ഇന്ത്യ - ന്യൂസിലൻഡ് ലോകകപ്പ് ചരിത്രം

ലോകകപ്പ് വേദിയിൽ ഇന്ത്യയും കിവീസും നേർക്കുനേർ പോരാട്ടത്തിനെത്തിയത് അഞ്ച് തവണ. അതിൽ മൂന്ന് വിജയങ്ങളുമായി ന്യൂസിലൻഡ് മുന്നിൽ.
2019 ലോകകപ്പ് സെമി ഫൈനലിൽ റണ്ണൗട്ടായി മടങ്ങുന്ന എം.എസ്. ധോണി | MS Dhoni returns dejected after getting out during 2019 world cup semi final against New Zealand.
2019 ലോകകപ്പ് സെമി ഫൈനലിൽ റണ്ണൗട്ടായി മടങ്ങുന്ന എം.എസ്. ധോണി | MS Dhoni returns dejected after getting out during 2019 world cup semi final against New Zealand.

പീറ്റർ ജയിംസ്

ലോകകപ്പ് വേദിയിൽ ഇന്ത്യയും കിവീസും നേർക്കുനേർ പോരാട്ടത്തിനെത്തിയത് അഞ്ച് തവണ. അതിൽ മൂന്ന് വിജയങ്ങളുമായി ന്യൂസിലൻഡ് മുന്നിൽ തന്നെ. തോൽവികളിൽ ഇന്ത്യക്ക് ഒരിക്കലും മറക്കാൻ സാധിക്കാത്തത് കഴിഞ്ഞ ലോകകപ്പിൽ ഓൾഡ് ട്രാഫഡിൽ നടന്ന സെമിയിലെ പരാജയവും.

5. 2023 ഒക്റ്റോബർ 22

വേദി: ധർമശാല

ജയം: ഇന്ത്യ

ടൂർണമെന്‍റിൽ തോൽവിയറിയാതെയാണ് ഇരുകൂട്ടരും ധർമശാലയിൽ പേരാട്ടത്തിനിറങ്ങിയത്. മത്സരം നാല് വിക്കറ്റിന് ഇന്ത്യ സ്വന്തമാക്കി. വിരാട് കോലി 95 റൺസുമായി മുന്നിൽ നിന്ന് നയിച്ചപ്പോൾ മുഹമ്മദ് ഷമി 5/54 ന്‍റെ ഉഗ്രൻ സ്‌പെല്ലുമായി കിവികളെ എറിഞ്ഞിട്ടു.

4. 2019 ജൂലൈ 9

വേദി: ഓൾഡ് ട്രാഫഡ്

ജയം: ന്യൂസിലൻഡ്

എം.എസ്. ധോണി റണ്ണൗട്ടായപ്പോഴുള്ള ആ വികാരം ഓരോ ഇന്ത്യൻ ക്രിക്കറ്റ് ആരാധകർക്കും നോവായി ഇപ്പോഴും അവശേഷിക്കുകയാണ്. ന്യൂസിലൻഡിനെതിരായ ആ സെമി ഫൈനൽ വിജയിക്കാനുള്ള ഇന്ത്യയുടെ അവസാന പ്രതീക്ഷയായിരുന്നു ധോണി. കിവീസ് മത്സരം 18 റൺസിന് വിജയിക്കുകയും എക്കാലത്തെയും ആവേശകരമായ ലോകകപ്പ് ഫൈനലുകളിലൊന്നിൽ ഇംഗ്ലണ്ടിനെ നേരിടുകയും ചെയ്തു.

3. 2003 മാർച്ച് 14

വേദി: സെഞ്ചൂറിയൻ

ജയം: ഇന്ത്യ

സഹീർ ഖാന്‍റെ 4/42 എന്ന മനോഹരമായ സ്പെല്ലിലൂടെ ഇന്ത്യ കിവീസിനെ 146 റൺസിന് പുറത്താക്കി. മറുപടി ബാറ്റിങ്ങ് തുടങ്ങിയ ഇന്ത്യക്ക് സച്ചിൻ ടെൻഡുൽക്കറെയും വീരേന്ദർ സെവാഗിനെയും തുടക്കത്തിൽ തന്നെ നഷ്ടപ്പെട്ടെങ്കിലും രാഹുൽ ദ്രാവിഡും മുഹമ്മദ് കൈഫും നേടിയ അർധസെഞ്ചുറികളുടെ പിൻബലത്തിൽ ഏഴ് വിക്കറ്റിന് വിജയം സ്വന്തമാക്കി.

2. 1999 ജൂൺ 12

വേദി: നോട്ടിങ്ങാം

ജയം: ന്യൂസിലൻഡ്

1999ലെ ഐസിസി ലോകകപ്പിലെ സൂപ്പർ 8 മത്സരത്തിൽ ഇന്ത്യൻ മുൻനിര തകർന്നപ്പോൾ പിടിച്ചു നിന്നത് അജയ് ജഡേജ മാത്രം (76 റൺസ്). ഇന്ത്യ ഉയർത്തിയ 252 റൺസ് ലക്ഷ്യം മാറ്റ് ഹോണും റോജർ ടുസെയും ഒരുമിച്ച മികച്ച ഇന്നിങ്സിലൂടെ പത്ത് പന്ത് ശേഷിക്കെ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ കിവികൾ മറികടന്നു.

1. 1992 മാർച്ച് 12

വേദി: ഡുനെഡിൻ

ജയം: ന്യൂസിലൻഡ്

ലോകകപ്പ് വേദിയിലെ ആദ്യ മത്സരത്തിലും വിജയം ന്യൂസിലൻഡിനൊപ്പം തന്നെ. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ സച്ചിൻ ടെൻഡുൽക്കറുടെയും മുഹമ്മദ് അസറുദ്ദീന്‍റെയും കരുത്തിൽ 230 റൺസ് നേടിയെങ്കിലും ന്യൂസിലൻഡ് ആറ് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു. മാർക്ക് ഗ്രേറ്റ്ബാച്ചും ആൻഡ്രൂ ജോണും ചേർന്ന് ഇന്ത്യൻ ബൗളർമാരെ ശിക്ഷിച്ച് മത്സരം സ്വന്തമാക്കി. മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഇന്ത്യയുടെ മനോജ് പ്രഭാകർ മാത്രമാണ് മികച്ചു നിന്നത്.

Related Stories

No stories found.
logo
Metro Vaartha
www.metrovaartha.com