സരങ്ങള്‍ ആദ്യം ബാറ്റ് ചെയ്തു ജയിച്ചു. ഒരു മത്സരത്തില്‍പ്പോലും എതിരാളികള്‍ക്ക് ഇന്ത്യന്‍ ബാറ്റിങ് നിരയെ പൂര്‍ണമായും പുറത്താക്കാന്‍ സാധിച്ചിട്ടില്ല എന്നത് ടീമിന്‍റെ ബാറ്റിങ് ആഴത്തെ സൂചിപ്പിക്കുന്നു.
ടൂര്‍ണമെന്‍റില്‍ രണ്ടാം സ്ഥാനത്തുള്ള ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തിയത് 243 റണ്ണിനാണ്. ശ്രീലങ്കയെ 302 റണ്ണിന് കശാപ്പ് ചെയ്തു. ലങ്കയ്ക്കെതിരെ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 357 റണ്‍സെടുത്തു. ദക്ഷിണാഫ്രിക്കയ്ക്കെതിരേ ആയപ്പോള്‍ അത് അഞ്ചിന് 326 റണ്‍സിലെത്തി. ന്യൂസിലന്‍ഡിനെതിരെ ആറ് വിക്കറ്റ് നഷ്ടപ്പെടുത്തിയാണ് 274 റണ്‍സടിച്ചത്. അല്പമെങ്കിലും ഇന്ത്യയെ പരീക്ഷിച്ചത് കിവികളാണെന്ന പറയാം. പാക്കിസ്ഥാന്‍, ഓസ്‌ട്രേലിയ, ശ്രീലങ്ക എന്നീ മുന്‍നിര ടീമുകളും ദയനീയമായി ഇന്ത്യയോട് പരാജയപ്പെട്ടു. ഇത്തരത്തില്‍ ഇന്ത്യ സമസ്തമേഖലകളിലും മുന്നില്‍നില്‍ക്കുമ്പോള്‍ ഇന്ന് ആരാധകര്‍ക്ക് ആവേശമായി രോഹിത് ശര്‍മയും കൂട്ടരും ദീപാവലി വെടിക്കെട്ട് തന്നെ നടത്തുമെന്ന് പ്രതീക്ഷിക്കാം.
മുന്‍നിര ബാറ്റര്‍മാരുടെ തകര്‍പ്പന്‍ ഫോമാണ് ഇന്ത്യവിജയത്തിന് അടിസ്ഥാനം. സ്വന്തം നേട്ടങ്ങള്‍ക്കല്ലാതെ ടീമിനായി സര്‍വതും മറന്ന് കളിക്കുന്ന രോഹിത് ശര്‍മ, ഏത് ബൗളിങ് നിരയ്‌ക്കെതിരേയും സാഹചര്യത്തിനൊത്ത് കളിക്കുന്ന വിരാട് കോലി തുടങ്ങി രവീന്ദ്ര ജഡേജ വരെ ഇന്ത്യയുടെ ബാറ്റിങ്ങില്‍ തിളങ്ങുന്നു. എട്ടു കളിയില്‍ 543 റണ്ണുമായി കോഹ്ലി ബാറ്റര്‍മാരുടെ പട്ടികയില്‍ മൂന്നാമതുണ്ട്.
രണ്ട് സെഞ്ചുറി കുറിച്ച മുപ്പത്തഞ്ചുകാരന്‍ ചരിത്രനേട്ടത്തിനരികിലാണ്. ഏകദിന സെഞ്ചുറിയില്‍ അര്‍ധ സെഞ്ചുറി തികയ്ക്കുന്ന ആദ്യ ബാറ്ററാകാനാണ് കാത്തിരിപ്പ്. അത് ഇന്നത്തെ മത്സരത്തില്‍ സാധ്യമാകുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. നായകന്‍ രോഹിത് ശര്‍മ മികച്ച ഫോമിലാണ്. അദ്ദേഹം ഉജ്വല തുടക്കം നല്‍കുന്നതുകൊണ്ടാണ് ഇന്ത്യക്ക് മികച്ച വിജയങ്ങള്‍ കൈപ്പിടിയിലൊതുക്കാനാകുന്നതെന്ന് നിസംശയം പറയാം. ഇതുവരെ അദ്ദേഹം 442 റണ്‍സ് നേടിക്കഴിഞ്ഞു. റണ്‍വേട്ടക്കാരുടെ പട്ടികയില്‍ രോഹിത് അഞ്ചാംസ്ഥാനത്തുണ്ട്. ഓപ്പണര്‍ ശുഭ്മന്‍ ഗല്ലും മികച്ച ഫോമിലാണ്.
ആദ്യ രണ്ടു കളി നഷ്ടപ്പെട്ട ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍ 219 റണ്ണടിച്ചു. മധ്യനിരയിലെ നെടുംതൂണ്‍ ശ്രേയസ് അയ്യര്‍ക്ക് 293 റണ്ണുണ്ട്. നാലാം നമ്പറില്‍ തുടക്കത്തില്‍ മങ്ങിയെങ്കിലും അവസാന മത്സരങ്ങളില്‍ ശ്രേയസ് തകര്‍പ്പന്‍ കളി പുറത്തെടുത്തു. രാഹുല്‍ 245 റണ്ണുമായി ഒപ്പമുണ്ട്.
ഡെഡ്‌ലി ബൗളിങ്
ആഡം ഗില്‍ക്രിസ്റ്റ് പറഞ്ഞതുപോലെ എല്ലാക്കാലത്തും ഇന്ത്യ മികച്ച ടീം തന്നെ എന്നാല്‍, ഇത്രയും മികച്ച ബൗളിങ് നിര ഇന്ത്യന്‍ ടീമില്‍ കാണുന്നത് ഇതാദ്യമാണ്. ജസ്പ്രീത് ബുമ്രയും മുഹമ്മദ് സിറാജും മുഹമ്മദ് ഷമിയും ഏത് ബാറ്റിങ് നിരയെയും വിറപ്പിക്കുകയാണ്. സാധാരണ ഗതിയില്‍ സ്പിന്‍ ബൗളിങ്ങിനെ തുണയ്ക്കുന്ന ഇന്ത്യന്‍ പിച്ചുകളില്‍ ഈ മൂന്നുപേസര്‍മാര്‍ കാഴ്ചവയ്ക്കുന്ന പ്രകടനം അനിതരസാധാരണമാണ്. ഇതില്‍ ഏറെ ഞെട്ടിച്ചത് മുഹമ്മദ് ഷമിയാണ്. ആദ്യ നാല് മത്സരങ്ങളിലും പുറത്തിരുന്ന ഷമി ഹാര്‍ദിക് പാണ്ഡ്യയുടെ പരുക്കിനെത്തുടര്‍ന്നാണ് ടീമിലെത്തിയത്.
പിന്നീടുള്ള നാല് മത്സരങ്ങളില്‍നിന്ന് 16 വിക്കറ്റുകള്‍ സ്വന്തമാക്കിക്കഴിഞ്ഞു. എല്ലാ മത്സരങ്ങളും കളിച്ച ജസ്പ്രീത് ബുമ്ര 15 വിക്കറ്റുകളും സ്വന്തമാക്കിയിട്ടുണ്ട്. സിറാജിന്‍റെ പേരില്‍ 10 വിക്കറ്റുമുണ്ട്. അങ്ങനെ മൂവരും ചേര്‍ന്ന സ്വന്തമാക്കിയതാകട്ടെ, 41 വിക്കറ്റുകളാണ്. ലോക റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തുള്ള ബൗളറും മറ്റാരുമല്ല, സിറാജ് തന്നെ. സ്പന്നറായ കുല്‍ദീപ് യാദവിന്‍റെ പ്രകടനവും എടുത്തു പറയേണ്ടതാണ്. എതിരാളികള്‍ ഏറ്റവും കൂടുതല്‍ വിഷമിക്കുന്ന ബൗളിങ്ങാണ് കുല്‍ദീപിന്‍റെ. കുല്‍ദീപിന് പിന്തുണ നല്‍കിക്കൊണ്ട് ജഡേജയുമുണ്ട്.
ടീമില്‍ മാറ്റംവരുമോ?
ഇതിനിടോകം സെമിയില്‍ കടന്നതിനാല്‍ ഇന്ത്യന്‍ ടീമില്‍ മാറ്റങ്ങള്‍ വരുത്താനുള്ള സാധ്യതയുണ്ട്. എന്നാല്‍, വിന്നിങ് മൊമെന്‍റം തുടരണമെന്നതിനാല്‍ മാറ്റിപ്പരീക്ഷിക്കേണ്ട എന്ന അഭിപ്രായവും ടീമിലുണ്ട്. അങ്ങനെ വന്നാല്‍, ശ്രീലങ്കയ്‌ക്കെതിരേ ഇറങ്ങിയ അതേ ടീമിനെ ഇന്ത്യ കളത്തിലിറക്കും. എന്നാല്‍, വിശ്രമം തീരുമാനിച്ചാല്‍ ബുമ്രയ്ക്കു പകരം പ്രസിദ്ധ് കൃഷ്ണ ടീമിലെത്തിയേക്കാം. കുല്‍ദീപിനു പകരം ആര്‍. അശ്വിനെയും പരീക്ഷിക്കാം. എന്നാല്‍, ടൂര്‍ണമെന്‍റിലെ ടോപ് റണ്‍ ഗെറ്ററാകാനുള്ള കോലിയുടെ അവസരം നഷ്ടപ്പെടുത്താനിടയില്ല.
ഓറഞ്ച് മധുരിച്ചു, പക്ഷേ
ഈ ലോകകപ്പില്‍ കൈയടി നേടിയ രണ്ട് ടീമുകളാണ് അഫ്ഗാനിസ്ഥാനും നെതര്‍ലന്‍ഡ്‌സും. അഫ്ഗാന്‍ നാല് മത്സരങ്ങള്‍ ജയിച്ചപ്പോള്‍ നെതര്‍ലന്‍ഡ്‌സ് രണ്ട് മത്സരങ്ങളില്‍ വിജയിച്ചു. ഇതിനോടകം സെമി ഉറപ്പിച്ച ദക്ഷിണാഫ്രിക്കയെയും ബംഗ്ലാദേശിനെയുമാണ് നെതര്‍ലന്‍ഡ്‌സ് പരാജയപ്പെടുത്തിയത്. അതുകൊണ്ടുതന്നെ ഇന്നത്തെ മത്സരത്തില്‍ ഡച്ച് പടയെ എഴുതിത്തള്ളാനാവില്ല. വിക്രം ജിത്ത് സിങ് അടക്കമുള്ള ബാറ്റര്‍മാര്‍ ഫോമിലാണ്. ബാസ് ഡെ ലീഡെയാണ് അവരുടെ മികച്ച ഓള്‍ റൗണ്ടര്‍. ഏഴ് മത്സരങ്ങളില്‍നിന്ന് 127 റണ്‍സും 14 വിക്കറ്റുകളും താരം സ്വന്തമാക്കിയിട്ടുണ്ട്. ഇരുടീമും തമ്മില് ഇതിനു മുമ്പ് രണ്ട് തവണ ഏറ്റുമുട്ടിയിട്ടുണ്ട്. രണ്ടിലും ജയം ഇന്ത്യക്കൊപ്പമായിരുന്നു.