

ഇന്ത്യയെ കര കയറ്റി ദുബെ; നെതർലൻഡ്സിന് 194 റൺസ് വിജയലക്ഷ്യം
അഹമ്മദാബാദ്: ട്വന്‍റി20 ക്രിക്കറ്റ് ലോകകപ്പിൽ ഗ്രൂപ്പ് എയിലെ എല്ലാ മത്സരങ്ങളും ഇന്ത്യ പരാജയമറിയാതെ പൂർത്തിയാക്കി. അവസാന മുഖാമുഖത്തിൽ നെതർലൻഡ്സിനു മുന്നിൽ 194 റൺസ് വിജയലക്ഷ്യമാണ് ഇന്ത്യ മുന്നോട്ടു വച്ചത്. നെതർലൻഡ്സിനെതിരേ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആറ് വിക്കറ്റിന് നഷ്ടത്തിൽ 193 റൺസാണ് നിലവിലുള്ള ചാംപ്യൻമാർ നേടിയത്. ഡച്ച് പട 176/7 എന്ന നിലയിൽ ഒതുങ്ങിയപ്പോൾ ഇന്ത്യക്ക് 17 റൺസ് ജയം.
ഗ്രൂപ്പിലെ മൂന്നാം മത്സരവും ജയിച്ചെങ്കിലും, ഇന്ത്യക്ക് ചില ആശങ്കകൾ സമ്മാനിച്ചുകൊണ്ടാണ് നെതർലൻഡ്സ് വിട പറയുന്നത്. തുടരെ മൂന്നാം മത്സരത്തിലും ഓപ്പണർ അഭിഷേക് ശർമ പൂജ്യത്തിനു പുറത്തായി. ഇന്ത്യൻ വംശജനായ ഡച്ച് ഓഫ് സ്പിന്നർ ആര്യൻ ദത്താണ് അഭിഷേകിനെ ക്ലീൻ ബൗൾ ചെയ്തത്. 18 റൺസെടുത്ത സഹ ഓപ്പണർ ഇഷാൻ കിഷന്‍റെ കുറ്റിയും ദത്ത് തെറിപ്പിച്ചു.
പിന്നീട് തിലക് വർമയും ക്യാപ്റ്റൻ സൂര്യകുമാർ യാദവും ചേർന്ന് ഇന്ത്യയ്ക്കായി രക്ഷാ പ്രവർത്തനം ആരംഭിച്ചു. 31 റൺസ് നേടിയ തിലകിനെ ഡഗ് ഔട്ടിലെത്തിച്ച് ലോഗൻ വാൻ ബീക്ക് ഇ സഖ്യം പൊളിച്ചു. ഇന്ത്യൻ സ്കോർ 100 കടന്നപ്പോൾ സൂര്യകുമാർ യാദവും (34) ബാറ്റ് താഴ്ത്തി.
നെതർലൻഡ്സ് സ്പിന്നർ ആര്യൻ ദത്തിന്‍റെ പന്തിൽ ക്ലീൻ ബൗൾഡ് ആകുന്ന ഇന്ത്യൻ ഓപ്പണർ അഭിഷേക് ശർമ.
പിന്നീട് ശിവം ദുബെയുടെ വമ്പനടികൾ ഇന്ത്യയെ മുന്നോട്ടു നയിച്ചു. 31 പന്തിൽ 66 റൺസാണ് ദുബെ അടിച്ചെടുത്തത്. നാലു ഫോറും ആറു സിക്സും ആ ഇന്നിങ്സിന് ചാരുതയേകി. 21 പന്തിൽ മൂന്ന് സിക്സ് അടക്കം 30 റൺസുമായി ഹാർദിക് പാണ്ഡ്യയും മോശമാക്കിയില്ല. റിങ്കു സിങ് (മൂന്ന് പന്തിൽ 6, ഒരു സിക്സ്) പുറത്താകാതെ നിന്നു. വാൻ ബീക്ക് മൂന്നു ഇരകളെ കണ്ടെത്തിയെങ്കിലും 56 റൺസ് വഴങ്ങി.
വെടിക്കെട്ടൊന്നും ഉണ്ടായില്ലെങ്കിലും ഉറച്ച തുടക്കമാണ് നെതർലൻഡ്സിനു കിട്ടിയത്. 5.4 ഓവറിൽ ഓപ്പണിങ് സഖ്യം 35 റൺസ് ചേർത്തു. വരുൺ ചക്രവർത്തി എത്തിതോടെയാണ് വിക്കറ്റ് വീണു തുടങ്ങിയത്. മൂന്നോവറിൽ 14 റൺസ് മാത്രം വഴങ്ങിയ വരുൺ മൂന്ന് ഇരകളെ കണ്െത്തി.
ബാറ്റിങ്ങിൽ ടോപ് സ്കോററായ ശിവം ദുബെ ബൗളിങ്ങിലും തിളങ്ങി. 35 റൺസ് വഴങ്ങിയെങ്കിലും രണ്ട് വിക്കറ്റ് സ്വന്തമാക്കി. ജസ്പ്രീത് ബുംറയ്ക്കും ഹാർദിക് പാണ്ഡ്യക്കും ഓരോ വിക്കറ്റ്.
പാക്കിസ്ഥാനെ തോൽപ്പിച്ച ടീമിൽ നിന്ന് രണ്ടു മാറ്റങ്ങളുമായാണ് ഇന്ത്യ ഇറങ്ങിയത്. അക്ഷർ പട്ടേലിനു വിശ്രമം അനുവദിക്കുകയും പകരം വാഷിങ്ടൺ സുന്ദറിനെ കളിപ്പിക്കുകയും ചെയ്തു. കുൽദീപ് യാദവിന് പകരം അർഷ്ദീപ് സിങ്ങും ടീമിലെത്തി.