നാലാം ടി20: സഞ്ജുവിന് വീണ്ടും നിരാശ, ഇന്ത്യക്ക് തോൽവി

ഇന്ത്യ - ന്യൂസിലൻഡ് ടി20 ക്രിക്കറ്റ് പരമ്പരയിലെ നാലാം മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് 7 വിക്കറ്റിന് 215 റൺസെടുത്തു
ഇന്ത്യ - ന്യൂസിലൻഡ് 4ാം ടി20 | India vs New Zealand 4th T20

സഞ്ജു സാംസൺ

File

Updated on

വിശാഖപട്ടണം: ഇന്ത്യ - ന്യൂസിലൻഡ് ടി20 ക്രിക്കറ്റ് പരമ്പരയിലെ നാലാം മത്സരത്തിൽ ഇന്ത്യക്ക് 50 റൺസ് തോൽവി. ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് ബൗളിങ് തെരഞ്ഞെടുത്തു. ന്യൂസിലൻഡ് നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 215 റൺസാണ് നേടിയത്. ഇന്ത്യയുടെ മറുപടി 18.4 ഓവറിൽ 165 റൺസിന് അവസാനിച്ചു. അഞ്ച് മത്സരങ്ങൾ ഉൾപ്പെടുന്ന പരമ്പരയിലെ ആദ്യ മൂന്നു മത്സരങ്ങളും ഇന്ത്യ ജയിച്ചിരുന്നു.

മറുപടി ബാറ്റിങ്ങിൽ ഇന്ത്യയുടെ തുടക്കം തന്നെ പാളി. ആദ്യ പന്തിൽ അഭിഷേക് ശർമയും രണ്ടാം ഓവറിൽ സൂര്യകുമാർ യാദവും (8) മടങ്ങി. പിന്നീട് സഞ്ജു സാംസണും റിങ്കു സിങ്ങും ചേർന്ന് സ്കോർ 55 വരെയെത്തിച്ചു.

അവിടെ വച്ച് സഞ്ജു വീണു. 15 പന്തിൽ മൂന്നു ഫോറും ഒരു സിക്സും സഹിതം 24 റൺസായിരുന്നു സമ്പാദ്യം. ന്യൂസിലൻഡ് ക്യാപ്റ്റൻ മിച്ചൽ സാന്‍റ്നറുടെ പന്തിൽ ക്ലീൻ ബൗൾഡാകുകയായിരുന്നു സഞ്ജു.

30 പന്തിൽ 39 റൺസുമായി റിങ്കുവും മടങ്ങിയതോടെ വിജയ പ്രതീക്ഷ അസ്തമിച്ചിരുന്നു. എന്നാൽ, അതിനു ശേഷം 15 പന്തിൽ അർധ സെഞ്ചുറി പിന്നിട്ട ശിവം ദുബെ ഗ്യാലറിയിൽ ആവേശം വിതറി. 23 പന്തിൽ 61 റൺസാണ് ദുബെ നേടിയത്. രണ്ട് ഫോറും ഏഴ് സിക്സും ഉൾപ്പെട്ട തട്ടുപൊളിപ്പൻ ഇന്നിങ്സ്.

ഇന്ത്യ - ന്യൂസിലൻഡ് 4ാം ടി20 | India vs New Zealand 4th T20

ശിവം ദുബെ

നേരത്തെ, ടിം സീഫർട്ടും (36 പന്തിൽ 62) ഡെവൺ കോൺവെയും (23 പന്തിൽ 44) ചേർന്ന് വെടിക്കെട്ട് തുടക്കമാണ് ന്യൂസിലൻഡിനു നൽകിയത്. എന്നാൽ, കോൺവെയെ കുൽദീപും സീഫർട്ടിനെ അർഷ്ദീപും പുറത്താക്കിയ ശേഷം മധ്യ ഓവറുകളിൽ ഗതിവേഗം നിലനിർത്താൻ അവർക്കായില്ല.

16 പന്തിൽ 24 റൺസുമായി ഗ്ലെൻ ഫിലിപ്സ് കത്തിക്കയറിയെങ്കിലും കുൽദീപിനു മുന്നിൽ വീണു. അവസാന ഓവറുകളിൽ ഡാരിൽ മിച്ചൽ (18 പന്തിൽ 39) നടത്തിയ കടന്നാക്രമണമാണ് കിവീസിനെ ഇരുനൂറ് കടത്തിയത്.‌

India vs New Zealand 4th T20

ഗ്ലെൻ ഫിലിപ്സിനെ പുറത്താക്കിയ കുൽദീപ് യാദവിന്‍റെ ആഹ്ളാദം.

ഇന്ത്യക്കായി കുൽദീപ് യാദവും അർഷ്ദീപ് സിങ്ങും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ജസ്പ്രീത് ബുംറയ്ക്കും രവി ബിഷ്ണോയിക്കും ഓരോ വിക്കറ്റ്.

അഭിഷേക് ശർമയുടെ ഓപ്പണിങ് പങ്കാളിയായി മലയാളി വിക്കറ്റ് കീപ്പർ സഞ്ജു സാംസൺ തുടർന്നു. പരുക്കേറ്റ ഇഷാൻ കിഷൻ ടീമിൽ ഉൾപ്പെട്ടില്ല. പകരം ബാറ്ററെ ഉൾപ്പെടുത്താതെ, ഇടങ്കയ്യൻ പേസ് ബൗളർ അർഷ്ദീപ് സിങ്ങിനെയാണ് ഇന്ത്യ പ്ലെയിങ് ഇലവനിൽ ഉൾപ്പെടുത്തിയിരുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com