

ഇഷാൻ കിഷന്‍
റായ്പുർ: ന്യൂസിലൻഡിനെതിരായ ടി20 ക്രിക്കറ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യക്ക് ഏഴ് വിക്കറ്റ് ജയം. ടോസ് നേടിയ ഇന്ത്യ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് എതിരാളികളെ ബാറ്റിങ്ങിനയച്ചു. കിവികൾ 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 208 റൺസും നേടി. എന്നാൽ, ഇന്ത്യ 15.2 ഓവറിൽ 3 വിക്കറ്റ് മാത്രം നഷ്ടത്തിൽ ലക്ഷ്യം മറികടന്നു. അഞ്ച് മത്സരങ്ങൾ ഉൾപ്പെടുന്ന പരമ്പരയിൽ ആതിഥേയർ ഇപ്പോൾ 2-0 എന്ന നിലയിൽ ലീഡ് ചെയ്യുന്നു.
ഇന്ത്യക്ക് നഷ്ടമായ മൂന്ന് വിക്കറ്റിൽ ആദ്യ രണ്ടെണ്ണം വീണത് സ്കോർ ബോർഡിൽ ആറ് റൺസ് മാത്രമുള്ളപ്പോഴാണ്. ഒരിക്കൽക്കൂടി അവസരം മുതലാക്കാനാവാതെ പോയ മലയാളി ഓപ്പണർ സഞ്ജു സാംസൺ ആറ് റൺസാണെടുത്തത്. അഞ്ച് പന്ത് നേരിട്ട സഞ്ജു, ഇതിനിടെ ഒരു സിക്സറും പറത്തിയിരുന്നു. അഭിഷേക് ശർമ ഗോൾഡൻ ഡക്കുമായി.
എന്നാൽ, തുടക്കത്തിലെ തകർച്ച ഒരു തരത്തിലും ബാധിക്കാത്ത തരത്തിൽ ബാറ്റ് വീശുന്ന ഇഷാൻ കിഷനെയാണ് പിന്നെ കണ്ടത്. 24 റൺസ് പിറന്ന നാലാം ഓവറോടെ കളി ഇന്ത്യ തിരിച്ചുപിടിക്കുകയായിരുന്നു. ഒപ്പം, സൂര്യകുമാർ കൂടി ഫോം വീണ്ടെടുത്തതോടെ ഇന്ത്യയുടെ സ്കോർ കുതിച്ചു കയറി.
32 പന്ത് മാത്രം നേരിട്ട കിഷൻ 11 ഫോറും നാല് സിക്സും സഹിതം 76 റൺസെടുത്ത് പുറത്താകുമ്പോൾ 9.1 ഓവറിൽ 128 റൺസെത്തിയിരുന്നു ഇന്ത്യൻ സ്കോർ. എന്നാൽ, അപ്പോഴേക്ക് സൂര്യ ദീർഘകാലത്തെ ഫോമില്ലായ്മയ്ക്ക് പരിഹാരം കണ്ടു കഴിഞ്ഞിരുന്നു. 37 പന്ത് നേരിട്ട ഇന്ത്യൻ ക്യാപ്റ്റൻ ഒമ്പത് ഫോറും നാല് സിക്സും സഹിതം 82 റൺസെടുത്ത് പുറത്താകാതെ നിന്നു.
കിഷൻ പുറത്തായ ശേഷം ബാറ്റ് ചെയ്യാനിറങ്ങിയ ശിവം ദുബെ 18 പന്തിൽ 36 റൺസും നേടി. അപരാജിത ഇന്നിങ്സിൽ ഒരു ഫോറും മൂന്നു സിക്സും ഉൾപ്പെട്ടിരുന്നു.
സൂര്യകുമാർ യാദവ്
നേരത്തെ, ടോപ് ഓർഡർ വെടിക്കെട്ട് തുടക്കം നൽകിയെങ്കിലും ആർക്കും ദീർഘമായ ഇന്നിങ്സ് കളിക്കാൻ സാധിക്കാതെ വന്നതാണ് ന്യൂസിലൻഡ് ഇന്നിങ്സിന്‍റെ ഗതിവേഗം നഷ്ടപ്പെടുത്തിയത്. ഡെവൺ കോൺവെ (9 പന്തിൽ 19), ടിം സീഫർട്ട് (13 പന്തിൽ 24), ഗ്ലെൻ ഫിലിപ്സ് (13 പന്തിൽ 19), ഡാരിൽ മിച്ചൽ (11 പന്തിൽ 18) എന്നിവർക്കെല്ലാം നല്ല തുടക്കം കിട്ടിയെങ്കിലും അധികനേരം ക്രീസിൽ തുടരാനായില്ല.
26 പന്തിൽ 44 റൺസെടുത്ത രചിൻ രവീന്ദ്ര, കുൽദീപ് യാദവിന്‍റെ തന്ത്രപരമായ ബൗളിങ് കെണിയിൽ വീണത് വഴിത്തിരിവായി. അവസാന ഓവറുകളിൽ കിവി ക്യാപ്റ്റൻ മിച്ചൽ സാന്‍റ്നർ (27 പന്തിൽ 47 നോട്ടൗട്ട്) നടത്തിയ കടന്നാക്രമണമാണ് അവരെ 200 കടത്തിയത്.