

ഹെൻറി നിക്കോൾസ്
വെല്ലിങ്ടൺ: ഇന്ത‍്യയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ‍്യ മത്സരം ഒന്നാം ദിനം പൂർത്തിയായപ്പോൾ ന‍്യൂസിലൻഡ് ഭേപ്പെട്ട നിലയിൽ. 82 ഓവറിൽ നിന്നും 5 വിക്കറ്റ് നഷ്ടത്തിൽ 243 റൺസാണ് കിവീസ് അടിച്ചെടുത്തത്. ഹെൻറി നിക്കോൾസിന്‍റെ സെഞ്ചുറിയും (113 നോട്ടൗട്ട്) ഗ്ലെൻ ഫിലിപ്പ്സിന്‍റെ (94 നോട്ടൗട്ട്) അർധസെഞ്ചുറിയുമാണ് ടീമിനെ ഭേദപ്പെട്ട നിലയിലെത്തിച്ചത്.
മത്സരത്തിന്‍റെ തുടക്കത്തിൽ തന്നെ സ്റ്റാർ പേസർ ജസ്പ്രീത് ബുംറ ന‍്യൂസിലൻഡ് ക‍്യാപ്റ്റൻ ടോം ലാഥത്തിനെ (0) ബൗൾഡാക്കികൊണ്ടാണ് ബൗളിങ് ആക്രമണത്തിന് തിരികൊളുത്തിയത്. തൊട്ടടുത്ത് തന്നെ അൻഷുൽ കാംബോജ് ഡെവൺ കോൺവേയെയും (4) പുറത്താക്കിയതോടെ ടീം രണ്ട് വിക്കറ്റ് നഷ്ടത്തിൽ 12 റൺസെന്ന നിലയിലെത്തി. പിന്നീട് ക്രീസിലെത്തിയ രച്ചിൻ രവീന്ദ്ര (15), ഡാരിൽ മിച്ചൽ (1) എന്നിവർക്ക് തിളങ്ങാൻ സാധിച്ചില്ല. ആദ‍്യ സെഷനിൽ തന്നെയാണ് ന‍്യൂസിലൻഡിന്‍റെ നാലുവിക്കറ്റുകളും വീണത്.
ഗ്ലെൻ ഫിലിപ്പ്സ്
ടീം സ്കോർ 70ൽ നിൽക്കെ ടോം ബ്ലണ്ടലിനെ (5) പുറത്താക്കികൊണ്ട് ബുംറ കിവീസിനെ തകർച്ചയിലേക്ക് തള്ളിവിട്ടു. എന്നാൽ ആറാം വിക്കറ്റിൽ ഹെൻറി നിക്കോൾസ്- ഗ്ലെൻ ഫിലിപ്പ്സ് സഖ‍്യം ചേർത്ത 150 റൺസ് കൂട്ടുകെട്ട് ടീമിനെ രക്ഷിച്ചു. പേസിനെ തുണയ്ക്കുന്ന പിച്ചിൽ നാലുപേസർമാരെ ഇന്ത‍്യ കളത്തിലിറക്കിയെങ്കിലും ഹെൻറി- ഫിലിപ്പ്സ് കൂട്ടുകെട്ട് പൊളിക്കാനായില്ല. ന‍്യൂബോളിൽ അൻഷുൽ കാംബോജും ആകാശ് ദീപും മികച്ച രീതിയിലാണ് പന്തെറിഞ്ഞത്.
എന്നാൽ ആദ‍്യ സ്പെല്ലുകൾക്ക് ശേഷം ഇരുവർക്കും ക്രീസിൽ നിലയുറപ്പിച്ച ബാറ്റർമാരെ പ്രതിരോധത്തിലാക്കാൻ കഴിഞ്ഞില്ല. ന‍്യൂബോളിൽ ലഭിച്ച വേഗതയും സ്വിങ്ങും തുടർന്നുള്ള സ്പെല്ലുകൾക്ക് ലഭിക്കാതിരുന്നതാണ് തിരിച്ചടിയായത്. മറുവശത്ത് ഹിറ്റ് ദി ഡെക്ക് ബൗളർ പ്രസിദ്ധ് കൃഷ്ണ ഓൾഡ് ബൗളിൽ ബൗൺസറുകൾ പ്രയോഗിച്ച് ബാറ്റർമാരെ വീഴ്ത്താൻ ശ്രമിച്ചു.
മത്സരത്തിൽ നിന്നും
സെഞ്ചുറി പൂർത്തിയാക്കിയ ശേഷം ഹെൻറി നിക്കോൾസിന് പ്രസിദ്ധ് കൃഷ്ണ എറിഞ്ഞ ബൗൺസറിൽ ക‍്യാച്ച് ലഭിച്ചെങ്കിലും മലയാളി താരം ദേവ്ദത്ത് പടിക്കൽ വിട്ടുകളഞ്ഞു. തുടർന്ന് കരുതലോടെ നീങ്ങിയ ഇരുവരും ടീം സ്കോർ 200 കടത്തി ടീമിനെ മുന്നോട്ടുകൊണ്ടുപോയി. രണ്ടാം ദിവസം ഇരുവരെയും പുറത്താക്കാനുള്ള തന്ത്രങ്ങളായിരിക്കും ശുഭ്മൻ ഗില്ലിന്‍റെ നേതൃത്വത്തിലുള്ള ഇന്ത‍്യൻ ടീം ലക്ഷ‍്യമിടുക.