അക്ഷറും ഇഷാനും പൊരുതി; അഞ്ചാം ഏകദിനത്തിൽ ന‍്യൂസിലൻഡിന് കുഞ്ഞൻ വിജയലക്ഷ‍്യം

ഇന്ത‍്യയ്ക്കെതിരായ അഞ്ചാം ഏകദിന മത്സരത്തിൽ ന‍്യൂസിലൻഡിന് 210 റൺസ് വിജയലക്ഷ‍്യം
India vs new zealand odi series updates

ന‍്യൂസിലൻഡ് ടീം

Updated on: 

മൗണ്ട് മൗംഗനുയി: ഇന്ത‍്യയ്ക്കെതിരായ അഞ്ചാം ഏകദിന മത്സരത്തിൽ ന‍്യൂസിലൻഡിന് 210 റൺസ് വിജയലക്ഷ‍്യം. 42.1 ഓവറിൽ ഇന്ത‍്യ 209 റൺസിന് ഓൾഔട്ടായി. ന‍്യൂസിലൻഡിനു വേണ്ടി ജേക്കബ് ഡഫി, മിച്ചൽ സാന്‍റ്നർ എന്നിവർ മൂന്നും മാത‍്യു ഫിഷർ രണ്ടും മൈക്കൽ ബ്രേസ്‌വെൽ‌, ബ്ലെയർ ടിക്ക്‌നർ എന്നിവർ‌ ഓരോ വിക്കറ്റും വീഴ്ത്തി.

ടോസ് നഷ്ടപ്പെട്ട് ആദ‍്യം ബാറ്റ് ചെയ്ത ഇന്ത‍്യയ്ക്ക് അത്ര ശുഭകരമായ തുടക്കമല്ല ലഭിച്ചത്. ഒന്നാം വിക്കറ്റ് കൂട്ടുകെട്ട് 23 റൺസിൽ അവസാനിച്ചു. 13 പന്തിൽ 7 റൺസുമായി രോഹിത് ശർമയാണ് ആദ‍്യം പുറത്തായത്. പിന്നാലെത്തിയ വിരാട് കോലിക്ക് തിളങ്ങാനായില്ല.

7പന്തിൽ നിന്നും 5 റൺസായിരുന്നു താരത്തിന്‍റെ സമ്പാദ‍്യം. തൊട്ടുപിന്നാലെ തന്നെ ഋതുരാജ് ഗെയ്‌ക്‌വാദും (18) പുറത്തായതോടെ ഇന്ത‍്യ 3 വിക്കറ്റ് നഷ്ടത്തിൽ 34 റൺസെന്ന നിലയിലെത്തി. ആദ‍്യ പവർപ്ലേ പൂർത്തിയാകുമ്പോൾ 3 വിക്കറ്റ് നഷ്ടത്തിൽ 37 റൺസെന്ന നിലയിലായിരുന്നു ടീം. പിന്നീട് നാലാം വിക്കറ്റിൽ ക‍്യാപ്റ്റൻ ശ്രേയസ് അയ്യരും അക്ഷർ പട്ടേലും ചേർന്ന് 50 റൺസ് കൂട്ടുകെട്ടുണ്ടാക്കിയത് ടീമിന്‍റെ റൺസ് ഉയരാൻ സഹായകരമായി.

എന്നാൽ കൂട്ടുകെട്ടിന് അധികം ആയുസുണ്ടായിരുന്നില്ല. ടീം സ്കോർ 86ൽ നിൽക്കെ ക‍്യാപ്റ്റന്‍റെ വിക്കറ്റെടുത്ത് ബ്ലെയർ ടിക്ക്നർ ഇന്ത‍്യൻ ബാറ്റിങ് നിരയെ തകർച്ചയിലേക്ക് തള്ളിവിട്ടു. അക്ഷർ പട്ടേൽ (46) അൽപ്പ നേരം കിവീസ് ബൗളർമാരെ പ്രതിരോധിച്ച് ബാറ്റേന്തിയെങ്കിലും അർധസെഞ്ചുറി നേടാനാവാകാതെ മടങ്ങി. മറുവശത്ത് ഇഷാൻ കിഷൻ ആദ‍്യം കരുതലോടെ നീങ്ങിയെങ്കിലും 46 റൺസിൽ അവസാനിച്ചു താരത്തിന്‍റെ ബാറ്റിങ് പ്രകടനം. ഇരുവരും പിടിച്ചുനിന്നതിനാൽ കൂട്ടത്തകർച്ച ഒഴിവായി. പിന്നീട് ബാറ്റിങ്ങിനിറങ്ങിയവരിൽ നമൻ ധിർ 22 റൺസും മുഹമ്മദ് സിറാജും (നോട്ടൗട്ട്) അർഷ്ദീപ് സിങ്ങും 14 റൺസ് വീതം സംഭാവന നൽകി. ആക്വിബ് നബി (5), യഷ് ഠാക്കൂർ (0) എന്നിവർ നിരാശപ്പെടുത്തി. അതേസമയം, രണ്ടുമാറ്റങ്ങളുമായാണ് ഇന്ത‍്യയും ന‍്യൂസിലൻഡും കളത്തിലിറങ്ങിയിരിക്കുന്നത്. ഇന്ത‍്യയിൽ ഗുർനൂർ ബ്രാറിനും കുൽദീപ് യാദവിനും പകരം മുഹമ്മദ് സിറാജും യഷ് ഠാക്കൂറുമാണ് കളിക്കുന്നത്. ന‍്യൂസിലൻഡിലാകട്ടെ മാറ്റ് ഹെൻറി, കൈൽ ജാമിസൺ എന്നിവർക്കു പകരം ജേക്കബ് ഡഫി, ബ്ലെയർ ടിക്ക്‌നർ എന്നിവരെയാണ് പ്ലെയിങ് ഇലവനിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.