മുഷീർ ഖാന് വീണ്ടും സെഞ്ചുറി; അണ്ടർ 19 ലോകകപ്പിൽ ഇന്ത്യ ന്യൂസിലൻഡിനെ തകർത്തു

ടൂർണമെന്‍റിൽ മുഷീർ ഖാന്‍റെ രണ്ടാം സെഞ്ചുറി, ഇന്ത്യ U19 ന്യൂസിലൻഡിനെ 214 റൺസിനു പരാജയപ്പെടുത്തി.
Musheer Khan scored his second century of the tournament.
Musheer Khan scored his second century of the tournament.

ബ്ലുംഫൊണ്ടെയ്ൻ: അണ്ടർ 19 ലോകകപ്പിൽ ഇന്ത്യ ഉജ്വല പ്രകടനം തുടരുന്നു. ഗ്രൂപ്പ് മത്സരങ്ങൾ എല്ലാം ജയിച്ച് സൂപ്പർ സിക്സിൽ കടന്ന ഇന്ത്യൻ കൗമാര താരങ്ങൾ അവിടെ ആദ്യ മത്സരത്തിൽ ന്യൂസിലൻഡിനെ 214 റൺസിനു കീഴടക്കി.

ടോസ് നഷ്ടപ്പെട്ട് ആദ്യ ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 295 റൺസ് സ്കോർ ചെയ്തു. ന്യൂസിലൻഡിന്‍റെ മറുപടി വെറും 81 റൺസിൽ അവസാനിക്കുകയായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് കഴിഞ്ഞ മത്സരത്തിൽ സെഞ്ചുറി നേടിയ അർഷൻ കുൽക്കർണിയെയാണ് (9) ആദ്യം നഷ്ടമായത്. എന്നാൽ, തുടർന്ന് ഓപ്പണർ ആദർശ് സിങ്ങും മുഷീർ ഖാനും അതിവേഗത്തിൽ സ്കോർ മുന്നോട്ട് നീക്കി. 17.2 ഓവറിൽ ഇന്ത്യ 105 റൺസിലെത്തിയപ്പോഴാണ് ആദർശ് സിങ് (58 പന്തിൽ 52) പുറത്താകുന്നത്.

മുഷീർ ഖാനു പുറമേ പിന്നീട് വന്നവരിൽ ക്യാപ്റ്റൻ ഉദയ് സഹാരനു (57 പന്തിൽ 34) മാത്രമേ ന്യൂസിലൻഡ് ബൗളർമാർക്കു മുന്നിൽ പിടിച്ചുനിൽക്കാനായുള്ളൂ.

ഒരു വശത്ത് മുറയ്ക്ക് വിക്കറ്റ് വീഴുമ്പോഴും ഒരു വശത്ത് റൺ നിരക്ക് താഴാതെ ബാറ്റ് ചെയ്ത മുഷീർ ഖാൻ 126 പന്തിൽ 131 റൺസാണെടുത്തത്. 13 ഫോറും മൂന്നു സിക്സും ഉൾപ്പെട്ട ഇന്നിങ്സ് അവസാനിക്കുന്നത് 47.3 ഓവറിലാണ്.

ആദ്യ ഓവറിൽ തന്നെ രാജ് ലിംബാനി രണ്ട് വിക്കറ്റ് വീഴ്ത്തിയതോടെ ന്യൂസിലൻഡിന്‍റെ തകർച്ച തുടങ്ങി. 19 റൺസെടുത്ത ക്യാപ്റ്റൻ ഓസ്കർ ജാക്സനാണ് അവരുടെ ടോപ് സ്കോറർ. ഇന്ത്യക്കു വേണ്ടി ഇടങ്കയ്യൻ സ്പിന്നർ സൗമി പാണ്ഡെ 19 റൺസിന് നാല് വിക്കറ്റ് വീഴ്ത്തി. ടൂർണമെന്‍റിൽ ഇതുവരെ നാലു മത്സരങ്ങൾ പാണ്ഡെയ്ക്ക് 12 വിക്കറ്റായിക്കഴിഞ്ഞു. സെഞ്ചുറിക്കു പിന്നാലെ രണ്ട് വിക്കറ്റും നേടിയ മുഷീർ ഖാൻ തന്നെയാണ് പ്ലെയർ ഓഫ് ദ മാച്ച്. നമൻ തിവാരിയും അർഷിൻ കുൽക്കർണിയും ഓരോ വിക്കറ്റും നേടി.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com